സ്വര്‍ണം റെക്കോര്‍ഡ് നിരക്കില്‍; ആഭരണത്തിന് കൊടുക്കേണ്ടത് ഇത്ര, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു. രാജ്യാന്തര വിപണിയില്‍ വലിയ മുന്നേറ്റം കാഴ്ചവച്ച സ്വര്‍ണം അല്‍പ്പം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഏതു സമയവും തിരിച്ചുകയറിയേക്കാം എന്നാണ് അവസ്ഥ. ഡോളര്‍ നിരക്കില്‍ നേരിയ മുന്നേറ്റം കാണുന്നുണ്ട്. ഉയര്‍ന്ന വില ആയതിനാല്‍ ലാഭമെടുക്കല്‍ തുടരുകയും ചെയ്യുന്നു.
അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന വിശ്വാസത്തിലാണ് വിപണി. അതുകൊണ്ടുതന്നെ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഒരുപക്ഷേ, നേരിയ കുറവുകള്‍ കാണിക്കുമെങ്കിലും പിന്നീട് ഉയരും. ഇന്നത്തെ സ്വര്‍ണവില, ആഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ട വില, ആഭരണം വാങ്ങുമ്പോള്‍ ഉപഭോക്താവ് ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ നോക്കാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 81040 രൂപയാണ്. ബുധനാഴ്ചയുള്ള വിലയില്‍ തുടരുകയാണ്. ഗ്രാമിന് 10130 രൂപ നല്‍കണം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 77640 രൂപയായിരുന്നു. സെപ്തംബര്‍ ഒന്നിനായിരുന്നു ഈ വില. പിന്നീട് ഘട്ടങ്ങളായി മുന്നേറി 3400 രൂപ വര്‍ധിച്ചാണ് ഇന്നത്തെ വിലയില്‍ എത്തിയത്. 10 ദിവസത്തിനിടെയാണ് ഇത്രയും വില കൂടിയത് എന്ന് എടുത്തു പറയണം.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3631 ഡോളറാണ് വില. ഇത് 3660ല്‍ വരെ എത്തിയിരുന്നു. ഈ മാസം വൈകാതെ ഔണ്‍സ് വില 3700 ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ഇന്ന് രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിരിക്കുന്നത്. ഡോളര്‍ സൂചിക 97.85 എന്ന നിരക്കിലും ഇന്ത്യന്‍ രൂപ 88.14 എന്ന നിരക്കിലുമാണുള്ളത്.
ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
സ്വര്‍ണത്തിന്റെ വിലയാണ് ഓരോ ദിവസവും വ്യാപാരികള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത്. പവന്‍ വിലയും ഗ്രാം വിലയും. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ ഈ തുക മതിയാകില്ല. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി നല്‍കണം. കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. സ്വര്‍ണവിലയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. പണിക്കൂലിയുടെ അഞ്ച് ശതമാനവും. മൊത്തം 7000 രൂപ കൂടി ഒരു പവന്‍ ആഭരണത്തിന് അധികം വന്നേക്കും.
ജിഎസ്ടി നിരക്ക് മൂന്നില്‍ നിന്ന് ഒരു ശതമാനമാക്കി കുറയ്ക്കണം എന്നാണ് ജ്വല്ലറി വ്യാപാരികളുടെ ആവശ്യം. ഒരു പവന്‍ സ്വര്‍ണത്തിന് 20000 രൂപയുണ്ടായിരുന്ന വേളയിലെ ജിഎസ്ടി നിരക്കാണ് ഇപ്പോഴും. 2500 രൂപ വരെ ഒരു പവന് ജിഎസ്ടി വരുന്നുണ്ട്. ഇത് ആഭരണ വിപണിക്ക് ദോഷമാണ്. അതുകൊണ്ട് ജിഎസ്ടി നിരക്ക് കുറച്ച് ലക്ഷക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന ആഭരണ വിപണിക്ക് ഉത്തേജനം നല്‍കണം എന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
സ്വര്‍ണം വാങ്ങുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഹാള്‍മാര്‍ക്കിങ് ഉണ്ടോ എന്നാണ്. ജ്വല്ലറിയുടെ പേര്, സ്വര്‍ണത്തിന്റെ തൂക്കം എന്നിവയില്‍ കൃത്യത ലഭിക്കുന്നതിനാണിത്. പണിക്കൂലി കുറയ്ക്കാന്‍ വിലപേശല്‍ നടത്താം. മാത്രമല്ല, ബില്ല് വാങ്ങുകയും സൂക്ഷിക്കുകയും വേണം. പിന്നീട് ഈ സ്വര്‍ണം തിരിച്ചുവില്‍ക്കേണ്ട സാഹചര്യത്തില്‍ ബില്ല് ഉപാകരപ്പെടും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബില്ലിന്റെ പിന്‍വശത്തുണ്ടാകും.












Click it and Unblock the Notifications