സ്വർണ വില കേരളത്തിൽ ഈ വർഷം 1.20 ലക്ഷം കടക്കില്ല? ആശ്വാസമായി പുതിയ പ്രവചനം
മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങൾക്കും പണപ്പെരുപ്പമടക്കമുള്ള വെല്ലുവിളികൾക്കും ഇടയിലും സ്വർണ വിലകുതിക്കുമെന്ന് ആവർത്തിച്ച് റോയിറ്റേഴ്സ് സർവ്വെ. സെൻട്രൽ ബാങ്കുകളുടെ വർദ്ധിച്ച സ്വർണ്ണ ആവശ്യവും സാമ്പത്തിക അനിശ്ചിതത്വവുമാണ് വിലക്കയറ്റത്തിന് അനുകൂലമായ ഘടകങ്ങളാകുകയെന്ന് സർവ്വെ പറഞ്ഞു.കഴിഞ്ഞ മൂന്നാഴ്ചയായി 31 വിശകലന വിദഗ്ധരിലും വ്യാപാരികളിലുമാണ് സർവ്വെ നടത്തിയത്.
സംഘർഷങ്ങൾ അയയുന്നതോടെ ലോഹവിപണി ശക്തമാകുമെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. 2026-ൽ ഒരു ട്രോയ് ഔൺസ് സ്വർണ്ണത്തിന് 4,916 ഡോളർ ആയിരിക്കും ശരാശരി വില.2012 മുതലുള്ള റോയിട്ടേഴ്‌സ് സർവ്വേകളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വാർഷിക പ്രവചനമാണിത്. മൂന്ന് മാസം മുൻപ് 4,746.50 ഡോളറായിരുന്നു റോയിറ്റേഴ്സ് പ്രവചനം. ഒരു വർഷം മുമ്പ് ഇത് 3,000 ഡോളർ മാത്രമായിരുന്നു.

'യുദ്ധം സമാധാനപരമായി അവസാനിക്കുകയാണെങ്കിൽ, ജനങ്ങളുടെ ആശങ്കകൾ കുറയുന്നതിലൂടെ സ്വർണവില താൽക്കാലികമായി കുറഞ്ഞേക്കാം. എന്നാൽ അതേസമയം, മറ്റ് ചില ഘടകങ്ങൾ വിലയെ താങ്ങായി നിലനിർത്താൻ സാധ്യതയുണ്ട്. നേരത്തെയും അധികവിലയായി കണ്ടിരുന്ന 5,500 ഡോളർ നിലവാരം ഭാവിയിലും അങ്ങനെതന്നെയായിരിക്കും',സ്റ്റോൺഎക്സ് അനലിസ്റ്റ് റോണ ഓ'കോണൽ പറഞ്ഞു
പണപ്പെരുപ്പ സമയത്ത് സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും നിലവിൽ ഈ ധാരണ ചോദ്യം ചെയ്യപ്പെടുകയാണെന്ന് ജൂലിയസ് ബെയറിന്റെ അനലിസ്റ്റ് കാർസ്റ്റൺ മെൻകെ പറഞ്ഞു. ഉയർന്ന ഊർജ്ജവില കാരണം കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തിയാൽ, പലിശ വരുമാനം നൽകാത്ത സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപ്പര്യം കുറയും. യുദ്ധം ആഗോള സാമ്പത്തിക വളർച്ചയെ ദീർഘകാലത്തേക്ക് കാര്യമായി ബാധിക്കില്ല. യു.എസ്. ഫെഡറൽ റിസർവ് ഭാവിയിൽ പലിശനിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷയുണ്ടായാൽ, സ്വർണത്തിനുള്ള ആവശ്യം വീണ്ടും വർദ്ധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സ്വർണ്ണം സ്വന്തമാക്കാനുള്ള സെൻട്രൽ ബാങ്കുകളുടെ പ്രേരണ എന്നത്തേക്കാളും ശക്തമാണ്. മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങൾ ഡോളർ അസറ്റുകളോടുള്ള ദുർബലതാബോധം വർദ്ധിപ്പിക്കുകയേ ഉള്ളൂ. സ്വർണ്ണം നല്ല നിലയിലാണ്, എന്നാൽ മുന്നേറ്റം മിതമായ രീതിയിലായിരിക്കും', സ്വതന്ത്ര അനലിസ്റ്റ് റോസ് നോർമൻ നിരീക്ഷിച്ചു.
2026-ൽ വെള്ളിയുടെ ശരാശരി വില ഔൺസിന് 78 ആയിരിക്കുമെന്നും വിശകലന വിദഗ്ധർ പറയുന്നു. മൂന്നുമാസം മുമ്പ് 79.50 ഡോളറായിരുന്നു പ്രവചനം. നിക്ഷേപ വരവും വ്യാവസായിക ആവശ്യകതയും ഒരുപോലെ സ്വാധീനിക്കുന്ന വെള്ളിയുടെ വില 2025-ൽ 147% വർദ്ധിച്ച് ജനുവരി 29-ന് 121.64 ഡോളർ എന്ന സർവകാല റെക്കോർഡിലെത്തിയ ശേഷം ഏകദേശം 75 ഡോളറിലേക്ക് കുത്തനെ ഇടിഞ്ഞിരുന്നു.
"യുദ്ധം അവസാനിച്ചാൽ 100 ഡോളർ എന്ന നിലയിലേക്ക് വീണ്ടും ഒരു മുന്നേറ്റം ഉണ്ടായേക്കാം, എന്നാൽ അത് താൽക്കാലികമാവാം. 2026-ൽ സൗരോർജ്ജ ആവശ്യകത കുറയുകയാണെങ്കിലും, വിപണിയിൽ ഒരു ഘടനാപരമായ വ്യാവസായിക കമ്മി നിലവിലുണ്ട്, 80 ഡോളർ എന്നത് താരതമ്യേന ഒരു സുസ്ഥിരമായ ഉയർന്ന നിലവാരമായി തോന്നുന്നുണ്ട്," ഓ'കോണൽ പറഞ്ഞു.
കേരളത്തിൽ സ്വർണ വില എന്താകും?
ഒരു ട്രോയ് ഔൺസ് സ്വർണ്ണത്തിന് 4,916 ഡോളർ ആയാൽ ഒരു പവന് കേരളത്തിൽ 1.20 ലക്ഷം വരെയാകും വില. ഈ വർഷം കേരളത്തിൽ വില 2 ലക്ഷം വരെ കടന്നേക്കുമെന്ന് നേരത്തേ ചില പ്രവചനങ്ങൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications