സ്വര്‍ണം വില കുറഞ്ഞു; ഇനിയും കുറഞ്ഞേക്കും, രണ്ട് കാര്യങ്ങള്‍ ആശങ്ക, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. രാജ്യാന്തര വിപണിയിലും വില കുറഞ്ഞു. ഇനിയും കുറയുമെന്ന സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ രണ്ട് കാര്യങ്ങള്‍ ആശങ്കയായി സംഭവിക്കുമെന്നാണ് കരുതുന്നത്. ഈ വേളയില്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ഡോളര്‍ കരുത്ത് കുറയുകയും ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ക്രൂഡ് ഓയില്‍ വില കുറഞ്ഞുവരികയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 73ല്‍ നിന്ന് 66 ഡോളറിലേക്ക് എത്തി. അത് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ കാരണമായി. അതേസമയം, ഡോളര്‍ സൂചിക 98.11 ആയി കുറഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യം 87.44 ആയി ശക്തിപ്പെട്ടു. രാജ്യാന്തര വിപണിയില്‍ 3400 ഡോളര്‍ കടന്നിരുന്ന ഔണ്‍സ് സ്വര്‍ണവില ഇന്ന് 3370ലേക്ക് ഇടിഞ്ഞു. ഇതിന്റെ ഫലം കൂടിയാണ് കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞത്...

ആഗോള വിപണി ഉറ്റുനോക്കുന്നത് അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ നടത്താനിരിക്കുന്ന ചര്‍ച്ചയാണ്. അടുത്ത വെള്ളിയാഴ്ച അലാസ്‌കയിലാണ് ചര്‍ച്ച. യുക്രൈന്‍ യുദ്ധം അവസാനിക്കുന്ന പ്രഖ്യാപനമുണ്ടായാല്‍ വിപണി ശക്തിപ്പെടും. ഇന്ത്യയ്‌ക്കെതിരായ അധിക ചുങ്ക നീക്കം അമേരിക്ക ഉപേക്ഷിക്കും. ക്രൂഡ് ഓയില്‍ വീണ്ടും ഇടിയാനും ഇന്ത്യന്‍ രൂപ കരുത്ത് കൂടാനും സ്വര്‍ണവില കുറയാനും വഴിയൊരുങ്ങും.
അതേസമയം, ട്രംപും പുടിനും നടത്തുന്ന ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ലാതെ പിരിഞ്ഞാല്‍ നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യം കൂടുതല്‍ പ്രയാസത്തിലേക്ക് നീങ്ങും. ഇന്ത്യയ്‌ക്കെതിരായ അധിക ചുങ്കം തുടരും. വ്യാപാര മേഖല പ്രതിസന്ധിയിലാകും. ക്രൂഡ് ഓയില്‍ വില ഉയരാനും രൂപയുടെ മൂല്യം തകരാനും ഇടയാക്കും. മാത്രമല്ല, സ്വര്‍ണവില വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച വരെ വിപണിക്ക് നിര്‍ണായക ദിനങ്ങളാണ്.
അമേരിക്കയുടെ വിലക്കയറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരും. ഇതിന് അനുസരിച്ചാകും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഫെഡറല്‍ റിസര്‍വ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കും എന്നാണ് പൊതുവേയുള്ള പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില ഉയരും. അത് ലോകത്ത് മൊത്തമുള്ള സ്വര്‍ണവിപണിയെ ബാധിക്കും. ഡോളര്‍ മൂല്യമിടിയുന്നതും സ്വര്‍ണവില കൂടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9375 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ താഴ്ന്ന് 75000 എന്ന നിരക്കിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 7695 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5990 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3860 രൂപയുമാണ് നല്‍കേണ്ടത്. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 124 രൂപയായി.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 72500 രൂപയ്ക്ക് മുകളില്‍ കിട്ടിയേക്കും. വിലയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. രണ്ട് സാധ്യതകളും വിപണിയില്‍ പ്രകടമാണ്. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്ത് നഷ്ടം കുറയ്ക്കാം.












Click it and Unblock the Notifications