സ്വര്‍ണവില ഗിയര്‍ മാറ്റി; ആശ്വാസം ഒരു ദിവസം മാത്രം, കുറഞ്ഞതിന്റെ പകുതി കൂടി, പവന്‍ വില
കൊച്ചി: ചൊവ്വാഴ്ച വലിയ തോതില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ആഗോള വിപണിയില്‍ കാര്യമായ വില വ്യത്യാസം വന്നിട്ടില്ല എന്നിരിക്കെയാണ് കേരളത്തിലെ വര്‍ധനവ്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില ആഗോള വിപണിയില്‍ കൂടിയിരുന്നു. പിന്നീട് കുറയുകയും ചെയ്തു. ഇന്നലെ രാവിലെയും ഇന്ന് രാവിലെയുമുള്ള വിലകള്‍ താരതമ്യം ചെയ്താല്‍ പ്രകടമായ വ്യത്യാസമില്ല. എങ്കിലും കേരളത്തില്‍ ഇന്ന് വില വര്‍ധിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചില നീക്കങ്ങളാണ് വിപണിയെ ആശങ്കയിലാക്കിയത്. ജി7 ഉച്ചകോടിയില്‍ നിന്ന് അദ്ദേഹം പൊടുന്നനെ ഇറങ്ങി നാട്ടിലേക്ക് പോന്നത് എന്തോ വലിയ നീക്കം നടത്താനാണ് എന്ന പ്രതീതിയുണ്ടാക്കി. കൂടാതെ ചൈനീസ് അതിര്‍ത്തി മേഖലയില്‍ നിന്നുള്ള യുദ്ധ കപ്പല്‍ ഇറാന്‍ അതിര്‍ത്തിയിലേക്ക് നീക്കി. ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു.

ഇതോടെ അമേരിക്ക പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ നേരിട്ട് ഭാഗമാകാന്‍ പോകുന്നു എന്ന പ്രതീതിയുണ്ടാക്കി. ഇസ്രായേല്‍ മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയായി നല്‍കി. ഇത് വിപണിയില്‍ വലിയ ഇളക്കം സൃഷ്ടിച്ചു. ഇതിന്റെ പ്രതിഫലനമാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയുന്നത്. ഈ സാഹചര്യം കണ്ടാണ് കേരളത്തിലെ വ്യാപാരികള്‍ സ്വര്‍ണവില വര്‍ധിപ്പിച്ചത്. യുദ്ധം ശക്തമാകുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കൂടും.
ഇന്നത്തെ സ്വര്‍ണം, വെള്ളി വില
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 74000 രൂപയാണ് വില. 400 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച 840 രൂപ കുറഞ്ഞിരുന്നു. അതിന്റെ പകുതിയോളം ഇന്ന് വില വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9250 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7590 രൂപയായി. രാജ്യാന്തര സ്വര്‍ണവില 3389 ഡോളറിലെത്തി.
അതേസമയം, സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്നത് വെള്ളിയാണ്. കേരളത്തില്‍ ഗ്രാം വെള്ളിക്ക് 3 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം വെള്ളിക്ക് 118 രൂപയായി വില. അന്തര്‍ദേശീയ വിപണിയിലും വെള്ളിവില കുതിക്കുകയാണ്. ഔണ്‍സിന് 37 ഡോളറിലെത്തി. വൈകാതെ 40 ഡോളറാകും എന്ന് പറയപ്പെടുന്നു. ആവശ്യത്തിന് അനുസരിച്ച് ലഭ്യതയില്ലാത്തതാണ് വെള്ളി വില കൂട്ടുന്നത്.
ഡോളര്‍ സൂചിക 98.70 എന്ന നിരക്കിലാണ്. രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞ് 86.28ലെത്തി. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 77 ഡോളറിലെത്തി. ഇതാണ് രൂപയുടെ മൂല്യം കുറച്ചത്. ഡോളറിന് വേണ്ടി കൂടുതല്‍ രൂപ ചെലവഴിക്കേണ്ടി വരുന്ന സാഹചര്യമാണ്. രാജ്യത്തിന്റെ വിദേശ നാണയ കരുതല്‍ ധനം കുറയ്ക്കാനും ഇടയാക്കുന്നതാണ് എണ്ണവിലയിലെ വര്‍ധനവ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതിയും ചേര്‍ത്ത് 80000 രൂപ വരെ ചെലവ് വരുമെന്നാണ് കരുതുന്നത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ പവന് 72000 രൂപ വരെ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ജ്വല്ലറികള്‍ പഴയ സ്വര്‍ണത്തിന് വില നിശ്ചയിക്കുക. തങ്കം വില കൂടുന്നത് പഴയ സ്വര്‍ണത്തിന്റെ വിലയും കൂട്ടും.












Click it and Unblock the Notifications