സ്വര്‍ണവില നിശ്ചലം; വില ഇടിയാന്‍ വഴിയൊരുങ്ങി, കൂടുതല്‍ കാലം പ്രതീക്ഷിക്കേണ്ട, ഇന്നത്തെ പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. വിപണിയില്‍ സമീപ ദിവസങ്ങളില്‍ വില കുറയാനും പിന്നീട് തിരിച്ചു കയറാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഇനിയും പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ ഈ മാസം പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്വര്‍ണവില ചുരുങ്ങിയ കാലയളവില്‍ വില കുറയുമെന്നാണ് ജ്വല്ലറി വ്യാപാരികളും പ്രതീക്ഷിക്കുന്നത്. എന്നാല്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടെന്നും വീണ്ടും തിരിച്ചുകയറുമെന്നുമാണ് കെജിഎസ്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറയുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും വിപണിയില്‍ അനിശ്ചിതത്വത്തിന് കാരണമാണ്.

കേരളത്തില്‍ ഇന്നത്തെ പവന്-ഗ്രാം വില
22 കാരറ്റ് ഗ്രാം വില 13710, പവന് വില 109680
18 കാരറ്റ് ഗ്രാം വില 11265, പവന് വില 90120
14 കാരറ്റ് ഗ്രാം വില 8775, പവന് വില 70200
9 കാരറ്റ് ഗ്രാം വില 5660, പവന് വില 45280
വെള്ളി ഗ്രാം വില 235.
രാജ്യാന്തര വിപണിയില്‍ ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4137 ഡോളറാണ് വില. ക്രൂഡ് ഓയില്‍ ബാരല്‍ വില 102 ഡോളറിന് മുകളിലാണ്. ഡോളര്‍ സൂചികയും 102ന് മുകളില്‍ നില്ക്കുന്നു. ഇന്ത്യന്‍ രൂപ തകര്‍ന്നടിയുകയാണ്. ഡോളറിനെതിരെ 96.74 എന്ന നിരക്കിലാണ് ഇന്ന് രൂപയുള്ളത്. രൂപ ഇത്രയും ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ വലിയ തിരിച്ചടിക്ക് കാരണമാകും. രൂപ കരുത്ത് കൂടിയാല്‍ സ്വര്‍ണവില കുറയും.
ഈ മാസത്തെ ആദ്യ ആഴ്ചയില്‍ ഏറിയും കുറഞ്ഞും വലിയ വില മാറ്റമില്ലാതെയാണ് സ്വര്‍ണം മുന്നോട്ട് പോയത്. ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 110200 രൂപയാണ്. ഏറ്റവും കുറവ് 109280 രൂപയും. ഈ വിലയില്‍ എത്തിയ ശേഷം പതിയെ ഉയര്‍ന്ന് ഇന്നത്തെ വിലയില്‍ എത്തുകയാണ് ചെയ്തത്. ആര്‍ബിഐ ഇന്നലെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഇനിയും പലിശ നിരക്ക് ഉയര്‍ത്തുമെന്നും എന്നാല്‍ ഈ മാസം അതുണ്ടാകില്ലെന്നും പറയപ്പെടുന്നു.
പലിശ ഉയര്‍ത്തുമ്പോള്‍ നിക്ഷേപ വരുമാനം കൂടും. സ്വര്‍ണം വിട്ട് ബാങ്കുകളിലേക്ക് നിക്ഷേപകര്‍ പോകും. ഇത് സ്വര്‍ണവില ഇടിയുന്നതിന് കാരണമാകും എങ്കിലും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും പശ്ചിമേഷ്യയിലെ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്ക്കുന്നതും ഉയര്‍ന്ന പണപ്പെരുപ്പവും മറിച്ച് സംഭവിക്കാനും വഴിയൊരുക്കുന്ന ഘടകങ്ങളാണ്.


Click it and Unblock the Notifications
