സ്വർണ വില കേരളത്തിൽ 1.65 ലക്ഷത്തിലേക്കോ? കുതിപ്പിൽ ഞെട്ടി വിദഗ്ധർ..അടുത്ത ആഴ്ച നിർണയാകം
സംസ്ഥാനത്ത് നിലവിൽ ഒരു ഗ്രാം സ്വർണത്തിന് വില 14690 രൂപയാണ്. ഒരു പവന് 117520 രൂപയും. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ഈ തുക കൊടുത്താൽ പക്ഷെ ഒരു പവൻ സ്വർണാഭാരണം വാങ്ങാമെന്ന് തെറ്റിധരിക്കരുത്. ഇതിനൊപ്പം 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും നൽകേണ്ടി വരും. അതായത് കുറഞ്ഞത് 1.25 ലക്ഷം രൂപ നൽകേണ്ടി വരുമെന്ന് സാരം.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം സ്വർണ വിലയിൽ 10680 രൂപയുടെ വർധനവാണ് ഉണ്ടായത്. 2026 ൽ ആഗോള സ്വർണ വിപണിയിൽ പുതിയ റെക്കോഡുകൾ ഉണ്ടാകുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു.2026 പകുതിയോടെ ഔണ്‍സിന് വില 5000 ഡോളർ തൊട്ടേക്കുമെന്നായിരുന്നു വിദഗ്ധരും റേറ്റിംഗ് ഏജൻസികളുമൊക്കെ പ്രവചിച്ചത്. എന്നാൽ ജനവരി അവസാനിക്കാറായപ്പോൾ തന്നെ സ്വർണ വില 5000 ഡോളർ തൊട്ടിരിക്കുന്നു. ഇതോടെ പല റധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ പ്രവചനങ്ങൾ തിരുത്തി. 2026 ഡിസംബറിൽ വില 5400 ഡോളറിലെത്തുമെന്നാണ് ഇപ്പോൾ പ്രമുഖ സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത്. നിലവിലെ ട്രെൻഡ് ആണ് തുടരുന്നതെങ്കിൽ 5400 അല്ല 6000 കടക്കുമെന്ന് പ്രവചിക്കുന്നവരുണ്ട്.

യുഎസ്-ഇറാൻ സംഘർഷങ്ങൾ രൂക്ഷമായതിനെ തുടർന്ന് സുരക്ഷിത നിക്ഷേപ ആവശ്യകത വർദ്ധിച്ചതാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് സ്വർണം കത്തിക്കയറിയത്. ഇറാനിലേക്ക് നാവികസേനയെ അയയ്ക്കാനും ഇറാനിയൻ എണ്ണ ശൃംഖലകൾക്കെതിരെ ഉപരോധം ഏർപ്പെടുത്താനുമുള്ള യുഎസിന്റെ തീരുമാനം വിപണിയിൽ ആശങ്ക വർധിപ്പിച്ചു. ഇതെല്ലാം തന്നെ സ്വർണത്തെ സ്വാധീനിച്ചു. ഇനി നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത് യുഎസ് സുപ്രീം കോടതിയുടെ വ്യാപാര താരിഫ് സംബന്ധിച്ച വിധിയും ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കുമോയെന്ന തീരുമാനവുമാണ്. നിക്ഷേപകർ യുഎസ്, ഇന്ത്യ, ജർമ്മനി എന്നിവിടങ്ങളിലെ പണപ്പെരുപ്പ കണക്കുകളും, ചൈനയിൽ നിന്നുള്ള വ്യാപാര, നിക്ഷേപ കണക്കുകളും, ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും സസൂക്ഷ്മം നിരീക്ഷിക്കും. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ വരും ആഴ്ചയിൽ സ്വർണം, വെള്ളി വിലകൾ സ്ഥിരമായി ഉയർന്ന് തന്നെ നിൽക്കാനാണ് സാധ്യതയെന്നാണ് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി 1 നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിൽ സ്വർണ വില കുറക്കാൻ സഹായിക്കുന്ന സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുറക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മാത്രമല്ല ജി എസ് ടി കുറക്കണമെന്നും അസോസിയേഷനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധ്ച്ച് അനുകൂല തീരുമാനം കൈക്കൊണ്ടാൽ സ്വാഭാവികമായും ആഭ്യന്തര വിപണിയിൽ വിലയിടിയും.
ഈ മാസം ഫെഡറൽ റിസർവ് പലിശ നിരക്കുകൾ നിലനിർത്താനാണ് സാധ്യത. എന്നാൽ ദുർബലമായ തൊഴിൽ സാഹചര്യങ്ങൾക്കിടയിൽ 2026-ൽ കുറഞ്ഞത് രണ്ട് കുറവുകളെങ്കിലും ഉണ്ടാകുമെന്ന് വിപണികൾ ഇപ്പോഴും വിലയിരുത്തുന്നുണ്ട്. പലിശ നിരക്ക് കുറക്കുന്നത് സ്വർണത്തിന് അനുകൂലമായിരിക്കും. അതേസമയം 5000 ഡോളർ തൊട്ടാൽ സ്വാഭാവികമായും ഒരു തിരുത്തലിന് സാധ്യതയുണ്ടെന്നാണ് മറ്റ് ചില വിദഗ്ധരുടെ പ്രവചനം.












Click it and Unblock the Notifications