സ്വർണവില ഇവിടെയെങ്ങും നില്‍ക്കില്ല കേട്ടോ, പവന് 71000 കടന്നേക്കും: ഇപ്പോള്‍ തന്നെ വാങ്ങിക്കോ, നേട്ടമുണ്ടാക്കാം
സ്വർണാഭരണ പ്രേമികള്‍ക്ക് കടുത്ത നിരാശ പങ്കുവെച്ചുകൊണ്ട് സ്വർണവില ഓരോ ദിവസം കഴിയുന്തോറും പുത്തന്‍ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പവന് 58400 രൂപ എന്ന നിരക്കിലാണ് ഇന്നലേയും ഇന്നുമായി സംസ്ഥാനത്ത് സ്വർണ വില്‍പ്പന നടക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് പണിക്കൂലിയും ജി എസ് ടിയും എച്ച് യു ഐഡി ചാർജുകളും ചേർത്ത് 63000 ത്തിന് മുകളില്‍ നല്‍കേണ്ടി വരും.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരേയുള്ള വിവിധ ഘടകങ്ങളാണ് സ്വർണ വിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണ്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വില വീണ്ടും വർധിക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

ദീപാവലിയോടൊപ്പം തന്നെ വിവാഹ സീസണും കൂടി വരുന്നതിനാല്‍ ഇന്ത്യയിലെ സ്വർണത്തിന്റെ ഡിമാന്‍ഡ് വരും മാസങ്ങളില്‍ ഉയർന്ന് നില്‍ക്കും. ഈ സാഹചര്യത്തില്‍ വർഷാവസാനം വരേയെങ്കിലും വില ഉയർന്ന് നില്‍ക്കുമെന്ന് ഉറപ്പാണ്. ദീപാവലി സമയത്ത് സ്വർണം വാങ്ങുന്നത് ശുഭകരമാണെന്ന വിശ്വാസം ഇന്ത്യക്കാർക്കിടയില്‍ ശക്തമാണ്.
സ്വർണ്ണാഭരണങ്ങൾ മുതൽ സ്വർണ്ണ ബാറുകൾ , സ്വർണ്ണ നാണയങ്ങൾ വരെ ആളുകള്‍ വാങ്ങുന്നു. അധികമൊന്നും ഇല്ലെങ്കിലും ഐശ്വര്യം ഉറപ്പ് വരുത്തുന്നതിനായി ഒരു ഗ്രാം സ്വർണമെങ്കിലും വാങ്ങുന്ന നിരവധി ആളുകളുണ്ട്. കാശുള്ളവരാണെങ്കില്‍ വാങ്ങുന്ന സ്വർണത്തിന്റെ അളവിലും കാര്യമായ വർധനവുണ്ടാകും.
വിവാഹ സീസണിലും സ്വർണ വില്‍പ്പനയില്‍ കാര്യമായ മുന്നേറ്റമുണ്ടാകും. ഉത്തരേന്ത്യയില്‍ കാർഷിക മേഖലയിലും ഇത്തവണ മികച്ച വിളവാണ് ലഭിച്ചത്. ഇത്തരം അവസരങ്ങളില്‍ ഗ്രാമീണ കർഷക ജനത തങ്ങളുടെ ലാഭത്തില്‍ നിന്നും വലിയൊരു വിഹിതം സ്വർണം വാങ്ങുന്നതിനായി മാറ്റുന്നതും പതിവാണ്. മികച്ച വിളവ് ലഭിച്ചതിനാല്‍ ഈ വർഷം അത് ഉയർന്ന് നില്‍ക്കും.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര സാഹചര്യങ്ങളും സ്വർണ വില വർധനവിന് അനുകൂലമാണ്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ഇപ്പോഴും ഉയർന്ന് തന്നെ നില്‍ക്കുകയാണ്. സാമ്പത്തിക രംഗം അനിശ്ചിതത്വത്തിലേക്ക് നീങ്ങുമ്പോള്‍ ആളുകള്‍ സ്വർണത്തിലേക്ക് കൂടുതല്‍ നിക്ഷേപിക്കുന്നതാണ് പതിവ്.
സ്വർണാഭരണങ്ങള്‍ക്ക് പുറമെ ഡിജിറ്റൽ സ്വർണ്ണം, സ്വർണ്ണ ഇടിഎഫുകൾ, സ്വർണ്ണ ബാറുകൾ, നാണയങ്ങൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപ മാർഗ്ഗങ്ങളിലും ശക്തമായ ഡിമാന്‍ഡാണ് നിലനില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന്റെ നിരക്ക് നിലവില്‍ ഔണ്‍സിന് 2729 ഡോളറാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇത് 2800 ഡോളറിലേക്കും ആറ് മുതൽ ഒമ്പത് മാസത്തിനുള്ളിൽ 3000 ത്തിലേക്കും എത്തിയേക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഔണ്‍സ് വില 3000 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ ഗ്രാമിന്റെ വില 8898 രൂപയും ഒരു പവന്‍ സ്വർണത്തിന്റെ വില 71184 രൂപയുമായിരിക്കും. സ്വർണ വില ഈ നിരക്കില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഇപ്പോള്‍ സ്വർണം വാങ്ങിക്കുന്നത് എന്തുകൊണ്ടും ലാഭകരമായ കാര്യമായിരിക്കും.












Click it and Unblock the Notifications