സ്വര്‍ണവില വീണ്ടും താഴോട്ട്; ഒരു ദിവസം രണ്ട് തവണ വില കുറഞ്ഞു, പുതിയ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു. രാവിലെ വലിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയ പിന്നാലെയാണ് ഉച്ചയ്ക്ക് വീണ്ടും താഴ്ന്നത്. അമേരിക്കയും ചൈനയും തമ്മില്‍ പുതിയ വ്യാപാര ധാരണയുണ്ടാക്കിയതാണ് വിപണിയെ ഇളക്കി മറിച്ചിരിക്കുന്നത്. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്.
സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇന്ന്. രണ്ട് തവണ തുടര്‍ച്ചയായി വില കുറഞ്ഞിരിക്കുന്നു. അതായത്, ഇന്ന് മാത്രം പവന് 2000 രൂപയ്ക്ക് മുകളില്‍ വില കുറഞ്ഞു. ഒരു ദിവസം ഇത്രയും വില കുറയുന്നത് വ്യാപാര രംഗത്ത് ഉണര്‍വുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. വരും ദിവസങ്ങളിലും വില കുറയുമെന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.

സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അഡ്വാന്‍സ് ബുക്ക് ചെയ്യാവുന്നതാണ്. വില വരും ദിവസങ്ങളിലും കുറയുകയാണെങ്കില്‍ അപ്പോള്‍ സ്വര്‍ണം വാങ്ങുകയും ചെയ്യാം. അഡ്വാന്‍സ് ബുക്കിങ് വഴി ഉപഭോക്താക്കള്‍ക്ക് രണ്ട് നേട്ടമാണുള്ളത്. ഭാവിയില്‍ വില കൂടുമോ എന്ന ആശങ്ക ഒഴിവാക്കാം. ഭാവിയില്‍ വില കുറയുകയാണെങ്കില്‍ ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കുകയും ചെയ്യും.
ഇന്ന് രാവിലെ രേഖപ്പെടുത്തിയ വില
കഴിഞ്ഞ ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 72360 രൂപയും ഗ്രാമിന് 9045 രൂപയുമായിരുന്നു വില. ഇന്ന് രാവിലെ ഗ്രാമിന് 165 രൂപ താഴ്ന്ന് 8880 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 71040 രൂപയുമായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന് 135 രൂപ കുറഞ്ഞ് ഗ്രാമിന് 7290 രൂപയായി. എന്നാല്‍ അമേരിക്കയും ചൈനയും പുതിയ കരാറുണ്ടാക്കി എന്ന വിവരം വന്ന പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വര്‍ണ വില കുറഞ്ഞു.
ഉച്ചയ്ക്ക് ശേഷമുള്ള പുതിയ വില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപ കുറഞ്ഞ് 8750 രൂപയിലെത്തി. ഒരു പവന് 1040 രൂപ കുറഞ്ഞ് 70000 രൂപയുമായി. മാത്രമല്ല, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ കുറഞ്ഞ് 7180 രൂപയുമായി. എന്നാല്‍ വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാം വില 108 രൂപയില്‍ നിലനില്‍ക്കുകയാണ്. നിലവിലെ വിപണി സാഹചര്യം തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉള്‍പ്പെടെ 76000 രൂപ വരെ ചെലവ് വന്നേക്കും. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1500-3000 രൂപയ്ക്ക് ഇടയിലുള്ള തുക കുറഞ്ഞ് ഒരു പവന് കിട്ടും. വില വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ സ്വര്‍ണവില്‍പ്പന കുറഞ്ഞിരുന്നു. വില താഴുന്നത് ജ്വല്ലറി മേഖലയ്ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഡോളര്‍ സൂചിക 101ന് മുകളിലെത്തി. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.96 ആയി കുറഞ്ഞു. രാജ്യാന്തര സ്വര്‍ണവില 3234 ഡോളറായി.
എന്താണ് ചൈന-അമേരിക്ക കരാര്‍
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ വേളയില്‍ തുടക്കമിട്ട ചുങ്കപ്പോരാണ് വിപണിയെ താളംതെറ്റിച്ചത്. ചൈനക്കെതിരെ അമിതമായ ഇറക്കുമതി ചുങ്കം അമേരിക്ക ചുമത്തുകയായിരുന്നു. ഇതിന് മറുപടിയായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും അധിക ചുങ്കം പ്രഖ്യാപിച്ചു. വിഷയത്തില്‍ രമ്യതയിലെത്താന്‍ ഇന്ന് നടന്ന ചര്‍ച്ച ഫലം കണ്ടു. രണ്ട് രാജ്യങ്ങളും അധികചുങ്കം ചുമത്തുന്നത് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചു.
90 ദിവസം വരെ അധിക ചുങ്കം ചുമത്തില്ല. സ്വിറ്റ്‌സര്‍ലന്റിലെ ജനീവയിലായിരുന്നു ഇരുരാജ്യങ്ങളുടെയും ചര്‍ച്ച. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ചുമത്തുന്ന ചുങ്കം 145ല്‍ നിന്ന് 30 ശതമാനമാക്കി അമേരിക്ക കുറച്ചു. അതിന് പകരമായി അമേരിക്കയില്‍ നിന്ന് ഇറക്കുന്ന ചരക്കുകള്‍ക്കുള്ള നികുതി 125ല്‍ നിന്ന് 10 ശതമാനമാക്കി ചൈനയും കുറച്ചു.












Click it and Unblock the Notifications