സ്വര്‍ണവില കുതിച്ചത് 10680 രൂപ; വമ്പന്‍ ലാഭം കൊയ്യാന്‍ വഴി ഇങ്ങനെ, പക്ഷേ, മറ്റൊരു കാര്യമുണ്ട്
കൊച്ചി: രാജ്യാന്തര ഇടപാടുകള്‍ നടക്കുന്ന ലോഹമാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റം കേരളത്തിലെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കും. അഭൂതപൂര്‍വമായ വിലമുന്നേറ്റത്തിന് എന്താണ് കാരണം എന്നു ചിന്തിക്കുന്നവര്‍ ആദ്യം മനസിലാക്കേണ്ട കാര്യമിതാണ്. ഏതെങ്കിലും ഒരു ഘടകം ചൂണ്ടിക്കാട്ടി വില കൂടാനുള്ള കാരണമായി പറയാന്‍ സാധിക്കില്ലെന്ന് ചുരുക്കം.
കഴിഞ്ഞ നവംബറില്‍ വിപണി അവലോകനം ചെയ്യുന്നവരുടെ പ്രവചനം, 2026 പകുതിയോടെ രാജ്യാന്തര വിപണിയിലെ സ്വര്‍ണവില 5000 ഡോളര്‍ എത്തുമെന്നായിരുന്നു. എന്നാല്‍ നിലവില്‍ 5000 ഡോളറിന് തൊട്ടടുത്ത് നില്‍ക്കുകയാണ് വില. എല്ലാ പ്രവചനങ്ങളും അപ്രസക്തമാക്കിയാണ് സ്വര്‍ണവിലയിലെ മുന്നേറ്റം. കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 10000 രൂപയില്‍ അധികം പവന്‍ വില ഉയര്‍ന്നു.

ഈ മാസം 19ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില 106840 രൂപയായിരുന്നു. എന്നാല്‍ ഇന്ന് 117520 പരൂപയായി. കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരാഴ്ച്ചയ്ക്കിടെ മാത്രം 10680 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇത്രയും വില വര്‍ധിക്കുന്ന മറ്റൊരു വസ്തുവും ഇല്ല എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ആഴ്ച ഒരു പവന്‍ വാങ്ങി ഇന്ന് വില്‍ക്കുന്നവര്‍ക്ക് 10000 രൂപയ്ക്ക് മുകളില്‍ ലാഭം കിട്ടുമെന്ന് ചുരുക്കം. എന്നാല്‍ എപ്പോഴും ഇത്രയും ഉയര്‍ന്ന ലാഭം കിട്ടുമെന്ന് കരുതാന്‍ വയ്യ. കാരണം വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. ഒരുപക്ഷേ, നേരിയ വര്‍ധനവ് മാത്രം രേഖപ്പെടുത്തുന്ന സമയവും ചാഞ്ചാട്ടമുണ്ടാകുന്ന ആഴ്ചകളുമുണ്ട്.
ഈ മാസം ഉയര്‍ന്നത് 18480 രൂപ
ജനുവരി ഒന്നിന് കേരളത്തില്‍ രേഖപ്പെടുത്തിയ പവന്‍ വില 99040 രൂപയായിരുന്നു. ഇന്നത്തെ വിലയേക്കാള്‍ 18480 രൂപ കുറവായിരുന്നു അന്ന്. അതായത്, അന്ന് ഒരു പവന്‍ വാങ്ങി ഇന്ന് വില്‍ക്കുന്നവര്‍ക്ക് ഇത്രയും രൂപ ലാഭം കിട്ടും. മൂന്നാഴ്ചയില്‍ ഇത്രയും അധികം ലാഭം കിട്ടുന്നത് തന്നെയാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്.
സ്വര്‍ണവിലയിലെ മുന്നറ്റവും ലാഭവും പ്രതീക്ഷിച്ച് ആഗോള വിപണിയില്‍ ബോധപൂര്‍വമുള്ള ചില നീക്കങ്ങള്‍ നടക്കുന്നു എന്ന ആക്ഷേപം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. വെനസ്വേലക്കെതിരായ അമേരിക്കയുടെ നടപടി, ഗ്രീന്‍ലാന്റിനെതിരായ അമേരിക്കയുടെ നീക്കം, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ അധിക ചുങ്കം, ഇറാനെതിരായ നീക്കം എന്നിവയെല്ലാം സ്വര്‍ണവില ഉയരാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതൊന്നുമില്ലാത്ത വേളയിലും സ്വര്‍ണവില ഉയര്‍ന്നിരുന്നു എന്നത് മറ്റൊരു കാര്യം.
നേരത്തെ ഇടയ്ക്ക് മാത്രമാണ് സ്വര്‍ണവിലയില്‍ മാറ്റം വന്നിരുന്നത്. പിന്നീട് എല്ലാ ദിവസവും മാറ്റം വരുന്ന അവസ്ഥ വന്നു. ഇപ്പോള്‍ ഒരു ദിവസത്തിനിടെ നാല് തവണ വരെ സ്വര്‍ണവില മാറിയ സാഹചര്യവുമുണ്ടായി. സ്വര്‍ണം ഡിജിറ്റല്‍ വില്‍പ്പന ആരംഭിച്ചതാണ് രാജ്യാന്തര വിപണിയില്‍ വലിയ കുതിപ്പിന് കാരണമായത് എന്നും ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. പല ജ്വല്ലറി വ്യാപാരികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.












Click it and Unblock the Notifications