66000 ത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണം.. വേഗം വാങ്ങിക്കോ; ഇന്നത്തെ പവന്‍ നിരക്ക് അറിയാം
സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. വിവാഹാവശ്യാര്‍ത്ഥം സ്വര്‍ണാഭരണം എടുക്കാനിരിക്കുന്നവരെ സംബന്ധിച്ച് ആശ്വാസം പകരുന്ന തരത്തിലാണ് സ്വര്‍ണവില താഴ്ന്നിരിക്കുന്നത്. ഈ ആഴ്ചയില്‍ ആദ്യത്തെ നാല് ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഡോളര്‍ ശക്തിപ്പെടുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
ഏഷ്യന്‍ വ്യാപാര സെഷനില്‍ സ്വര്‍ണ വിലയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. ആഗോള സംഭവവികാസങ്ങളും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന താരിഫുകളേയും നിക്ഷേപകര്‍ ഉറ്റുനോക്കുന്നുണ്ട്. ഫെബ്രുവരിയില്‍ നടപ്പിലാക്കിയ സ്റ്റീല്‍, അലുമിനിയം എന്നിവയുടെ നിലവിലുള്ള 25% തീരുവയ്ക്ക് പുറമേയാണ് ഈ താരിഫുകള്‍.

ഇന്ന് സ്വര്‍ണ വിലയില്‍ പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 66160 രൂപയായിരുന്ന പവന്‍ വില ഇന്ന് 65840 ആയി താഴ്ന്നു. മാര്‍ച്ച് 17 ന് ശേഷം ആദ്യമായാണ് സ്വര്‍ണവില 66000 ത്തില്‍ നിന്ന് താഴ്ന്നിരിക്കുന്നത്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8270 രൂപയായിരുന്ന സ്വര്‍ണവില ഇന്ന് 8230 രൂപയായി കുറഞ്ഞു. രണ്ട് ദിവസം കൊണ്ട് പവന്‍ വിലയില്‍ 640 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഈ ഘടകങ്ങള്‍ ഒരുമിച്ച് രാജ്യത്തുടനീളമുള്ള ദൈനംദിന സ്വര്‍ണ്ണ വിലകളെ നിര്‍ണയിക്കുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണം സാംസ്‌കാരികമായും സാമ്പത്തികമായും വളരെ പ്രാധാന്യമുള്ളതാണ്.
പ്രത്യേകിച്ച് വിവാഹങ്ങളും ഉത്സവങ്ങളും പോലുള്ള ആഘോഷങ്ങള്‍ക്ക് ഇത് വളരെ പ്രധാനമാണ്. അതേസമയം തന്നെ സ്വര്‍ണം ഒരു മുന്‍ഗണനയുള്ള നിക്ഷേപ ഓപ്ഷനുമാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങള്‍ക്കൊപ്പം, നിക്ഷേപകരും വ്യാപാരികളും സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വില കൂടിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വിമുഖത കാണിക്കുന്നുണ്ട്.
എന്നാല്‍ വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാതിരിക്കാനും സാധിക്കില്ല. ആഭരണമായാണ് വിവാഹത്തിന് സ്വര്‍ണം വാങ്ങിക്കുന്നത്. ആഭരണമായി സ്വര്‍ണം വാങ്ങിക്കുമ്പോള്‍ പവന്‍വില മാത്രം കൊടുത്താല്‍ മതിയാകില്ല. ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ കൊടുക്കണം. ഇത് പ്രകാരം ഇന്നത്തെ വിലയ്ക്ക് ആഭരണം വാങ്ങാന്‍ 69000-70000 രൂപയെങ്കിലും ചെലവാകും.












Click it and Unblock the Notifications