സ്വർണം ചതിച്ച് ആശാനേ..1 ലക്ഷത്തിന് താഴേക്കില്ലെന്ന് ഉറപ്പിച്ചോ?..വില ഇന്ന് വീണ്ടും കുതിച്ചു
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 110 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി നാല് ദിവസമായി ഇടിഞ്ഞ സ്വർണ വില ഇന്നലെയാണ് വീണ്ടും കുതിപ്പ് തുടർന്നത്. ഇന്നലെ രണ്ട് തവണകളിലായി 1000 രൂപയുടെ വർധനവ് സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ രാവിലെ 12980 രൂപയായിരുന്നു 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില. പവൻ വില 103840 ആയിരുന്നു. എന്നാൽ ഉച്ചയോടെ ഗ്രാമിന് 105 രൂപ ഉയർന്ന് പവന് 104680 രൂപയായി. ഇന്ന് നേരിയ ഇളവ് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ആഗോള വിപണിയിൽ വില കുതിച്ചതോടെ കേരളത്തിലും സ്വർണ വില ഉയർന്നു.

ഇന്ന് 22 കാരറ്റ് ഒരു പവന് 1,05,560 രൂപയാണ് വില. അതായത് ഇന്നലത്തെ വിലയെ അപേക്ഷിച്ച് 880 രൂപയുടെ വർധനവ്. 18 കാരറ്റ് ഒരു ഗ്രാമിന് 10900 രൂപയാണ് വില. പവന് 87,200 രൂപയും. 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില ഇനിയും ഉയരും.
ആഗോള വിപണിയിൽ സ്വർണവില കുതിക്കുന്നു; ഔൺസിന് 4,100 ഡോളർ കടന്നു
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യാന്തര വിപണിയിൽ തുടർച്ചയായ ഇടിവ് നേരിട്ടിരുന്ന സ്വർണവില ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. നിലവിൽ ഔൺസിന് 4,104 ഡോളറിനടുത്താണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്തുണ്ടായ അനുകൂല ഘടകങ്ങളാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് വീണ്ടും വൻകിട നിക്ഷേപകരെ ആകർഷിച്ചത്.
അമേരിക്കയിലെ പുതിയ പി സി ഇ പണപ്പെരുപ്പ സൂചികാ കണക്കുകൾ പുറത്തുവന്നതാണ് വിപണിയിലെ പെട്ടെന്നുള്ള മാറ്റത്തിന് പ്രധാന കാരണം. പുതിയ കണക്കുകൾ വിപണി പ്രവചിച്ച പരിധിക്കുള്ളിൽ ഒതുങ്ങിയത് നിക്ഷേപകർക്ക് വലിയ ആശ്വാസമായി. പണപ്പെരുപ്പ നിരക്ക് ക്രമാതീതമായി ഉയരാത്ത സാഹചര്യത്തിൽ, യു എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും കുത്തനെ കൂട്ടിയേക്കില്ലെന്നാണ് വിപണിയുടെ പ്രതീക്ഷ.
പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ യു.എസ് ഡോളറിന്റെ മൂല്യത്തിലും ട്രഷറി ബോണ്ട് നിരക്കുകളിലും നേരിയ ഇടിവുണ്ടായതും സ്വർണത്തിന് അനുകൂലമായി മാറി. ഡോളർ ദുർബലമാകുന്നത് മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അനുകൂലമായതിനാലാണ് ആഗോളതലത്തിൽ സ്വർണത്തിന്റെ ആവശ്യകത വർധിച്ചത്. ഒപ്പം, കഴിഞ്ഞ ആഴ്ചകളിൽ വില വലിയ തോതിൽ ഇടിഞ്ഞതിനെ തുടർന്ന് കുറഞ്ഞ നിരക്കിൽ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടാൻ (ഡിപ് ബൈയ്യിങ്) നിക്ഷേപകർ തിടുക്കം കാണിച്ചതും വില ഉയരാൻ കാരണമായി.
ആഗോള വിപണിയിലെ ഈ പെട്ടെന്നുള്ള മുന്നേറ്റം വരുംദിവസങ്ങളിൽ കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചേക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഭ്യന്തര വിപണിയിൽ വില കുറഞ്ഞുനിന്നത് വിവാഹ സീസണിൽ സ്വർണം വാങ്ങാനിരുന്ന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇറക്കുമതി തീരുവയും കണക്കിലെടുക്കുമ്പോൾ പവൻ വില ഇന്ന് വീണ്ടും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.












Click it and Unblock the Notifications