സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് വര്‍ധിച്ചത് 1000 രൂപ, ആഭരണം വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് പ്രതിസന്ധി ഇരട്ടിയായി. സ്വര്‍ണവില കുറഞ്ഞിട്ട് ആഭരണം വാങ്ങാം എന്ന കരുതലിന് ഇനി പ്രസക്തിയില്ല. രാജ്യാന്തര വിപണിയില്‍ 3920 ഡോളര്‍ കടന്ന് കുതിക്കുകയാണ് സ്വര്‍ണം.
വൈകാതെ ഔണ്‍സ് സ്വര്‍ണത്തിന് 4000 ഡോളറും അടുത്ത വര്‍ഷം 5000 ഡോളറും 2030ഓടെ 8000 ഡോളറുമായി ഉയരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രവചനങ്ങള്‍. അതുകൊണ്ടുതന്നെ വില കുറയുമ്പോള്‍ വാങ്ങാമെന്ന പ്രതീക്ഷ വേണ്ട. കേരളത്തില്‍ ഇന്നത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങണം എങ്കില്‍ 96000 രൂപ ചെലവ് വരും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയും ഗ്രാം സ്വര്‍ണത്തിന് 125 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 88560 രൂപയായി. ഗ്രാമിന് 11070 രൂപയും. ഇന്ന് റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തുന്നത്. ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് സ്വര്‍ണം. വിലക്കുറവ് പ്രതീക്ഷിച്ച് താഴ്ന്ന കാരറ്റിലുള്ള ആഭരണം വാങ്ങിയവര്‍ക്കും ഇപ്പോള്‍ തിരിച്ചടിയാണ്.
കാരണം എല്ലാതരം സ്വര്‍ണത്തിനും വില കൂടി വരികയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9100 രൂപയായി. 14 കാരറ്റിന് 7100 രൂപയും 9 കാരറ്റിന് 4600 രൂപയുമായി. വെള്ളിയുടെ വിലയും സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി. ഇന്ന് 4 രൂപ വര്‍ധിച്ച് ഗ്രാം വില 160 രൂപയായി. സ്വര്‍ണവില കൂടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പണിക്കൂലിയിലാണ് ശ്രദ്ധിക്കേണ്ടത്
അഡ്വാന്‍സ് ബുക്കിങ് സംവിധാനം അല്‍പ്പമെങ്കിലും ആശ്വാസം നല്‍കും. പഴയ സ്വര്‍ണം മാറ്റി വാങ്ങി വലിയ വിലയില്‍ നിന്ന് രക്ഷപ്പെടാം. ഹാള്‍മാര്‍ക്കിങ് ചെയ്ത ആഭരണങ്ങളാണ് വാങ്ങുന്നത് എന്ന് ഉറപ്പിക്കണം. തിരിച്ചുകൊടുക്കുന്ന വേളയില്‍ എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍ എന്നും ചോദിച്ചറിയണം. പണിക്കൂലി വഴി വലിയ നഷ്ടമാണ് ഉപഭോക്താക്കള്‍ നേരിടുന്നത്. ഇത് കുറയ്ക്കാന്‍ ജ്വല്ലറിയില്‍ വില പേശണം.
ഒരു പവന്‍ സ്വര്‍ണത്തിന് 40000 രൂപ വിലയുണ്ടായിരുന്ന വേളയില്‍ 2000 രൂപയായിരുന്നു പണിക്കൂലി. അതേ സ്വര്‍ണം ഇന്ന് വാങ്ങുമ്പോള്‍ 4000 രൂപ വരെ വാങ്ങുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനിടെയാണ് ഇത്രയും വര്‍ധന. ഒരു ജോലിയിലും ഇത്രയും ഉയര്‍ന്ന കൂലി മാറ്റം സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ ആഭരണം വാങ്ങുന്ന വേളയില്‍ ജ്വല്ലറി ഉടമകളുമായി സംസാരിക്കുന്നത് ഉചിതമാണ്.
അമേരിക്കയിലെ ഭരണ പ്രതിസന്ധിയാണ് വിപണിയിലെ പുതിയ ആശങ്ക. വ്യാപാര തര്‍ക്കങ്ങളും ആശങ്കയായി തുടരുന്നു. ഇന്ന് ഓഹരി വിപണികള്‍ സജീവമായിട്ടുണ്ട്. ഡോളര്‍ മൂല്യം ഉയര്‍ന്നു. ഇത് ഇന്ത്യന്‍ രൂപ കൂടുതല്‍ താഴ്ച്ചയിലേക്ക് വീഴാന്‍ കാരണമായി. 98 എന്ന നിരക്ക് കടന്നിരിക്കുകയാണ് ഡോളര്‍ സൂചിക. ഇന്ത്യന്‍ രൂപയുടെ മൂല്യം 88.75 ആയി താഴ്ന്നു.












Click it and Unblock the Notifications