ഒരു പവന്റെ സ്വര്‍ണാഭരണത്തിന് 80000 രൂപ! കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില കേട്ടോ?
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ ആയിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ആഗോള സമ്പദ് വ്യവസ്ഥകളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ എല്ലാ ഗുണവും പ്രയോജനപ്പെടുത്താന്‍ സ്വര്‍ണത്തിന് സാധിക്കുന്നില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനാലാണ് സ്വര്‍ണത്തിന് ചാഞ്ചാട്ടം തുടരുന്നത്.
ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അയവ് വന്നെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയും സെന്‍ട്രല്‍ ബാങ്കുകളുടെ സ്വര്‍ണം വാങ്ങിക്കൂട്ടലും സ്വര്‍ണത്തിന്റെ ആകര്‍ഷണം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ സ്വര്‍ണത്തിന് സമാനമായി വെള്ളിയും വരുമാനം നല്‍കാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ കളം മാറ്റി ചവിട്ടുന്നുണ്ട് എന്നാണ് വിവരം. ഇന്നത്തെ സ്വര്‍ണ വില എത്രയാണെന്ന് എന്ന് നോക്കാം.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 9155 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9145 രൂപയിലേക്ക് എത്തി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 73240 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. അതില്‍ നിന്ന് 80 രൂപ കുറഞ്ഞ് 73160 എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം വ്യാപാരം നടത്തുന്നത്.
വില കുറഞ്ഞെങ്കിലും സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കുറവല്ല ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ വില അനുസരിച്ച് ഒരു പവന്റെ ആഭരണം വാങ്ങാന്‍ 78000 രൂപയോളം ചെലവാകും. പവന്‍ സ്വര്‍ണത്തിന്റെ വില മാത്രമാണ് 73160 രൂപ. എന്നാല്‍ ഈ വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാനാകില്ല. സ്വര്‍ണത്തിന് മൂന്ന് ശതമാനമാണ് ഇന്ത്യയില്‍ ജി എസ് ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് പ്രകാരം 2194 രൂപയായിരിക്കും ഇന്നത്തെ ജി എസ് ടി നിരക്ക്. ഇതിനൊപ്പം ഹാള്‍മാര്‍ക്കിംഗ് നിരക്കായ 57 രൂപയും ചേര്‍ക്കും. അതായത് ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ ചുരുങ്ങിയത് 75000 രൂപയെങ്കിലും വേണം. എന്നാല്‍ ആഭരണം വാങ്ങിക്കാന്‍ ഇതും മതിയാകില്ല. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ അതിന്റെ പണിക്കൂലി കൂടി ഈടാക്കും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി നിശ്ചയിക്കുന്നത്.
ഉയര്‍ന്ന ഡിസൈനിലുള്ള ആഭരണത്തിന് പണിക്കൂലി കൂടുതലായിരിക്കും. മിക്ക ജ്വല്ലറികളും അഞ്ച് ശതമാനം പണിക്കൂലിയാണ് ശരാശരി ഡിസൈനുള്ള ആഭരണത്തിന് ഈടാക്കുന്നത്. ഇന്നത്തെ വിലയ്ക്ക് അത് ചുരുങ്ങിയത് 3600 രൂപയെങ്കിലും വരും. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ വിലയ്ക്ക് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങിക്കാന്‍ 80000 രൂപയ്ക്ക് അടുത്തെങ്കിലും ചെലവാകും ( 73160+2194+3600+57= 79011 ).
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാകുന്ന നിരക്കല്ല. എന്നാല്‍ ഇപ്പോഴും ഭൂരിഭാഗം കുടുംബങ്ങളിലും സ്വര്‍ണം ഒരു അവശ്യവസ്തുവാണ് എന്നതും തള്ളിക്കളയാനാകില്ല. ആഭരണം, നിക്ഷേപം എന്നതിനൊപ്പം തന്നെ ഇന്ത്യയിലെ കുടുംബങ്ങളില്‍ സ്വര്‍ണത്തിന് സാംസ്‌കാരിക പ്രാധാന്യം ഉണ്ട് എന്നതിനാലാണ് ഇത്. അതേസമയം സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജ്വല്ലറികളിലെ പ്രീ ബുക്കിംഗ് / അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്താം.
സ്വര്‍ണം നേരത്തെ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന രീതിയാണ് ഇത്. ഇതുവഴി സ്വര്‍ണവിലയിലെ അപ്രതീക്ഷിത വര്‍ധനവില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് രക്ഷപ്പെടാം. ബുക്ക് ചെയ്തതിന് ശേഷം സ്വര്‍ണ വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് ഈ പദ്ധതി വഴി ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങിക്കാം. ഇനി വില കുറഞ്ഞാല്‍ കുറഞ്ഞ വില കൊടുത്താല്‍ മതി.












Click it and Unblock the Notifications