സ്വര്‍ണം ഇടിഞ്ഞുവീണു; ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിനം, തിരിച്ചുകയറിയേക്കും, പവന്‍വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണം താഴ്ന്നത് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണ്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് ജിസിസി രാജ്യങ്ങള്‍ മുഖേന അമേരിക്കയെ അറിയിച്ചതാണ് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്. മേഖലയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങി എന്നാണ് വിപണിയുടെ വിശ്വാസം.
എന്നാല്‍ മറിച്ചു സംഭവിക്കാനും സാധ്യതയുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജി7 ഉച്ചകോടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് പോന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. മാത്രമല്ല, ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോണമെന്ന ട്രംപിന്റെ വാക്കുകളും ഭീതി വിതച്ചിരിക്കുകയാണ്. ആക്രമണം ശക്തിപ്പെട്ടാല്‍ വീണ്ടും സ്വര്‍ണവില കൂടിയേക്കും.

എന്താണ് ട്രംപ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ എപ്പോഴും വിപണിയെ അസ്ഥിരമാക്കാറുണ്ട്. വിവിധ രാജ്യങ്ങള്‍ക്കെതിരെ അധിക നികുതി ചുമത്തിയ നടപടി മുതല്‍ കുടിയേറ്റക്കാര്‍ക്കെതിരായ നീക്കവും വിദ്യാഭ്യാസ സഹായങ്ങള്‍ നിര്‍ത്തിയതുമെല്ലാം ട്രംപ് ചെയ്തത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. ഇറാന്‍-ഇസ്രായേല്‍ പോര് എങ്ങനെ നീങ്ങുമെന്നതിന് അനുസരിച്ചാകും വിപണിയിലെ അടുത്ത മാറ്റം.
ഇന്നത്തെ സ്വര്‍ണവില അറിയാം
കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് 840 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 73600 രൂപയാണ് ഒരു പവന് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 105 രൂപ താഴ്ന്ന് 9200 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 7550 രൂപയുമായി. ആഗോള സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-ഇന്ത്യന്‍ രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക.
അതേസമയം, കേരളത്തില്‍ വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 115 രൂപയാണ് ഇന്നത്തെ നിരക്ക്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളിവില കുതിച്ചുയര്‍ന്നിരുന്നു. ഈ വര്‍ഷം സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ വെള്ളി തിളങ്ങുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ വെള്ളിയില്‍ നിക്ഷേപിക്കുന്നവരും ഏറെയാണ്. അതിനിടെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 1.07 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
പഴയ സ്വര്‍ണം വിറ്റാല്‍ എത്ര രൂപ കിട്ടും
അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3400 ഡോളറില്‍ നിന്ന് ഇടിഞ്ഞ് 3384 ഡോളറായിട്ടുണ്ട്. ട്രംപിന്റെയും ഇസ്രായേലിന്റെയും അടുത്ത നീക്കത്തിന് അനുസരിച്ചാകും സ്വര്‍ണവില ഇനി മാറുക. അതേസമയം, ഉയര്‍ന്ന വിലയിലാണ് ഇപ്പോഴുള്ളത് എന്ന് മനസിലാക്കി ലാഭം കൊയ്യാന്‍ സ്വര്‍ണം വിറ്റഴിക്കലും ഒരുഭാഗത്ത് നടക്കുന്നുണ്ട്. ഈ പ്രവണത കൂടിയാലും സ്വര്‍ണവില കുറയും.
ഡോളര്‍ സൂചിക വലിയ മാറ്റമില്ലാതെ നില്‍ക്കുകയാണ്. 98.13 ആണ് പുതിയ നിരക്ക്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കാം. ഡോളറിനെതിരെ രൂപയുടെ മൂല്യം 85.92 എന്ന നിരക്കിലെത്തി. ക്രൂഡ് ഓയില്‍ വില അല്‍പ്പം താഴ്ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 74 ഡോളറില്‍ താഴെ എത്തി. മറ്റു ഇനം ക്രൂഡുകളുടെ വിലയും കുറഞ്ഞിട്ടുണ്ട്. സ്വര്‍ണാഭരണം ഇന്ന് വാങ്ങുന്നവര്‍ക്ക് 80000 രൂപ വരെ പവന് ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 71000 രൂപ കിട്ടാനാണ് സാധ്യത. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ഉപഭോക്താക്കള്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്.












Click it and Unblock the Notifications