സ്വർണ വില കേരളത്തിൽ പവന് 1.88 ലക്ഷമാകും; ഞെട്ടേണ്ട, വിലയിൽ സംഭവിക്കുക ഇതാണ്, 'ഇനിയൊരു മടങ്ങി വരവില്ല'
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ തുടർന്ന് ഡോളറിന്റെ മൂല്യം ഇടിഞ്ഞതോടെ ('ഡീ-ഡോളറൈസേഷൻ) ആഗോളതലത്തിൽ സ്വർണവില കുതിച്ചുയരുകയാണ്. ഈ ആഴ്ച സ്വർണവില ഒരു ഔൺസിന് 4,000 ഡോളർ കടന്ന് റെക്കോർഡ് ഉയരത്തിലെത്തി. നിലവിൽ 4025 എന്ന നിരക്കിലാണ് വ്യാപാരം. രാജ്യാന്തര വിലയിലെ വർധനവിന്‌റെ ചുവടുപിടിച്ച് ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 12,415 രൂപയാണ് വില. ഇന്നലത്തെ വിലയെക്കാൾ 22 രൂപയുടെ വർദ്ധനവാണ് അധികമായി രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,380 രൂപയാണ് വില. അതേസമയം, 18 കാരറ്റ് സ്വർണത്തിന് 9,311 രൂപയാണ് ഒരു ഗ്രാമിന് വില. കേരളത്തിലും വില കുതിക്കുകയാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 91040 രൂപയും ഗ്രാമിന് 11380 രൂപയുമാണ്. റെക്കോഡ് വർധനവാണിത്.
വ്യാപാരച്ചുങ്കം, യുഎസിന്റെ വ്യാപാരക്കമ്മിയിയിലെ വർദ്ധനവ്, യുഎസ് സ്ഥാപനങ്ങളിലുള്ള വിശ്വാസത്തകർച്ച എന്നിവയെല്ലാമാണ് 'ഡീ-ഡോളറൈസേഷന് (de-dollarization) ആക്കം കൂട്ടുന്നത്. രാജ്യങ്ങൾ കരുതൽ ശേഖരമായും സാമ്പത്തിക ഇടപാടുകളിലും ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനെയാണ് ഡീ-ഡോളറൈസേഷൻ എന്ന് പറയുന്നത്. ഡോളർ ദുർബലമാകുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം കൂടുതൽ താങ്ങാനാവുന്നതായി മാറും.

വില വർധിക്കാനുള്ള കാരണങ്ങൾ
രാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ, യുഎസ് ഡോളറിൻ്റെ മൂല്യത്തകർച്ച, പണപ്പെരുപ്പം എന്നിവയെല്ലാം സ്വർണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നുണ്ട്. യുക്രെയ്ൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സംഘർഷങ്ങളും ട്രംപ് ഭരണകാലത്തെ യുഎസ് സർക്കാരിൻ്റെ അടച്ചുപൂട്ടലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യം കൂട്ടി. ഫ്രാൻസിലെയും ജപ്പാനിലെയും തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള ആഗോള അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും സ്വര്‌ണ .
കേന്ദ്ര ബാങ്കുകൾ, പ്രത്യേകിച്ച് ചൈനയുടെ കേന്ദ്ര ബാങ്ക്, സ്വർണ്ണം വൻതോതിൽ വാങ്ങിക്കൂട്ടുന്നതും സ്വർണത്തിന്‌റെ ആവശ്യകത വർധിപ്പിച്ചു. 2025 സെപ്റ്റംബർ വരെ ചൈന തുടർച്ചയായി 11 മാസമാണ് സ്വർണം കൂടുതലായി വാങ്ങിയത്. ഓരോ പാദത്തിലും ഏകദേശം 710 ടൺ സ്വർണമാണ് ഇത്തരത്തിൽ വാങ്ങിയത്. ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ അപകടസാധ്യതകളെ നേരിടാനും യുഎസ് ഡോളറിൽ നിന്നുള്ള ആശ്രിതത്വം കുറയ്ക്കാനും 95 ശതമാനം കേന്ദ്ര ബാങ്കുകളും തങ്ങളുടെ കരുതൽ ശേഖരം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.
യുഎസിലെ തുടർച്ചയായ പണപ്പെരുപ്പവും സാമ്പത്തിക സ്തംഭനാവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുകയാണ്. ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും പണപ്പെരുപ്പത്തിനെതിരെ സ്വർണം മികച്ചൊരു കരുതൽ ശേഖരമായി വർത്തിക്കുന്നുണ്ട്. ഈ വർഷം ഓഹരികളെയും ബോണ്ടുകളെയും അപേക്ഷിച്ച് സ്വർണം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഔൺസിന് 9000 ഡോളർ വരെ
ഓരോ വർഷവും ഡോളറിനെ അപേക്ഷിച്ച് സ്വർണത്തിന് 9 ശതമാനം വില വർദ്ധനയുണ്ടായാൽ, അഞ്ച് വർഷത്തിനുള്ളിൽ ഒരു ഔൺസിന് 6,000 ഡോളറും പത്ത് വർഷത്തിനുള്ളിൽ 9,000 ഡോളറും എത്തുമെന്ന് ബുള്ള്യൻ വിദഗ്ദ്ധർ പ്രവചിക്കുന്നത്. ബുധനാഴ്ച ഒരു ട്രോയ് ഔൺസ് സ്വർണ്ണത്തിന് 4,000 ഡോളർ കടന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഈ വർഷം മാത്രം സ്വർണ്ണവിലയിൽ 54 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.
കേരളത്തിലെ സ്വർണ വില
സ്വർണവില 9000 ഡോളറിലേക്ക് കുതിച്ചാൽ 10 വർഷം കഴിഞ്ഞ് കേരളത്തിലെ സ്വർണ വില എത്രയാകുമെന്ന് ആലോചിച്ചിട്ടുണ്ടോ? ഏകദേശം 1.88 ലക്ഷം വരും. ഇന്ന് സ്വർണം വാങ്ങിവെക്കുന്നവർക്ക് കോളടിക്കുമെന്ന് സാരം.












Click it and Unblock the Notifications