സ്വര്‍ണവില കുത്തനെ കൂടി; കേരളത്തില്‍ രണ്ട് വില, ഉപഭോക്താക്കളില്‍ അങ്കലാപ്പ്, ഇന്നത്തെ പവന്‍ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. പല ജ്വല്ലറികളിലും പല വിലയാണ് രേഖപ്പെടുത്തുന്നത്. സ്വര്‍ണ വ്യാപാരികള്‍ക്കിടയിലെ ഭിന്നതയാണ് രണ്ട് വിലയ്ക്ക് കാരണം. ഇതോടെ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലായി. ഏത് ജ്വല്ലറികളില്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നാണ് അവരുടെ ചോദ്യം. പല നഗരങ്ങളിലും രണ്ട് വിലയിലുള്ള സ്വര്‍ണവും ലഭിക്കും.
സാധാരണ കേരളത്തില്‍ ഒരു വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്. അടുത്തിടെയാണ് വ്യാപാരികളുടെ സംഘടനയില്‍ ഭിന്നതയുണ്ടായതും രണ്ട് വില ഇടാക്കാന്‍ തുടങ്ങിയതും. ദേശീയ തലത്തില്‍ സ്വര്‍ണത്തിന് ഒരു വില ഈടാക്കാനുള്ള നീക്കങ്ങള്‍ നടന്നുവരവെയാണ് കേരളത്തില്‍ പലവില രേഖപ്പെടുത്തുന്നത്. രണ്ട് വില സംബന്ധിച്ചും വിശദീകരിക്കാം...

22 കാരറ്റ് സ്വര്‍ണം പവന് 64400 രൂപയായി വര്‍ധിച്ചു എന്നാണ് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികള്‍ അറിയിച്ചത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8050 രൂപയായി എന്നും അവര്‍ പറയുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6630 രൂപയായി കൂടി എന്നും വെള്ളിയുടെ ഗ്രാം വില 106ല്‍ തുടരുകയാണെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ഇതിനേക്കാള്‍ കൂടുതലാണ് മറ്റൊരു വിഭാഗം പുറത്തുവിട്ട കണക്ക്.
ഇവരുടെ കണക്ക് പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് 64520 രൂപയാണ്. നേരത്തെ പറഞ്ഞ കണക്കിനേക്കാള്‍ 120 രൂപ കൂടുതലാണ് ഇവരുടേത്. ഗ്രാമിന് 55 രൂപ വര്‍ധിച്ചു എന്നാണ് ഇവര്‍ അറിയിച്ചത്. വ്യാപാരികള്‍ക്കിടയില്‍ അനുനയ നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും വിജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും വ്യത്യസ്ത സ്വര്‍ണവില പ്രതീക്ഷിക്കാം.
മലബാര്‍ ജ്വല്ലറിയിലെ വില
അതേസമയം, മലബാര്‍ ജ്വല്ലറിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64400 രൂപയും ഗ്രാമിന് 8050 രൂപയുമാണ്. ഇന്ത്യയില്‍ ഉടനീളം ഒരൊറ്റ വിലയിലാണ് ഇവരുടെ വ്യാപാരം. സ്വര്‍ണത്തിന് മാറ്റമില്ലെങ്കിലും വ്യത്യസ്ത വില നല്‍കേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍. സ്വര്‍ണവില നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ്. ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ മൂല്യ നിരക്ക് എന്നിവയാണ് പരിശോധിക്കുക.
ആഗോള വിപണിയില്‍ ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 2911 ഡോളര്‍ ആണ് വില. ഡോളര്‍ മൂല്യം കുറയുന്നതാണ് സ്വര്‍ണവില കയറാന്‍ ഒരു കാരണം. ഇന്ന് 105 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഇന്ത്യന്‍ രൂപ അല്‍പ്പം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 87.13 എന്ന നിരക്കിലാണ് രൂപ. അമേരിക്കയുടെ വ്യാപാര പോരാണ് പുതിയ വിപണി മാറ്റത്തിന് പ്രധാന കാരണം.
ചൈന, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക അധിക ചുങ്കം ചുമത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെയും അധിക ചുങ്കം ചുമത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ വിപണി കൂടുതല്‍ അസ്ഥിരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ആശങ്കയിലാകുന്ന നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയും സ്വര്‍ണവില കൂടുകയും ചെയ്യും.












Click it and Unblock the Notifications