സ്വർണം ഒരു പവന് 1.60 ലക്ഷം കൊടുക്കേണ്ടി വരും; നെഞ്ചിടിപ്പ് ഉയർത്തി പ്രവചനം..സ്വർണത്തെ മറക്കേണ്ടി വരും?
സ്വർണ വിലയുടെ കുതിപ്പിന്റെ ഉടൻ അന്ത്യമുണ്ടാകുമോയെന്ന ചോദ്യമാണ് ആഭരണപ്രിയർ ഉയർത്തുന്നത്. നിലവിൽ ആഗോള വിപണിയിൽ സ്വർണം ഔൺസിന് വില 3736 ഡോളറാണ്. കേരളത്തിലാകട്ടെ പവൻ വില 83,920 ൽ എത്തി. ഗ്രാമിന് വില 10490 രൂപയും.
2025 ന്റെ തുടക്കം മുതൽ സ്വർണ വില പിടിവിട്ട് പറക്കുകയാണ്. സെപ്റ്റംബറിൽ മാത്രം സ്വർണ്ണം 9.57 ശതമാനം നേട്ടം കൈവരിച്ചു, ഈ വർഷം ഇതുവരെയുള്ള മൊത്തം വില വർദ്ധന 45 ശതമാനം കടന്നു. ജനുവരിയിൽ 10 ഗ്രാം സ്വർണത്തിന് ഏകദേശം 76,800 രൂപയായിരുന്ന വില സെപ്റ്റംബറിലേക്ക് എത്തിയപ്പോൾ 1,14,000 രൂപ എന്ന റെക്കോർഡ് നിലയിലെത്തി. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വർണത്തിന്റെ പെരുമ ഉയർന്നത് തന്നെയാണ് വില വർധനവിന് കാരണമായത്.

സ്വർണം കുതിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ നോക്കാം
ധനനയ സൂചനകൾ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, കറൻസിയുടെ മൂല്യത്തകർച്ച എന്നിവയെല്ലാം സ്വർണവിലയെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. പ്രധാന കാരണങ്ങളിലൊന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വിന്റെ നയങ്ങളാണ്. പലിശ നിരക്ക് കുറച്ചത് സ്വർണത്തിന് കരുത്തേകി.
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, വ്യാപാര തടസങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവ സ്വർണത്തിനുള്ള സുരക്ഷിത നിക്ഷേപ ആവശ്യം വർദ്ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വികസ്വര രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അവരുടെ കരുതൽ ശേഖരത്തിലേക്ക് സ്വർണം ചേർക്കുന്നത് വർധിപ്പിച്ചിട്ടുണ്ട്. ഇതും വില വർധനവിന് കാരണമായി. .
രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യയിലെ ഉത്സവ, വിവാഹ സീസണുകളിലെ ശക്തമായ ആവശ്യവും ആഭ്യന്തര വിപണിയിൽ സ്വർണവിലയുടെ കുതിപ്പിന് ആക്കം കട്ടി. ഈ സാഹചര്യങ്ങളെല്ലാം കൊണ്ട് തന്നെ വരും ദിവസങ്ങളിലും സ്വർണ വില വർധിക്കുമെന്നാണ് റിലയൻസ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് (കറൻസീസ് & കമ്മോഡിറ്റീസ്) ജിഗർ ത്രിവേദി പറയുന്നത്.
വില എത്രമാത്രം ഉയരും
ഡിസംബറോടെ 10 ഗ്രാം സ്വർണത്തിന് വില 1,25,000 രൂപ മുതൽ 1,30,000 രൂപ വരെ ഉയരാം എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.ഫെഡ് കൂടുതൽ ശക്തമായി നിരക്ക് കുറയ്ക്കുകയും രൂപയുടെ മൂല്യം ഇനിയും ഇടിയുകയും ചെയ്യുന്ന ഒരു ബുള്ളിഷ് സാഹചര്യത്തിൽ, വില 1,40,000 രൂപ മുതൽ 1,50,000 രൂപ വരെ എത്തിയേക്കുമെന്നും അദ്ദേഹം പ്രവചിച്ചു. 10 ഗ്രാമിന് 2,00,000 രൂപ എന്ന വലിയ തുകയിലേക്ക് അടുക്കാനുള്ള സാധ്യതയും ഏറെയാണ്. എന്നാൽ വലിയ നയപരമായ ഇളവുകൾ, ക്രമാതീതമായ പണപ്പെരുപ്പം, അല്ലെങ്കിൽ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ എന്നിവയുൾപ്പെടെയുള്ള അത്യധികം അസ്ഥിരമായ സാഹചര്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കുകയുള്ളൂവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
2 ലക്ഷം രൂപ എന്ന ലക്ഷ്യം ഇപ്പോഴും ഒരു വലിയ ദൂരത്തിലാണെങ്കിലും, അത് അസാധ്യമല്ലെന്നും ത്രിവേദി നിരീക്ഷിച്ചു. വലിയ സംഭവവികാസങ്ങൾ ഇല്ലാതെ തന്നെ സ്വർണ വില 1.25 ലക്ഷം മുതൽ 1.35 ലക്ഷം രൂപ വരെയുള്ള പരിധിയിലേക്ക് അടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2 ലക്ഷത്തിലേക്ക് അടുത്താൽ കേരളത്തിലെ വിലയോ?
കേരളത്തിൽ നിലവിൽ ഒരു പവൻ കൈയ്യിൽ കിട്ടാൻ കുറഞ്ഞത് 90,000 രൂപ കൊടുക്കണം. 2 ലക്ഷത്തിലേക്ക് പത്ത് ഗ്രാമിന് വില ഉയർന്നാൽ കേരളത്തിൽ ഒരു പവൻ വില ഏകദേശം 1,60,000ത്തിലേക്ക് കടക്കും. അതായത് പണിക്കൂലിയും ജി എസ് ടിയും കൂടി ഇതിനൊപ്പം നൽകേണ്ടി വരും. കൈ പൊള്ളുമെന്ന് സാരം.












Click it and Unblock the Notifications