സ്വര്‍ണം വീണ്ടും കുതിച്ചു.. പവന്‍ ആഭരണവില 90000 ത്തിലേക്ക്..! ഇന്നത്തെ നിരക്ക് ഇങ്ങനെ
കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് വില കൂടി. രണ്ട് ദിവസമായി രേഖപ്പെടുത്തിയ നേരിയ വിലയിടിവിന് പിന്നാലെയാണ് സ്വര്‍ണം വീണ്ടും മുകളിലേക്ക് കുതിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ രേഖപ്പെടുത്തിയ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ആരോഗ്യകരമായ സ്പോട്ട് ഡിമാന്‍ഡും ഡോളറിന്റെ ബലഹീനതയും ആണ് സ്വര്‍ണത്തിന് ഇന്ന് വില കൂടാന്‍ കാരണം.
അതേസമയം രാജ്യത്ത് ദീപാവലി, ദസറ തുടങ്ങിയ ഉത്സവകാല സീസണിന് തുടക്കമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില അടിക്കടി ഉയരുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. മാത്രമല്ല വിവാഹ സീസണും ആണ്. അതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറിയിരിക്കുന്ന സമയമാണ് ഇത്. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന്‍ വില അറിയാം...

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 10190 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 10205 ല്‍ എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപയാണ് കൂടിയത്. ഇതോടെ ഇന്നലെ 81520 രൂപയായിരുന്ന പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 81640 രൂപയില്‍ എത്തി. സെപ്തംബര്‍ ഒമ്പതിനാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 80000 കടക്കുന്നത്.
അതിന് ശേഷം സ്വര്‍ണവില ക്രമാതീതമായി ഉയര്‍ന്നു. സെപ്തംബര്‍ 16 ന് ഒരു പവന്‍ സ്വര്‍ണത്തിന് 82080 രൂപയായിരുന്നു വില. സ്വര്‍ണത്തിന് ചരിത്രത്തില്‍ രേഖപ്പെടുത്തിയ എക്കാലത്തേയും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. പിന്നീട് കഴിഞ്ഞ രണ്ട് ദിവസവും വിലയില്‍ ഇടിവ് സംഭവിക്കുകയായിരുന്നു. ഇതാണ് ഇന്ന് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. അതേസമയം വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വില വര്‍ധനവ് വലിയ തിരിച്ചടിയാണ്.
വിവാഹത്തിന് ആഭരണമായാണ് സ്വര്‍ണം വാങ്ങിക്കാറുള്ളത്. ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവയെ കൂടാതെ പണിക്കൂലി കൂടി ആഭരണത്തിന് കൊടുക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്. ഡിസൈന്‍ കൂടുന്നതിന് അനുസരിച്ച് പണിക്കൂലിയും വര്‍ധിക്കും. ശരാശരി ഒരു പവന്‍ ആഭരണത്തിന് ഇന്നത്തെ വില അനുസരിച്ച് 86000-87000 രൂപയെങ്കിലും ആകും.
അതേസമയം ആഗോള വിപണിയില്‍ എംസിഎക്സില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയര്‍ന്നു. രാവിലെ 9:05 ഓടെ എംസിഎക്സ് ഗോള്‍ഡ് ഒക്ടോബര്‍ ഫ്യൂച്ചറുകള്‍ 0.32 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 109402 എന്ന നിലയിലായിരുന്നു, അതേസമയം എംസിഎക്സ് സില്‍വര്‍ ഡിസംബര്‍ ഫ്യൂച്ചറുകള്‍ ആ സമയത്ത് ഒരു ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 1,28,365 രൂപഎന്ന നിലയിലായിരുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ യുഎസ് ഡോളര്‍ താഴ്ന്നത് സ്വര്‍ണവിലയെ പിന്തുണയ്ക്കുന്നു. സെപ്റ്റംബര്‍ 17 ന്, യുഎസ് സെന്‍ട്രല്‍ ബാങ്ക് ഫെഡറല്‍ ഫണ്ട് നിരക്കുകള്‍ 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ഈ വര്‍ഷം രണ്ട് നിരക്ക് കുറവുകള്‍ കൂടി ഉണ്ടാകാമെന്ന് സൂചിപ്പിച്ചു. പണലഭ്യതയിലെ ഇളവ്, കേന്ദ്ര ബാങ്ക് വാങ്ങലുകള്‍, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് ഈ വര്‍ഷം സ്വര്‍ണ വിലയെ നയിച്ചത്.
2025 ല്‍ ഇതുവരെ ആഭ്യന്തര സ്‌പോട്ട് സ്വര്‍ണ്ണ വില ഏകദേശം 45 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ സെഷനില്‍, എംസിഎക്‌സ് ഗോള്‍ഡ് ഒക്ടോബര്‍ ഫ്യൂച്ചേഴ്സ് കരാര്‍ 10 ഗ്രാമിന് 1,09,052 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചികയിലെ ശക്തമായ തിരിച്ചുവരവും യുഎസ് 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡുകളും കാരണം ലാഭ ബുക്കിംഗില്‍ 0.70 ശതമാനം നഷ്ടം നേരിട്ടു.












Click it and Unblock the Notifications