ചെറിയ പെരുന്നാളിന് സ്വര്‍ണം കുതിച്ചു... എക്കാലത്തേയും ഉയര്‍ന്നവില, പവന് 67000 കടന്നു! പുതിയ നിരക്ക് ഇതാ
ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് എത്തി സ്വര്‍ണം വന്‍ കുതിപ്പ് നടത്തുന്നു. ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് സ്വര്‍ണം വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് വില കൂടുന്നത്. ഡിമാന്‍ഡ് കൂടി നില്‍ക്കുന്ന സമയത്ത് വില നിയന്ത്രണാതീതമായി ഉയരുന്നത് ജ്വല്ലറികളെ സംബന്ധിച്ചിടത്തോളവും നേട്ടമല്ല.
വില കൂടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ ജ്വല്ലറികളിലേക്ക് എത്തുന്നത് കുറയും എന്ന ആശങ്കയിലാണ് വ്യാപാരികള്‍. വരുന്നവര്‍ പോലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ വലിയ കുറവാണ് വരുത്തിയിരിക്കുന്നത് എന്നാണ് വ്യാപാരികള്‍ പറയുന്നത്. ജ്വല്ലറികളില്‍ നിന്ന് വലിയ അളവില്‍ സ്വര്‍ണം വിറ്റ് പോകുമ്പോഴാണ് വ്യാപാരികള്‍ക്കും വില വര്‍ധനവിന്റെ നേട്ടം കൊയ്യാന്‍ സാധിക്കുക.

കേരളത്തില്‍ ഇന്ന് എത്രയാണ് ഗ്രാമിനും പവനും വര്‍ധിച്ചിരിക്കുന്നത് എന്ന് നോക്കാം. ഒരു ഗ്രം സ്വര്‍ണത്തിന് ഇന്ന് സംസ്ഥാനത്ത് 65 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 8360 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 8425 രൂപയായി വര്‍ധിച്ചു. ഇതാദ്യമായാണ് ഗ്രാം സ്വര്‍ണത്തിന്റെ വില 8400 പിന്നിടുന്നത്. പൊതുവെ സംസ്ഥാനത്ത് പവന്‍ നിരക്കിലാണ് സ്വര്‍ണം വാങ്ങിക്കാറുള്ളത്.
എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. ഇന്ന് പവനില്‍ 520 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി 67000 എന്ന നിരക്കും പവന്‍ പൊന്ന് ഭേദിച്ചു. ഇന്നലെ 66880 രൂപയായിരുന്നു ഒരു പവന്‍ പൊന്നിന്റെ വില. എന്നാല്‍ ഇന്ന് അത് 67400 രൂപയായി വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്.
ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3100 ഡോളര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് ആഗോള വിപണിയില്‍ സ്വര്‍ണം എത്തിയിട്ടുണ്ട്. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 3106.50 ഡോളറായി ഉയര്‍ന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളെക്കുറിച്ചുള്ള ആശങ്കകളും സാമ്പത്തിക പ്രത്യാഘാതങ്ങളും, ഭൗമരാഷ്ട്രീയ ആശങ്കകളും ആണ് സ്വര്‍ണ വിലയെ സ്വാധീനിച്ചിരിക്കുന്നത്.
ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന സ്വര്‍ണത്തിന്റെ വിശേഷണത്തിന് ഉത്തേജനം നല്‍കി. സ്വര്‍ണ വില ഈ വര്‍ഷം തന്നെ ഒന്നിലധികം തവണയാണ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഈ വര്‍ഷം ഇതുവരെ 18% ത്തിലധികം നേട്ടമാണ് സ്വര്‍ണം കൊയ്തത്. ഈ മാസം ആദ്യമാണ് ഔണ്‍സിന് 3000 ഡോളര്‍ എന്ന മാന്ത്രികസംഖ്യ ഡോളര്‍ പിന്നിട്ടത്.












Click it and Unblock the Notifications