ഒറ്റയടിക്ക് 1000 രൂപയുടെ കുതിപ്പ്..! സ്വര്‍ണവില നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പവന്‍ വില 95000 പിന്നിട്ടു. ഇന്നലെ 520 രൂപയാണ് ഒരു പവന് കൂടിയത് എങ്കില്‍ ഇന്ന് ഒറ്റയടിക്ക് 1000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്തെ ചാഞ്ചാട്ടം അവസാനിപ്പിച്ച് സ്വര്‍ണം റെക്കോഡിലേക്ക് കുതിക്കുന്നു എന്ന സൂചനയാണ് പുറത്ത് വരുന്നത്. അങ്ങനെയെങ്കില്‍ സമീപ ദിവസങ്ങളില്‍ തന്നെ സ്വര്‍ണം സര്‍വകാല റെക്കോഡ് തിരുത്തിയേക്കാം.
ആഗോള വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്. ഇത് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. യു എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കുറക്കും എന്ന പ്രതീക്ഷയാണ് സ്വര്‍ണ വിലയെ വലിയ രീതിയില്‍ ഉയര്‍ത്തുന്നത് എന്നാണ് വിലയിരുത്തല്‍. കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ വാങ്ങലും വിലയെ സ്വാധീനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇന്നത്തെ നിരക്കുകള്‍ അറിയാം.

ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 125 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയും ആണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 11755 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11900 ആയി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 94200 രൂപയായിരുന്നത് ഇന്ന് 95200 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്.
ഗ്രാമിന് 9,785 രൂപയായും പവന് 78,280 രൂപയായും ആണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വില 4,219.23 ഡോളറായി ഉയര്‍ന്നു. 62.91 ഡോളറാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്. ഈയാഴ്ച മാത്രം സ്വര്‍ണ വിലയില്‍ 3.6 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അതേസമയം മാസത്തിലെ ആദ്യ ദിനങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടായതിനാല്‍ നവംബറില്‍ ഇതുവരെ 5.2 ശതമാനം ഉയര്‍ച്ചയാണ് സ്വര്‍ണത്തിനുണ്ടായത്.
യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയെ തുടര്‍ന്ന്, കഴിഞ്ഞയാഴ്ച ഇന്ത്യയിലും മറ്റ് ആഗോള ഓഹരി വിപണികളിലും സ്വര്‍ണ വിലയില്‍ ശക്തമായ വാങ്ങല്‍ താല്‍പ്പര്യം പ്രകടമായി. ഇത് തുടര്‍ച്ചയായ നാലാം മാസവും എംസിഎക്സിന്റെ സ്വര്‍ണ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ എത്താന്‍ സഹായിച്ചു. 2026 ഫെബ്രുവരിയിലെ കാലാവധി അവസാനിക്കുന്ന എംസിഎക്സ് സ്വര്‍ണ ഫ്യൂച്ചേഴ്സ് കരാര്‍ വെള്ളിയാഴ്ച 1,932 രൂപ അഥവാ 1.51% ഉയര്‍ന്ന് 10 ഗ്രാമിന് 1,29,599 രൂപയില്‍ എത്തി.
ഒക്ടോബര്‍ 17 ന് 10 ഗ്രാമിന് 1,32,294 രൂപ എന്ന റെക്കോര്‍ഡ് ഉയര്‍ന്ന വിലയില്‍ നിന്ന് ഏകദേശം 2,700 രൂപ അകലെയാണ് ഇപ്പോള്‍ സ്വര്‍ണം വ്യാപാരം നടത്തുന്നത്. കമ്മോഡിറ്റി മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, ആഗോള ഓഹരി വിപണികളില്‍ ഇന്ന് സ്വര്‍ണ നിരക്ക് ഒരു ഉയര്‍ച്ച പ്രവണതയിലാണ്, കാരണം അടുത്ത മാസം നടക്കുന്ന യുഎസ് ഫെഡ് യോഗത്തില്‍ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത 87% ആയി ഉയര്‍ന്നു.
യുഎസ് ഡോളര്‍ നിരക്കുകളിലെ ഇടിവും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മൂലമുണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതത്വവും സ്വര്‍ണ്ണ വില കുതിച്ചുയരുന്നതിന് പിന്തുണ നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അതേസമയം ഇന്ത്യയില്‍ ഇപ്പോള്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറെയുള്ള സമയമാണ്. നവംബര്‍ ആദ്യത്തിനും ഡിസംബര്‍ മധ്യത്തിനും ഇടയില്‍ ഏകദേശം 45-50 ലക്ഷം വിവാഹങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ആഭ്യന്തര ഭൗതിക വിപണിയെ പിന്തുണയ്ക്കുന്നു എന്ന് എസ്എസ് വെല്‍ത്ത്‌സ്ട്രീറ്റ് മേധാവി പറഞ്ഞു.












Click it and Unblock the Notifications