സ്വര്‍ണവില കുറഞ്ഞു; താഴ്ന്ന കാരറ്റ് ആഭരണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടത്, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ റെക്കോര്‍ഡ് നിരക്കിലുള്ള സ്വര്‍ണവിലയില്‍ ഇന്ന് അല്‍പ്പം കുറവ്. വര്‍ധിക്കുമ്പോള്‍ വലിയ നിരക്കിലുള്ള മാറ്റം സംഭവിക്കുന്നുണ്ടെങ്കിലും വില താഴുമ്പോള്‍ നേരിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് വെറും 80 രൂപ മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്. അതേസമയം, വില ഉയരാനുള്ള സാഹചര്യങ്ങള്‍ വിപണിയില്‍ നിലനില്‍ക്കുന്നുമുണ്ട്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3643 ഡോളറിലാണുള്ളത്. ഡോളര്‍ സൂചിക 97.62 എന്ന നിരക്കിലാണ്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 88.27 ആയി. സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ പരിശോധിക്കുന്ന ഘടകങ്ങളാണിതെല്ലാം. രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയും ഡോളര്‍-രൂപ മൂല്യവും ഒത്തുനോക്കിയാണ് ഓരോ ദിവസവും സ്വര്‍ണവില പ്രഖ്യാപിക്കുക.

കേരളത്തില്‍ പ്രചാരണത്തിലുള്ള സ്വര്‍ണം 22 കാരറ്റാണ്. ഇതിന്റെ വിലയാണ് എല്ലാ ജ്വല്ലറികളിലും ബോര്‍ഡുകളില്‍ പ്രദര്‍ശിപപ്പിക്കുക. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 10190 രൂപയും പവന് 80 രൂപ കുറഞ്ഞ് 81520 രൂപയുമായി. ഈ സ്വര്‍ണം ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ വില 88000 രൂപയോളം വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്.
കുറഞ്ഞ കാരറ്റിലുള്ള ആഭരണം വാങ്ങുമ്പോള്‍
സ്വര്‍ണവില കുതിച്ച സാഹചര്യത്തില്‍ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ വിപണിയില്‍ നിറയുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 8370 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6520 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4205 രൂപയുമാണ്. 24, 22 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവാണെങ്കിലും ഇത്തരം സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
24 കാരറ്റില്‍ ആഭരണം ലഭിക്കില്ല. ബാര്‍, കോയിന്‍ എന്നിവ ലഭിക്കും. അതേസമയം, 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും കിട്ടും. എന്നാല്‍ ഇതിന് താഴേക്കുള്ള കാരറ്റുകളില്‍ ആഭരണങ്ങള്‍ മാത്രമേ കിട്ടൂ. കാരറ്റ് താഴുമ്പോള്‍ സ്വര്‍ണത്തിന്റെ അംശം കുറയുകയും ചെമ്പ് പോലുള്ള ലോഹങ്ങളുടെ കൂട്ട് വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടാണ് വില കുറയുന്നത്.
18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണമുള്ളത്. 14 കാരറ്റില്‍ 58 ശതമാനമേ സ്വര്‍ണമുള്ളൂ. 9 കാരറ്റില്‍ 37.5 ശതമാനവും. ബാക്കി മറ്റു ലോഹങ്ങള്‍ കൂട്ടുന്നത് കൊണ്ട് കരുത്തു കൂടുമെങ്കിലും ഒളി മങ്ങാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, കുറഞ്ഞ കാരറ്റിലെ സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലി 22 കാരറ്റിനെ അപേക്ഷിച്ച് കൂടുതലാണ്. വലിയ തൂക്കത്തിലുള്ള ആഭരണങ്ങള്‍ ഈ കാരറ്റുകളില്‍ കുറവാണ്. പകരം ലൈറ്റ് വെയ്റ്റ് ആയ ഡെയ്‌ലി യൂസ് ആഭരണങ്ങളാണ് കൂടുതല്‍.
എല്ലാ ജ്വല്ലറികളിലും കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ ലഭ്യമല്ല. ആവശ്യക്കാര്‍ കൂടുന്നത് കൊണ്ട് പ്രധാന ബ്രാന്റഡ് ജ്വല്ലറികൡലെല്ലാം താഴ്ന്ന കാരറ്റിലുള്ള ആഭരണങ്ങള്‍ ലഭിക്കുമെങ്കിലും ഗ്രാമങ്ങളിലെ ജ്വല്ലറികളില്‍ കുറവാണ്. ആവശ്യക്കാര്‍ വന്നാല്‍ മോഡല്‍ ചോദിച്ചറിഞ്ഞ ശേഷം പിന്നീട് എത്തിക്കുകയാണ് ചെയ്യുക. ഇതിന് പണിക്കൂലി കൂടുതലായി ഈടാക്കുന്നു എന്നും ഉപഭോക്താക്കള്‍ പറയുന്നു.












Click it and Unblock the Notifications