സ്വര്‍ണം ഇനി ചില്ലറ ഇടപാടല്ല; 18 കാരറ്റ് പോലും മുക്കാല്‍ ലക്ഷത്തില്‍, അറിയാം ഇന്നത്തെ പവന്‍ വില
കൊച്ചി: സ്വര്‍ണവിലയില്‍ കുതിച്ചുചാട്ടം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തില്‍ താഴെ ആയിട്ടുള്ളൂ. ഓരോ ദിവസവും ആയിരവും അഞ്ഞൂറുമെല്ലാം കയറിയും ഇറങ്ങിയും ഇപ്പോള്‍ 90000ത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 920 രൂപയും. എന്നാല്‍ എപ്പോഴെങ്കിലും വില കുറയുമ്പോള്‍ നേരിയ മാറ്റം മാത്രമാണ് കാണുന്നത്.
22 കാരറ്റ് സ്വര്‍ണമാണ് മലയാളികള്‍ സാധാരണ വാങ്ങാറുള്ളത്. ജ്വല്ലറി വ്യാപാരികള്‍ വില പ്രദര്‍ശിപ്പിക്കുന്നതും ഈ സ്വര്‍ണത്തിന്റേത് തന്നെ. എന്നാല്‍ അടുത്ത കാലത്ത് 18 കാരറ്റ് സ്വര്‍ണം ജനപ്രിയമായിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ 18 കാരറ്റില്‍ അഭയം തേടി എന്നതാണ് സത്യം. മൂല്യം കുറഞ്ഞ സ്വര്‍ണമാണ് എന്നറിഞ്ഞിട്ടും ആളുകള്‍ 18 കാരറ്റ് വാങ്ങാന്‍ തുടങ്ങി. എന്നാല്‍ ആ സ്വര്‍ണത്തിന് വില മുക്കാല്‍ ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നു.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 89480 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11185 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9200 രൂപയായി. ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 73600 രൂപ വേണ്ടി വരും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7170 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4640 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളി വില ഒരു രൂപ ഉയര്‍ന്ന് ഗ്രാമിന് 161 രൂപയിലെത്തി.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4000 ഡോളറിലേക്ക് അടുക്കുകയാണ്. 3975 വരെ ഉയര്‍ന്ന ശേഷം 3960ലേക്ക് ഇടിഞ്ഞെങ്കിലും വീണ്ടും ഉയരുകയാണ് വില. അതുകൊണ്ടുതന്നെ അധികം വൈകാതെ 4000 കടന്ന് കുതിക്കും. ഈ വേളയില്‍ കേരളത്തില്‍ 90000 കടന്നു വില മുന്നേറുകയും ചെയ്യും. എന്നാല്‍ പിന്നീട് വിലയില്‍ ചില മാറ്റങ്ങള്‍ വരുമെന്നാണ് പ്രവചനങ്ങള്‍. അല്‍പ്പം ഇടിവ് വരുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.
ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍...
ഡോളര്‍ സൂചിക നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. അമേരിക്കയില്‍ ഭരണസ്തംഭനം തുടരവെയാണ് ഡോളര്‍ മൂന്നേറ്റം നടത്തുന്നത് എന്നതും എടുത്തു പറയണം. 98.18 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 88.76 എന്ന നിരക്കിലാണുള്ളത്. വലിയ ഇടിവില്‍ നിന്ന് കരകയറാന്‍ സ്വര്‍ണത്തിന് സാധിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.
നാല് ദിവസത്തിനിടെ കേരളത്തില്‍ സ്വര്‍ണത്തിന് 3000 രൂപയോളം വര്‍ധിച്ചു എന്നതാണ് എടുത്തു പറയേണ്ട മാറ്റം. ഈ മാസം മൂന്നിന് 86560 രൂപയായിരുന്നു പവന്‍ വില ഇന്ന് 89480 രൂപയും. 80 രൂപ കൂടി വര്‍ധിച്ചാല്‍ 3000 രൂപയിലെത്തും. ഇത്രയും കുറഞ്ഞ സമയത്തിനകം വലിയ മുന്നേറ്റം നടത്തുന്നത് സ്വര്‍ണം മാത്രമാണ്. സമാനമായ മറ്റൊരു മുന്നേറ്റം ക്രിപ്‌റ്റോ കറന്‍സികളിലും കാണുന്നു. ബിറ്റ് കോയിന്‍ വില ഒന്നേകാല്‍ ലക്ഷം ഡോളര്‍ കടന്നു.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 97000 രൂപ ചെലവ് വരും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാകും. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് മാര്‍ക്കറ്റ് വിലയില്‍ നിന്ന് വലിയ കുറവില്ലാത്ത തുക കൈയ്യില്‍ കിട്ടും. നേരത്തെ ആഭരണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ വില്‍ക്കുന്നതാണ് നല്ലത്. മറ്റു ജ്വല്ലറികളില്‍ വിപണി വിലയില്‍ നിന്ന് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറവ് വരുത്തിയേക്കും.












Click it and Unblock the Notifications