മൂന്നു ദിവസം കൊണ്ട് പവന് കൂടിയത് 2,800 രൂപ; സംസ്ഥാനത്ത് സ്വർണവില ഇനിയും കുതിക്കുമോ?
കൊച്ചി: കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. ആദ്യ മൂന്ന് ദിവസം 5,760 രൂപ വരെ ഇടിഞ്ഞ സ്വർണം അടുത്ത രണ്ട് ദിവസം കൊണ്ട് വീണ്ടും കുതിച്ചു. ജൂൺ 22-ന് വൈകുന്നേരം പവന് 1,08,520 രൂപയെന്ന ഉയർന്ന നിരക്കിലായിരുന്നു വില. തുടർന്നുള്ള ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ് ജൂൺ 25-ന് രാവിലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,02,760 രൂപയിലെത്തി. എന്നാൽ 25 ന് വൈകീട്ട് വില വീണ്ടും ഉയർന്ന് തുടങ്ങി. തുടർന്ന് 2,800 രൂപ വർധിച്ച് 27-ന് വില 1,05,560 രൂപയിലെത്തി. ഗ്രാമിന് 13,195 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
അമേരിക്കയിലെ പണപ്പെരുപ്പ നിരക്കുകളും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തിയേക്കുമെന്ന ആശങ്കളുമായ ആഗോള വിപണിയിൽ പെട്ടെന്നുള്ള വിലവ്യതിയാനത്തിന് കാരണമായത്. പലിശനിരക്ക് കുറയ്ക്കാൻ ഫെഡ് റിസർവ് വൈകുമെന്ന സൂചനകളെത്തുടർന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പ് നടത്തിയതാണ് വിപണിയിൽ പെട്ടെന്ന് ഇടിവിന് കാരണമായത്. എന്നാൽ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും കടുത്തതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് കൂടി. ഇതാണ് ആഭ്യന്തര വിപണിയിലും പെട്ടെന്നുള്ള വിലക്കയറ്റത്തിന് വഴിവെച്ചത്. വില കുറഞ്ഞതോടെ നിക്ഷേപകർ 'ഡിപ് ബൈയിങ്' നടത്തിയതും വില കൂടാൻ കാരണമായി.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,000 ഡോളറിലേക്ക് താഴ്ന്ന ശേഷം ഇപ്പോൾ 4,088.60 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ചൈന ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതിന്റെ വേഗത കുറച്ചതും വിപണിയെ സ്വാധീനിച്ചിരുന്നു. അതേസമയം രാജ്യാന്തര വിപണിയിലെ വിലയിടിവിന്റെ പൂർണ്ണമായ പ്രയോജനം ഇന്ത്യൻ വിപണിക്ക് ലഭിച്ചില്ല. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുന്നതിനാൽ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.
വരും ദിവസങ്ങളിലും സ്വർണവിലയിൽ ഈ അസ്ഥിരത തുടരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. വരാനിരിക്കുന്ന യുഎസ് തൊഴിൽ വിപണിയിലെ വിവരങ്ങളും പണപ്പെരുപ്പ കണക്കുകളുമായിരിക്കും ഇനി വിലയുടെ ഗതി നിർണ്ണയിക്കുക. നിലവിലെ സാഹചര്യത്തിൽ വിപണിയിൽ വലിയൊരു വിലയിടിവ് പ്രതീക്ഷിക്കുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ വില വീണ്ടും ഉയർന്ന നിലവാരത്തിലേക്ക് കടന്നാൽ കേരളത്തിലും വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയേക്കാം.
വിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. വില അല്പം കുറയുമ്പോൾ സ്വർണം മുൻകൂട്ടി ബുക്ക് ചെയ്യുന്ന രീതിയാണ് ഇപ്പോൾ ഉപഭോക്താക്കൾ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഓഫറുകളിൽ നിന്നും പല ജ്വല്ലറികളും പിന്നോട്ട് പോയിട്ടുണ്ട്. വില ചാഞ്ചാടുമ്പോൾ ഓഫർ നൽകുന്നത് തങ്ങളെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications