സ്വര്‍ണവില വന്‍ ഇടിവില്‍; ആഭരണം വാങ്ങാന്‍ നല്ല ദിനം, വരുംദിനങ്ങളിലെ സാധ്യത അറിയാം, പവന്‍ വില
കൊച്ചി: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വില കുതിക്കുമെന്ന സൂചന നല്‍കിയിരുന്നു എങ്കിലും ഇന്ത്യ-പാകിസ്താന്‍ തര്‍ക്കം രമ്യതയിലെത്തിയതാണ് പുതിയ മാറ്റത്തിന് കാരണം. ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഓഹരി വിപണി കുതിക്കാനും സ്വര്‍ണവില കുറയാനുമാണ് സാധ്യത.
ഡോളര്‍ മൂല്യം കൂടിയത് ഇന്ന് സ്വര്‍ണവില കുറയാനുള്ള കാരണമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുന്നത്. പുതിയ വ്യാപാര കരാറുകളില്‍ വന്‍ശക്തി രാജ്യങ്ങള്‍ ധാരണയായത് സ്വര്‍ണവില കുറയാന്‍ ഇടയാക്കി. ചൈനയുമായുള്ള അമേരിക്കയുടെ ചര്‍ച്ച ഫലം കണ്ടാല്‍ ഇനിയും സ്വര്‍ണവില കുറയും. അറിയാം പുതിയ സ്വര്‍ണവില സംബന്ധിച്ച്...

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 70040 രൂപയായിരുന്നു. പിന്നീട് വലിയ കുതിപ്പ് നടത്തി 73040 രൂപ വരെ എത്തി. അതിന് ശേഷം വില കുത്തനെ കുറഞ്ഞ ശേഷം ഉയരുകയും ചെയ്തു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71040 രൂപയാണ് വില. 1320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, ഗ്രാമിന് 165 രൂപ താഴ്ന്ന് 8880 രൂപയായി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞാഴ്ച 3350 ഡോളര്‍ വരെ എത്തിയിരുന്നു. പിന്നീട് കുറയുകയാണ് ചെയ്തത്. എങ്കിലും യുദ്ധഭീതി നിലനിന്നിരുന്നതിനാല്‍ ഇന്ത്യയില്‍ സ്വര്‍ണവില കുറഞ്ഞിരുന്നില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ 3280 ഡോളറാണ് പുതിയ വില. മാത്രമല്ല, ഡോളര്‍ സൂചിക 100.54 ആയി ഉയര്‍ന്നു. രൂപയുടെ വിനിമയ നിരക്ക് 84.70 ആയി കരുത്ത് വര്‍ധിച്ചു.
18 ഗ്രാം സ്വര്‍ണത്തിന്റെ വില
അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ ഗ്രാം വില 7290 രൂപയാണ്. 135 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഈ കാരറ്റിലുള്ള സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ വില 58320 രൂപയായി കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് വലിയ തോതില്‍ വില കൂടിയ വേളയില്‍ 18 കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് കേരള വിപണിയില്‍ പ്രിയം ഏറിയിട്ടുണ്ട്. അതേസമയം, ഇന്നത്തെ വെള്ളിയുടെ ഗ്രാം വില 108 രൂപയാണ്.
സ്വര്‍ണവില കുറയാന്‍ കാരണം
അമേരിക്കയും ബ്രിട്ടനും തമ്മില്‍ വ്യാപാര കരാര്‍ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ലോകത്തെ പ്രധാന രാജ്യങ്ങള്‍ തമ്മില്‍ വ്യാപാര ഇളവ് അനുവദിക്കുന്നത് നിക്ഷേപകര്‍ക്ക് സന്തോഷമാണ്. ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത് കാരണമാകും. അതേസമയം, ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ച സ്വിറ്റ്‌സര്‍ലാന്റില്‍ നടക്കാനിരിക്കുകയാണ്. ഇത് വിജയം കണ്ടാല്‍ സ്വര്‍ണവില ഇനിയും കുറയും.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 77000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ കണക്കു നോക്കുമ്പോഴാണിത്. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. സ്വാഭാവികമായും ജിഎസ്ടിയും വര്‍ധിക്കും. മാത്രമല്ല, കുറഞ്ഞ അളവിലുള്ള ആഭരണത്തിനും പണിക്കൂലി കൂടുതലാണ്. കുറഞ്ഞ സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നത് ശ്രമകരമായ ജോലിയായതാണ് കാരണം. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡാന്‍സ് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താം.
അതേസമയം, ഇന്ന് ഒരു പവന്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 69000-70000 രൂപ വരെ ലഭിച്ചേക്കും. അതേസമയം, ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. സൗദിയും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചതോടെ വില കുറയുമെന്നാണ് കരുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ മുന്നേറ്റം ക്രൂഡ് വിലയിലുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 64 ഡോളറിലാണ് വ്യാപാരം.












Click it and Unblock the Notifications