സ്വര്‍ണവില 900 രൂപയോളം കൂടി, പൊന്ന് തിളച്ചുമറിയുന്നു; ഞെട്ടിച്ച് ഇന്നത്തെ പവന്‍ വില, തിളങ്ങി വെള്ളിയും
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് 900 രൂപയോളം ഒരു പവന് വര്‍ധിച്ചു. സമീപകാലത്ത് ഒരു ദിവസം മാത്രം ഇത്രയും തുക വര്‍ധിക്കുന്നത് ആദ്യമാണ്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് തീവിലയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. ഇത്രയും വിലയിലേക്ക് സ്വര്‍ണം വളരെ വേഗമെത്തുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
വില കുതിച്ചുയരുമ്പോള്‍ വ്യാപാരികളും ആശങ്കയിലാണ്. ആഭരണ വില്‍പ്പന കുറയുമെന്നതാണ് കാരണം. അതേസമയം, സ്വര്‍ണം ബാര്‍ വില്‍പ്പന നടക്കും. നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നവര്‍ മാത്രമാണ് ബാര്‍ വാങ്ങുക. എന്നാല്‍ ആഭരണം വില്‍പ്പന നടന്നില്ലെങ്കില്‍ വ്യാപാരികള്‍ക്ക് തിരിച്ചടിയാകും. പുതിയ പവന്‍ വില അറിയാം...

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 8230 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 65840 രൂപയും. 880 രൂപയാണ് പവന് കൂടിയത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6770 രൂപയായി വര്‍ധിച്ചു. 90 രൂപയാണ് വര്‍ധിച്ചത്. വെള്ളിയുടെ വിലയും ഇന്ന് കൂടി എന്നതാണ് എടുത്തുപറയേണ്ടത്. 110 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക്.
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില വന്‍ കുതിപ്പാണ് നടത്തുന്നത്. ഔണ്‍സ് സ്വര്‍ണത്തിന് 2986 ഡോളറാണ് പുതിയ വില. കഴിഞ്ഞ ദിവസത്തേക്കാള്‍ രണ്ട് ശതമാനത്തോളം വില വര്‍ധിച്ചു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ പവന്‍ വില 66000ത്തിലേക്ക് അടുക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില കൂടാന്‍ തന്നെയാണ് സാധ്യത.
എന്തുകൊണ്ട് സ്വര്‍ണം വില വര്‍ധിക്കുന്നു?
അമേരിക്കയുടെ പുതിയ നയങ്ങളാണ് വിപണിയില്‍ വന്‍ ഇളക്കമുണ്ടാക്കിയത്. വിപണി അസ്ഥിരമായാല്‍ സുരക്ഷിത നിക്ഷേപം തേടി കൂടുതല്‍ പേരെത്തും. കൂട്ടത്തോടെ സ്വര്‍ണം വാങ്ങാന്‍ ആരംഭിക്കും. ഇതാണ് നിലവിലെ സ്ഥിതി. എല്ലാവരും സ്വര്‍ണം വാങ്ങുന്നതോടെ വില വര്‍ധിക്കും. ഓഹരി വിപണികള്‍ നഷ്ടത്തില്‍ ഓടുന്നതാണ് മറ്റൊരു തിരിച്ചടി. ഓഹരി വിപണിയില്‍ നഷ്ടം നേരിടുമ്പോള്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയും.
അമേരിക്കയും കാനഡയും തമ്മില്‍ ചുങ്കപ്പോര് രൂക്ഷമാണ്. അമേരിക്ക കൂടുതല്‍ സ്വര്‍ണം ഇറക്കുന്നത് കാനഡയില്‍ നിന്നാണ്. കാനഡയുടെ സ്വര്‍ണത്തിനും അമേരിക്ക ചുങ്കം കൂട്ടുമോ എന്ന ആശങ്ക ലോക വിപണിയിലുണ്ട്. ഇതും സ്വര്‍ണവില കയറാന്‍ കാരണമാണ്. സ്വര്‍ണത്തിന് ചുങ്കം വരുമോ എന്ന ആശങ്കയില്‍ അമേരിക്കയിലെ കമ്പനികളും ബാങ്കുകളും സ്വര്‍ണം വാങ്ങുകയാണ്. വിദേശത്തെ അവരുടെ സ്വര്‍ണവും നാട്ടിലേക്ക് എത്തിക്കുന്നത് തുടരുകയാണ്.
ആഗോള തലത്തില്‍ എല്ലാ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. വിപണിയില്‍ സാമ്പത്തിക മാന്ദ്യം വരുമോ എന്ന ചോദ്യവും ശക്തമാണ്. ഇതെല്ലാം നിക്ഷേപകരെ ആശങ്കയിലാക്കുന്നു. എന്നാല്‍ ഇത്തരം ആഗോള വിഷയങ്ങള്‍ക്കിടയില്‍ കുടുങ്ങുന്നത് വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്ന സാധാരണക്കാരാണ്. അവര്‍ ഉയര്‍ന്ന വില നല്‍കേണ്ട സാഹചര്യം വരും. അഡ്വാന്‍സ് ബുക്കിങ് ചെയ്യുക എന്നതാണ് അവരുടെ മുന്നിലുള്ള ഉപായം.












Click it and Unblock the Notifications