സ്വര്‍ണ വില ഇന്ന് രണ്ടാം തവണയും കുറഞ്ഞു; 8520 രൂപയുടെ ലാഭം, ആഭരണ പ്രേമികള്‍ക്ക് അവസരം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും ഇടിവ്. രാവിലെ വലിയ തോതില്‍ വില കുറഞ്ഞ ശേഷമാണിത്. ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് 8520 രൂപയുടെ കുറവാണ് ഇപ്പോള്‍ ഈടാക്കുന്നത്.
കേരളത്തില്‍ ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1520 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം 960 രൂപ വീണ്ടും കുറഞ്ഞു. അതായത്, ഇന്ന് മാത്രം 2480 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 114560 രൂപയായിരുന്നു. ഈ മാസം ഒന്നിനായിരുന്നു ഈ വില. മൂന്നാഴ്ച പിന്നിടുമ്പോള്‍ 8520 രൂപ കുറഞ്ഞു.

ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഡോളര്‍ കരുത്ത് കൂടുന്നത് കാരണം സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറഞ്ഞു. കൂടുതല്‍ പേര്‍ ബോണ്ട് നിക്ഷേപങ്ങളിലേക്ക് തിരിയുകയാണ്. സ്വര്‍ണം വിറ്റഴിച്ച് ബോണ്ട് നിക്ഷേപങ്ങളിലേക്ക് നിക്ഷേപകര്‍ നീങ്ങുന്നതോടെ സ്വര്‍ണത്തിന് വില കുറയും. അതാണിപ്പോള്‍ സംഭവിക്കുന്നത്.
ഇനിയും സ്വര്‍ണവില കുറയുമോ?
കൂടുതല്‍ കാലം ഇങ്ങനെ വിപണി നില്‍ക്കുമെന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും ഇപ്പോഴുള്ള വിപണി സാഹചര്യം സ്വര്‍ണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കില്ലെന്ന സൂചനകളാണ് ബോണ്ട് നിക്ഷേപത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം.
കേരളത്തില്‍ തിങ്കളാഴ്ച ഒരു പവന്റെ സ്വര്‍ണവില 108520 രൂപയായിരുന്നു. ചൊവ്വാഴ്ച രാവിലെ 107000 രൂപയായി കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞ് 106040 രൂപയായി. വരുംദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏത് സമയവും വിപണി മാറി മറിയാനുള്ള സാധ്യതയുമുണ്ട്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4090 ഡോളര്‍ വരെ താഴ്ന്നു. ഏറെ കാലത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ വിലയില്‍ എത്തുന്നത്.
ഡോളര്‍ സൂചിക ഏറെ കാലത്തിന് ശേഷം 100 എന്ന നിരക്ക് കടന്ന് കുതിക്കുകയാണ്. 106.16 എന്ന നിരക്കിലാണ് സൂചിക. രൂപയുടെ മൂല്യം 94.72 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. ഈ സാഹചര്യത്തിലാണ് ആഗോള നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ഡോളറിലേക്ക് തിരിയുന്നത്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു കറന്‍സികള്‍ മൂല്യം കുറയുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങള്‍ കുറഞ്ഞുവരികയും ചെയ്യും.














Click it and Unblock the Notifications