സ്വര്‍ണവില വന്‍ ഇടിവില്‍; ഉപഭോക്താക്കള്‍ക്ക് ഹാപ്പി ന്യൂസ്, ഇന്ന് പവന്‍-ഗ്രാം വില കുറഞ്ഞു
കൊച്ചി: കേരളത്തില്‍ കഴിഞ്ഞാഴ്ച അഭൂതപൂര്‍വമായ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണം ഇന്ന് വില കുറഞ്ഞു. 74000ത്തിന് മുകളില്‍ വരെ പവന്‍വില എത്തിയ ശേഷമാണ് ഇടിവ് കാണുന്നത്. ഇന്ന് വില കുറഞ്ഞത് ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് അവസരമാകും. മാത്രമല്ല, അക്ഷയതൃതീയ വരുന്നതിനാല്‍ സ്വര്‍ണവില കുറയുന്നത് ജ്വല്ലറി വ്യാപാരികള്‍ക്കും അനുകൂല ഘടകമാണ്.
വില വന്‍തോതില്‍ വര്‍ധിച്ചത് കാരണം ഉപഭോക്താക്കളെ പോലെ ജ്വല്ലറി വ്യാപാരികളും ആശങ്കയിലായിരുന്നു. കാരണം വില്‍പ്പന കുറഞ്ഞതു തന്നെ. ആഭരണങ്ങള്‍ വാങ്ങാന്‍ മടിക്കുന്ന സാഹചര്യമുണ്ടാകുന്നത് വ്യാപാരികള്‍ക്കും വെല്ലുവിളിയാണ്. അക്ഷയതൃതീയ അടുക്കുന്ന ഘട്ടത്തില്‍ സ്വര്‍ണവില കുറയവെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ഒരുക്കിയിരിക്കുകയാണ് വ്യാപാരികള്‍.

ഡോളര്‍ മൂല്യം അല്‍പ്പം കൂടിവരുന്നത് സ്വര്‍ണവില കുറയുമെന്ന സൂചന നല്‍കുന്നു. മാത്രമല്ല, ചൈനയും അമേരിക്കയും തമ്മില്‍ ചുങ്കപ്പോര് കുറയ്ക്കുമെന്ന സൂചന ലഭിച്ചതും വിപണിക്ക് ആശ്വാസമാണ്. ഇന്ന് ഓഹരി വിപണികള്‍ അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റമുണ്ട്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരുന്നതാണ് ട്രെന്‍ഡ്.
ഇന്നത്തെ പവന്‍ - ഗ്രാം വില
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71520 രൂപയാണ് വില. ഗ്രാമിന് 65 രൂപയും ഒരു പവന് 520 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 8940 രൂപയായി താഴ്ന്നു. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ താഴ്ന്ന് 7360 രൂപയായി. വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 109 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
ആഗോള വിപണിയില്‍ സ്വര്‍ണവില 3340 വരെ ഉയര്‍ന്ന ശേഷം ഇടിഞ്ഞിരിക്കുകയാണ്. 3290 രൂപ എന്ന നിരക്കിലാണ് ഏറ്റവും ഒടുവില്‍ വ്യാപാരം. കച്ചവടം പുരോഗമിക്കുന്നതിനാല്‍ നിരക്കില്‍ മാറ്റം പ്രതീക്ഷിക്കാം. ഇനിയും സ്വര്‍ണവില കുറഞ്ഞാല്‍ മാത്രമേ കേരളത്തില്‍ ജ്വല്ലറി രംഗം സജീവമാകൂ. അല്ലെങ്കില്‍ കച്ചവടം കുറയുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍.
ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 65800 രൂപയും കൂടിയ നിരക്ക് 74320 രൂപയുമാണ്. 9000 രൂപയോളം ഒരു പവന് വര്‍ധിച്ചു. ഇത്രയും രൂപ ഒരു മാസത്തിനിടെ മാത്രം വര്‍ധിക്കുന്നത് ആദ്യമാണ്. കേന്ദ്ര ബാങ്കുകളും വിവിധ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതിനാല്‍ ഇനിയും സ്വര്‍ണവില കൂടാനുള്ള സാധ്യതയുണ്ട്.
സ്വര്‍ണവില കുറയുമെന്നും പ്രവചനം
സ്വര്‍ണവില ഇനിയും താഴുമെന്ന് പ്രവചിക്കുന്ന വിപണി നിരീക്ഷകരുമുണ്ട്. ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില എന്നും വിറ്റഴിക്കലിന് ശേഷം സ്ഥിരത കൈവരിക്കാന്‍ സ്വര്‍ണവില ഇനിയും താഴുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ വില കുറയുമെന്ന് പറയാന്‍ സാധിക്കില്ല എന്നാണ് ഒരു വിഭാഗം വിപണി നിരീക്ഷകരുടെ അഭിപ്രായം.
വ്യത്യസ്തമായ അഭിപ്രായം നിലനില്‍ക്കുന്നതിനാല്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. മലബാര്‍ ഗോള്‍ഡ് ഉള്‍പ്പെടെയുള്ള ജ്വല്ലറികള്‍ പ്രത്യേക ഓഫറുകള്‍ ഇക്കാര്യത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്ഷയതൃതീയ ഏപ്രില്‍ 30നാണ്. ഇതോട് അനുബന്ധിച്ച് വിപുലമായ ഓഫറുകളുമായി മിക്ക ജ്വല്ലറികളും സജീവമാണ്. ഈ ദിവസം സ്വര്‍ണം വാങ്ങുന്നതിലൂടെ സമൃദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ഡോളര്‍ സൂചിക ഇന്ന് 99.64 എന്ന നിരക്കിലാണുള്ളത്. അല്‍പ്പം മുന്നേറി വരികയാണ് ഡോളര്‍. രൂപയുടെ വിനിമയ നിരക്ക് 85.41 ആണ്. ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയരുന്നുണ്ട്. അടുത്ത മാസം മുതല്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചതിനാല്‍ ക്രൂഡ് വില കുറയാനാണ് സാധ്യത. ബ്രെന്റ് ക്രൂഡ് ബാരലിന് 67 ഡോളറാണ് പുതിയ വില. ക്രൂഡ് വില കുറയുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്.












Click it and Unblock the Notifications