സ്വർണ വിലയില്‍ ഒടുവില്‍ വർധനവ്: പക്ഷെ പേടിക്കാനൊന്നുമില്ല, സംശയിക്കാതെ ജ്വല്ലറിയിലേക്ക് വിട്ടോളൂ..
കൊച്ചി: സമീപ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ സെപ്റ്റംബർ 26 മുതല്‍ സ്വർണ വില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനും മുമ്പ് സെപ്റ്റംബ്ർ 23 ന് മാത്രമാണ് വിലയില്‍ അല്‍പ്പം വർധനവ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ 12 ദിവസങ്ങള്‍ക്ക് ശേഷം സ്വർണ വിലയില്‍ വർധനവ് ഉണ്ടായിരിക്കുകയാണ്.
നേരിയ വർധനവ് മാത്രമാണ് ഇന്ന് സ്വർണത്തില്‍ ഉണ്ടായിരിക്കുന്നത്. പവന് 80 രൂപയുടെ വർധനവ് ഇന്ന് രേഖപ്പെടുത്തി. ഇതോടെ വില 42,000 ത്തിലേക്ക് വീണ്ടുമെത്തി. കഴിഞ്ഞ ദിവസം 41920 രൂപയായിരുന്നു പവന് ഈടാക്കിയിരുന്നത്. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് 5250 എന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ ദിവസം 5240 ആയിരുന്ന നിരക്ക്. 22 കാരറ്റ് സമാനമായി 24 കാരറ്റിലും വർധനവ് ഉണ്ടായി. പവന് 56 രൂപയാണ് 24 കാരറ്റിന് വർധിച്ചിരിക്കുന്നത്.

വിലയില്‍ അല്‍പ്പം വർധനവ് ഉണ്ടായെങ്കിലും സമീപ മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നും വില്‍പ്പന തുടരുന്നത് എന്നതാണ് ആശ്വാസം. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴും വില്‍പ്പന നടക്കുന്നത്. വില കുറഞ്ഞതോടെ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് കച്ചവടക്കാരും വ്യക്തമാക്കുന്നു.
ഇന്നലെ വരെയുള്ള പത്ത് ദിവസങ്ങളില്‍ 2040 രൂപയുടെ കുറവാണുണ്ടായത്. 240 രൂപയുടെ കുറവോടെ ഒരു പവന്‍ സ്വർണത്തിന് 42680 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞമാസം വിപണി ക്ലോസ് ചെയ്തത്. ഒക്ടോബ എന്നാല്‍ തുടർന്നുള്ള നാല് ദിവസങ്ങളില്‍ വില വലിയ തോതില്‍ ഇടിഞ്ഞു. രണ്ടാം തിയതി 120 രൂപയാണ് കുറഞ്ഞതെങ്കില്‍ മൂന്ന് കുറഞ്ഞത് 480 രൂപയായിരുന്നു. നാലിന് വിലയില്‍ മാറ്റമില്ലാതെ തുടർന്നെങ്കില്‍ അഞ്ചാം തിയതി വീണ്ടും 160 രൂപ കുറഞ്ഞു.
അന്താരാഷ്ട്ര വിപണയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ആഗോള വിപണിയില്‍ 1,826.45 ഡോളറിലായിരുന്നു ഇന്നലത്തെ വ്യാപാരം. അതേസമയം, സംസ്ഥാനത്ത് 45000 രൂപയ്ക്ക് ഒരു പവന്‍ ആഭരണം വാങിക്കാന്‍ കഴിയുമെന്നാതാണ് ശ്രദ്ധേയം. പവന്‍ വിലയോടൊപ്പം അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ പണിക്കൂലി എന്നിവ കൂട്ടിയാലാണ് ഈ നിരക്കിലേക്ക് എത്തുക. പണിക്കൂലി അനുസരിച്ച് ആഭരണങ്ങളുടെ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാവാം.












Click it and Unblock the Notifications