സ്വർണ വില ഇന്ന് താഴേക്ക്: ഒരു പവൻ 88,000 രൂപയ്ക്ക് കിട്ടും..ഇങ്ങനെ വാങ്ങിയാൽ മതി
ആഗോള വിപണിയിൽ ഇന്ന് സ്വർണത്തിന് അനുകൂല ദിനമാണ്. ഔൺസിന് അരശതമാനത്തോളം വില ഉയർന്ന് നിലവിൽ 4161 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാൻ-യു.എസ് പ്രശ്നങ്ങൾ സമ്പൂർണ സമാധനത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് രാജ്യാന്തര വിപണിയിൽ വില ഉയർത്തിയത്. എന്നാൽ കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതോടെ ഇന്നലെ രണ്ട് തവണ കേരളത്തിൽ വില ഉയർന്നിരുന്നു. രാവിലെ ഗ്രാമിന് 13,430 രൂപയും പവന് 1,07,440 രൂപയുമായിരുന്നു വില.എന്നാൽ വൈകീട്ടോടെ ഗ്രാമിന് 135 രൂപ ഉയർന്ന് 13,565 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,080 രൂപ വർധിച്ച് 1,08,520 രൂപയിലെത്തി. എന്നാൽ ഇന്ന് ഗ്രാമിന് 190 കുറഞ്ഞു. ഇതോടെ ഇന്ന് 13375 രൂപയാണ് ഗ്രാമിന് വില. അതേസമയം പവന് 1520 രൂപ കുറഞ്ഞ് 1,07,000 രൂപയായി. ഇന്ന് 18 കാരറ്റിന് 11,050 രൂപയാണ് വില. പവന് ഏകദേശം 88,440 രൂപ വരും. പണിക്കൂലിയും ജിഎസ്ടിയും ചേർക്കാതെയാണിത്.

ആഗോള വിപണിയിൽ മുന്നോട്ട്
ക്രൂഡോയിൽ ഉൽപാദിപ്പിക്കാനും വിൽക്കാനും ഇറാന് 60 ദിവസത്തെ ലൈസൻസ് അനുവദിക്കാനുളള യു.എസ് ട്രഷറി നീക്കമാണ് ഇന്ന് സ്വർണത്തിന് അനുകൂലമായത്. നിലവിൽ ക്രൂഡ് ഓയിൽ വില 80 ഡോളറിൽ തുടരുകയാണ്. ഇറാനും യു.എസും തമ്മിലുള്ള സമാധാനക്കരാർ ചർച്ചകൾ കൂടുതൽ ഫലപ്രദമായാൽ സ്വർണത്തിന് അത് നേട്ടമായേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇറാനുമായുള്ള സമാധാന ചർച്ചകൾ തുടരുമെന്നാണ് മധ്യസ്ഥരായ പാക്കിസ്ഥാനും ഖത്തറും ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ ഏറെ പുരോഗതിയുണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു.
യുഎസ് ഫെഡ് നിലപാട് നിർണായകം
യുഎസിൽ വ്യാഴാഴ്ച പുറത്തുവരാനിരിക്കുന്ന മേയ് മാസത്തെ പണപ്പെരുപ്പ കണക്കുകളിലേക്കാണ് ഇപ്പോൾ വിപണി പ്രധാനമായും ഉറ്റുനോക്കുന്നത്.കഴിഞ്ഞ യോഗത്തിൽ ഈ വർഷം പലിശ കൂട്ടേണ്ട സാഹചര്യം ഉണ്ടാകാമെന്ന് ഫെഡ് സൂചന നൽകിയെങ്കിലും അത് എപ്പോൾ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
പലിശനിരക്ക് ഉയർന്നാൽ സാധാരണയായി പണം കൂടുതൽ അമേരിക്കൻ ബോണ്ടുകളിലേക്കും സുരക്ഷിത നിക്ഷേപങ്ങളിലേക്കും പോകും. അതോടെ ഇന്ത്യ പോലുള്ള എമേർജിങ് വിപണികളിൽ നിന്ന് ഫണ്ട് പുറത്തേക്കൊഴുകാനുള്ള സാധ്യതയും കൂടും. അത് ഓഹരി വിപണിക്കും സ്വർണത്തിനും തിരിച്ചടി നൽകും.മറ്റൊരു വശത്ത് പലിശ ഉയർന്നാൽ ഡോളർ കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്. ഡോളർ ശക്തമായാൽ സ്വർണവില താഴേക്ക് വീഴും.
ഞെട്ടിച്ച് പ്രവചനങ്ങൾ
സ്വർണ വില ഈ വർഷം അവസാനത്തോടെ രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 6000 ഡോളർ വരെ ആയേക്കാമെന്നായിരുന്നു ഭൂരിഭാഗം സാമ്പത്തിക സ്ഥാപനങ്ങളുടേയും പ്രവചനം. നിലവിലെ ആഗോള സാഹചര്യത്തിൽ ഗോൾഡ്മാൻ സാക്സ് പോലുള്ള സ്ഥാപനങ്ങൾ അവരുടെ സ്വർണവില പ്രവചനം താഴ്ത്തിയിട്ടുണ്ട്. നേരത്തെ 5,400 ഡോളറെന്നായിരുന്നു ബാങ്കിന്റെ വിലയിരുത്തൽ. ഇപ്പോൾ അത് 4,900 ഡോളറാക്കിയാണ് കുറച്ചിരിക്കുന്നത്. ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക് പോയാൽ വില വീണ്ടും കൂപ്പുകുത്തി 3400 ഡോളർ വരെ എത്താനുള്ള സാധ്യതയുണ്ടെന്നും ചില സാമ്പത്തിക വിദഗ്ധർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications