സ്വര്‍ണവില പൊടുന്നനെ കുറഞ്ഞു; ജ്വല്ലറിയിലേക്ക് വിട്ടോ, മാറ്റത്തിന് കാരണം ഇതാണ്, പുതിയ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലെ ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. രാവിലെ നാനൂറ് രൂപയോളം കൂടിയിരുന്നു. ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞതായി വ്യാപാരികള്‍ അറിയിച്ചു. അന്തര്‍ദേശീയ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് സംഭവിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും സംഭവിച്ചത്.
ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണമായി പറയപ്പെടുന്നത്. യൂറോപ്പിനെതിരായ അധിക ചുങ്കം ചുമത്തുന്നത് അല്‍പ്പം നീട്ടിവയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഇതോടെ സംജാതമായ പുതിയ വിപണി സാഹചര്യമാണ് ഡോളര്‍ കരുത്ത് വര്‍ധിക്കാന്‍ ഇടയാക്കിയത്.

കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ പവന്‍ വില 71960 രൂപയായിരുന്നു. 22 കാരറ്റ് ഗ്രാമിന് 8995 രൂപയും 18 കാരറ്റ് ഗ്രാമിന് 7385 രൂപയും രാവിലെ രേഖപ്പെടുത്തിയിരുന്നു. അന്തര്‍ദേശീയ വിലയില്‍ താഴ്ച്ചയുടെ ട്രെന്‍ഡ് കാണിക്കുമ്പോള്‍ തന്നെയായിരുന്നു രാവിലെ വില കൂട്ടിയത്. എന്നാല്‍ വ്യാപാരം തുടരുന്ന വേളയിലും സ്വര്‍ണവില വീണ്ടും ഇടിയുകയാണ് ചെയ്യുന്നത്.
പുതിയ സ്വര്‍ണവില ഇതാണ്
ഇതോടെയാണ് കേരളത്തില്‍ വില കുറയ്ക്കാന്‍ സ്വര്‍ണ വ്യാപാരികള്‍ തീരുമാനിച്ചത്. ഉച്ചയ്ക്ക് ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന വില 71480 രൂപയാണ്. 480 രൂപ കുറഞ്ഞു. 22 കാരറ്റ് ഗ്രാമിന് 8935 രൂപയും 18 കാരറ്റ് ഗ്രാമിന് 7325 രൂപയുമാണ്. എന്നാല്‍ വെള്ളിയുടെ വില രാവിലെ രേഖപ്പെടുത്തിയ 110 എന്ന ഗ്രാം നിരക്കില്‍ തന്നെ തുടരുകയാണ്.
ഇന്ന് രാവിലെ കേരളത്തില്‍ സ്വര്‍ണവില തീരുമാനിക്കുന്ന വേളയില്‍ അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില 3350 ഡോളറിന് അടുത്തായിരുന്നു. ഉച്ചയ്ക്ക് ശേഷം വില 3300ന് താഴേക്ക് വീണു. ഇതോടെയാണ് വില കുറയ്ക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. വ്യാപാരം തുടരുന്നതിനാല്‍ അന്താരാഷ്ട്ര വിലയില്‍ ഇനിയും മാറ്റം സംഭവിച്ചേക്കാം.
ഡോളറും സ്വര്‍ണവും
എന്തുകൊണ്ടാണ് ഡോളര്‍ മുന്നേറുമ്പോള്‍ സ്വര്‍ണവില കുറയുന്നത് എന്ന് അറിയാമോ. ഡോളറുമായി മല്‍സരിക്കുന്ന പ്രധാനപ്പെട്ട ആറ് കറന്‍സികളുണ്ട്. യൂറോ, പൗണ്ട്, യെന്‍, യുവാന്‍ ഉള്‍പ്പെടെ. ഡോളര്‍ കരുത്ത് കുറയുമ്പോള്‍ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം കൂടും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങല്‍ നടക്കുകയും ചെയ്യും.
ഇപ്പോള്‍ ഡോളര്‍ മൂല്യം കൂടി വരുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഇതോടെ മറ്റു കറന്‍സികളുടെ മൂല്യം കുറയാന്‍ തുടങ്ങി. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുകയും ചെയ്തു. ഇതോടെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഡോളര്‍ സൂചിക രാവിലെ 98ലായിരുന്നു. ഇപ്പോള്‍ 100നോട് അടുക്കുകയാണ്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയും. 85.41 എന്ന നിരക്കിലാണ് രൂപയുടെ ഇപ്പോഴത്തെ വ്യാപാരം.
വരും ദിവസങ്ങളില്‍ ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില കുറയും. ഡോളര്‍-രൂപ മൂല്യം, അന്താരാഷ്ട്ര സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണവില എല്ലാ ദിവസവും നിശ്ചയിക്കാറുള്ളത്. ഡോളര്‍ കൂടുതല്‍ കരുത്ത് കാട്ടിയാല്‍ കേരളത്തില്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും.












Click it and Unblock the Notifications