സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍
കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് അഭൂതപൂര്‍വമായ വര്‍ധനവ്. മറ്റൊരു വസ്തുവിനും ഇത്രയും വില കൂടിയിട്ടില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 45720 രൂപയാണ് ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത്. അതായത്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24ന് മുമ്പ് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് ഇത്രയും രൂപ ലാഭമാണ് എന്ന് ചുരുക്കം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടാകുന്നത്. ഇന്ന് പവന് 1.20 ലക്ഷം കടന്നു. ആഭരണം വാങ്ങുമ്പോള്‍ ഇത് 1.30 ആകും. വെള്ളിയുടെ വിലയിലും നേരിയ വര്‍ധനവുണ്ട്. ഇനിയും നേരിയ തോതില്‍ സ്വര്‍ണവില കൂടി വരുമെന്നാണ് വിലയിരുത്തല്‍. പഴയ സ്വര്‍ണം കൈവശമുള്ള പലരും വിറ്റ് പണമാക്കി സ്ഥലം വാങ്ങുകയും വീട് വയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗ്രാം വിലയില്‍ 5715 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2025 ഓഗസ്റ്റ് 24ന് ഗ്രാമിന് 9315 രൂപയും പവന് 74520 രൂപയും ആയിരുന്നു വില. ഇന്ന് ഗ്രാമിന് 15030 രൂപയും പവന് 120240 രൂപയുമായി. ഏകദേശം 62 ശതമാനം ആണ് വില വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ ഇത്രയും വില മാറ്റം സംഭവിച്ച മറ്റൊരു വസ്തു ഇല്ല.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് ലാഭകരമാണ് എന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി വിപണി നിരീക്ഷകര്‍ പറയുന്നു. എല്ലാ വര്‍ഷവും ഇതേ കുതിപ്പ് തുടരണം എന്നില്ല എങ്കിലും നേരിയ മുന്നേറ്റം തന്നെയാണ് സാധ്യത. എന്തുകൊണ്ടാണ് സ്വര്‍ണത്തിന് ഇത്രയും വില കൂടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രധാന കാരണം ഇറക്കുമതി തീരുവയാണ്. 15 ശതമാനമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ. ഇത് ഇല്ല എങ്കില്‍ ഗ്രാമിന് 3000 രൂപയും പവന് 24000 രൂപയും കുറയും.
ഇറക്കുമതി ചെയ്യുന്ന ഏതൊരു വസ്തുവിനും തീരുവ ഏര്‍പ്പെടുത്തും. സ്വര്‍ണം അവശ്യവസ്തു അല്ലാത്തതു കൊണ്ട് തീരുവ അല്‍പ്പം കൂടുതലായിരിക്കും. മുമ്പ് 15 ശതമാനമായിരുന്ന തീരുവ ഇടക്കാലത്ത് ആറ് ശതമാനത്തിലേക്ക് കേന്ദ്രം താഴ്ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വീണ്ടും ഉയര്‍ത്തി 15 ശതമാനത്തില്‍ എത്തിച്ചത്. ഇത് നികുതി തട്ടിപ്പിന് ഇടയാക്കുമെന്ന് ജ്വല്ലറി വ്യാപാരികള്‍ സൂചിപ്പിക്കുന്നു.
സ്വര്‍ണത്തിന്റെ വില കൂടാനുള്ള മറ്റൊരു പ്രധാന കാരണം രൂപയുടെ മൂല്യം ഇടിയുന്നതാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ വര്‍ഷവും കുത്തനെ ഇടിയുകയാണ് രൂപ. ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24ന് 3371 ഡോളര്‍ ആയിരുന്ന സ്വര്‍ണം വില ഇപ്പോള്‍ 4637 ഡോളറാണ്. ഏകദേശം 37 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ആഗോള യുദ്ധങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം എന്നിവ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നുണ്ട്. കൂടാതെ സ്വര്‍ണ ഖനന സാധ്യതകള്‍ പരിമിതപ്പെടുകയാണ്. വെള്ളിയുടെ വിലയിലും സമാനമായ കുതിപ്പ് രേഖപ്പെടുത്തുന്നുണ്ടെന്ന് കേരള ഗോള്‍ഡ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ ഗ്രാമിന് 120 രൂപയില്‍ നിന്ന് 260ലേക്കാണ് ഉയര്‍ന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.




Click it and Unblock the Notifications