സ്വര്‍ണവില ഇടിയുന്നു; സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേട്ടം, ഇനിയും കുറയുമെന്ന് സൂചന, അറിയാം പവന്‍ വില
കൊച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോടതിയില്‍ തിരിച്ചടി നേരിട്ട പിന്നാലെ സ്വര്‍ണവിപണിയില്‍ ഇടിവ്. രാജ്യാന്തര സ്വര്‍ണവിലയും കേരളത്തിലെ സ്വര്‍ണവിലയും കുറഞ്ഞു. ട്രംപിന്റെ അടുത്ത നീക്കം എന്താകുമെന്ന് നിരീക്ഷിക്കുകയാണ് വിപണി. യുഎസ് ഫെഡറല്‍ വ്യാപാര കോടതിയുടെ വിധിക്കെതിരെ യുഎസ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചേക്കും.
വിവിധ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഇറക്കുമതി ചുങ്കം അധികമായി ചുമത്തിയിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ പരിധിയില്‍ വരുന്ന നടപടി പ്രസിഡന്റ് ഏറ്റെടുത്ത് ചെയ്യുകയാണ് എന്ന ചോദ്യമാണ് കോടതിയില്‍ ഉയര്‍ന്നത്. അധിക ചുങ്കം കുറയ്ക്കണം എന്ന് വിവിധ രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി വരവെയാണ് കോടതി വിധി. ഇതിന് പിന്നാലെ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു...

ഓഹരി വിപണികളെല്ലാം ഇന്ന് നേട്ടത്തിലാണ്. വിപണിക്ക് പുത്തന്‍ പ്രതീക്ഷ വന്ന പോലെയാണ് പ്രതികരണം. ഡോളര്‍ സൂചികയും കുതിക്കുകയാണ്. ഏറെ നാള്‍ക്ക് ശേഷം ഡോളര്‍ സൂചിക 100 കടന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3288ല്‍ നിന്ന് 3260ലേക്ക് കുറഞ്ഞു. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റം പ്രതീക്ഷിക്കാം.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71160 രൂപയാണ് വില. 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 8895 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7290 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 എന്ന നിരക്കിലെത്തി. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും.
ബുധനാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച രണ്ട് തവണ വിലയില്‍ മാറ്റമുണ്ടായിരുന്നു. രാവിലെ സ്വര്‍ണവില കൂടുകയും ഉച്ചയ്ക്ക് ശേഷം കുറയുകയുമാണ് ചെയ്തത്. ഇതിന് ശേഷമാണ് ഇന്നത്തെ വിലക്കുറവ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 85.47 എന്ന നിരക്കിലാണുള്ളത്. ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളറാണ് പുതിയ വില. ബിറ്റ് കോയിന്‍ വില 1.08 ലക്ഷമായി. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും മറ്റു ചെലവുകളും ചേര്‍ത്ത് 77000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 69500 രൂപ കിട്ടിയേക്കും.
ഡോളര്‍ മൂല്യം വര്‍ധിക്കുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം കുറയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ ഇടിയാനും ഇത് കാരണമാകും. അതേസമയം, ഇന്ത്യന്‍ രൂപ കാര്യമായ മുന്നേറ്റം നടത്തുന്നില്ല എന്നത് ആശങ്കയാണ്. ഇന്ത്യന്‍ രൂപയുടെ കരുത്ത് കൂട്ടാന്‍ ആര്‍ബിഐ ശ്രമം തുടരുന്നുണ്ട്.












Click it and Unblock the Notifications