റെക്കോഡിലേക്ക് കുതിച്ച് സ്വര്‍ണവില.. ഒരു പവന്‍ ആഭരണത്തിന് 78000 രൂപ!
കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്ന് തന്നെ. ഇന്നലെ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇന്നും സ്വര്‍ണം വ്യാപാരം നടത്തുന്നത്. ചൈന - യു എസ് വ്യാപാര ഉടമ്പടിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതും യു എസിലെ പ്രത്യേക സാഹചര്യങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത് മഞ്ഞ ലോഹത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ആഗോള സാമ്പത്തിക രംഗത്ത് വീണ്ടും അനിശ്ചിതത്വം രൂപപ്പെടുന്നു എന്ന ആശങ്കയാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. ആഗോള സ്വര്‍ണ വിപണിയിലെ വില നിലവാരം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. മേയ് മാസത്തില്‍ ചാഞ്ചാടിയിരുന്ന സ്വര്‍ണ വില ജൂണ്‍ മാസത്തിലെ ആദ്യ നാളുകളില്‍ തന്നെ മുകളിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം.

ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ 9130 രൂപയാണ് കൊടുക്കേണ്ടത്. ഒരു പവന്‍ സ്വര്‍ണത്തിന് 73040 രൂപയാണ് ഇന്നത്തെ വില. ഇതിന് മുന്‍പ് സ്വര്‍ണവില 73000 പിന്നിട്ടത് മേയ് മൂന്നിനായിരുന്നു. അതിന് ശേഷം സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ഇടിവാണ് ഉണ്ടായിരുന്നത്. മേയ് 15 68880 ലേക്ക് പവന്‍ വില ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇതിന് ശേഷം വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണത്തിന് ഉണ്ടായത്.
ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74320 ആണ് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന സ്വര്‍ണ വില. നിലവിലെ സാഹചര്യത്തില്‍ വീണ്ടും റെക്കോഡ് സൃഷ്ടിക്കുന്നതിലേക്കാണ് സ്വര്‍ണ വില കുതിക്കുന്നത് എന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ വിവാഹ സീസണ്‍ അവസാനിച്ചതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അലങ്കാരം എന്നതിനേക്കാളുപരി എല്ലാവരും സ്വര്‍ണത്തെ നിക്ഷേപ മാര്‍ഗമായാണ് കാണുന്നത്.
സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് സ്വര്‍ണം സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. അതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡിന് കുത്തനെ ഇടിവ് ഒരുകാലത്തും ഉണ്ടാകാറില്ല. അതേസമയം ആഭരണമായി സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം സ്വര്‍ണ വിലയിലെ ഈ വര്‍ധനവ് വലിയ വെല്ലുവിളിയാണ്. കാരണം ആഭരണത്തിന് സ്വര്‍ണത്തിന്റെ വില മാത്രം കൊടുത്താല്‍ പോര.
ഇന്നത്തെ വില അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73040 രൂപയാണ്. എന്നാല്‍ ഈ വിലയ്ക്ക് ഒരു പവന്റെ ആഭരണം കിട്ടില്ല. ആഭരണത്തിന് പണിക്കൂലി കൂടി ജ്വല്ലറികള്‍ ഈടാക്കാറുണ്ട്. ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്. കൂടിയ ഡിസൈന്‍ ഉള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലിയും കൂടും. കുറഞ്ഞ ഡിസൈന്‍ ആണെങ്കില്‍ അതിന് അനുസരിച്ച് പണിക്കൂലിയും കുറവായിരിക്കും.
ഇത് കൂടാതെ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ കൂടി കൊടുത്താലെ സ്വര്‍ണം വാങ്ങിക്കാന്‍ ആകൂ. ഈ നിലയ്ക്ക് ഇന്നത്തെ വില അനുസരിച്ച് ഒരു പവന്റെ സ്വര്‍ണം വാങ്ങിക്കാന്‍ 78000 രൂപയെങ്കിലും ചെലവാകും. അതേസമയം സ്വര്‍ണം ഒരുപാട് വാങ്ങേണ്ട ആവശ്യമുള്ളവര്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ലാഭകരം.
ഒരു ചെറിയ തുക അടച്ച് സ്വര്‍ണം നേരത്തെ ബുക്ക് ചെയ്താല്‍, ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പദ്ധതിയാണിത്. അതിന് ശേഷം വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിക്കാം. ഇനി വില കുറയുകയാണെങ്കില്‍ കുറഞ്ഞ വില കൊടുത്താല്‍ മതി എന്നതാണ് ഈ പദ്ധതിയുടെ നേട്ടം.












Click it and Unblock the Notifications