സ്വര്‍ണം വാങ്ങുന്നുണ്ടോ? 30000 രൂപയ്ക്ക് ഒരു പവന്‍ കിട്ടും, 47000 രൂപ കൊടുത്താലും മതി, വിശദാംശങ്ങള്‍
കൊച്ചി: സ്വര്‍ണവില ക്രമേണ ഉയര്‍ന്ന് മുക്കാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഒരു പവന്‍ ആഭരണം വാങ്ങാന്‍ 80000 രൂപ വേണ്ടി വരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അര ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ സാധിച്ചിരുന്ന സ്വര്‍ണമാണ് വില കുതിച്ച് സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരിക്കുന്നത്. സ്വര്‍ണത്തിന് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതാണ് വില കൂടാന്‍ ഒരു കാരണം. എല്ലാവരും ആഭരണം വാങ്ങുന്നു എന്ന് കരുതരുത്. ബാര്‍, കോയിന്‍, ഇടിഎഫ് എന്നീ രീതികളിലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയാണ്.
വിപണിയില്‍ സ്വര്‍ണം വ്യത്യസ്തമായ പരിശുദ്ധിയില്‍ ലഭ്യമാണ്. കൂടിയ പരിശുദ്ധി 24 കാരറ്റും കുറഞ്ഞ പരിശുദ്ധി 9 കാരറ്റുമാണ്. രാജ്യാന്തര വിപണിയില്‍ 24 കാരറ്റിലാണ് വില്‍പ്പന. എന്നാല്‍ കേരളത്തില്‍ കൂടുതല്‍ പ്രചാരണത്തിലുള്ളത് 22 കാരറ്റാണ്. അതുകൊണ്ടുതന്നെ 22 കാരറ്റ് വിലയാണ് ജ്വല്ലറി വ്യാപാരികള്‍ എല്ലാ ദിവസവും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാറ്.

24 കാരറ്റ് എന്ന് പറയുന്നത് സമ്പൂര്‍ണമായ സ്വര്‍ണമാണ്. മറ്റു ലോഹങ്ങളുടെ അംശം ഇതിലുണ്ടാകില്ല. അതേസമയം, 22 കാരറ്റില്‍ നാമമാത്രമായി മറ്റു ലോഹങ്ങളുടെ അംശമുണ്ടാകും. ആഭരണങ്ങള്‍ നിര്‍മിക്കുമ്പോള്‍ കരുത്ത് കൂടുന്നതിനാണ് മറ്റു ലോഹങ്ങള്‍ ചേര്‍ക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9180 രൂപയും പവന് 73440 രൂപയുമാണ് ഇന്ന് കേരളത്തിലെ വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
അതേസമയം, വില കൂടി വരുന്ന ഇക്കാലത്ത് ഉയര്‍ന്ന വില കൊടുത്ത് സ്വര്‍ണം വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് കാരറ്റ് കുറഞ്ഞ സ്വര്‍ണത്തെ ആശ്രയിക്കാം. 18, 14, 9 കാരറ്റുകളില്‍ സ്വര്‍ണം ലഭ്യമാണ്. ആഭരണങ്ങള്‍ വ്യത്യസ്ത മോഡലില്‍ ജ്വല്ലറികളില്‍ വില്‍ക്കുന്നുമുണ്ട്. സ്വര്‍ണവില കൂടിയതോടെ ഈ കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് പ്രിയം ഏറിയിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.
കുറഞ്ഞ വിലയിലെ സ്വര്‍ണാഭരണങ്ങള്‍ ഇവയാണ്
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7530 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ വാങ്ങുമ്പോള്‍ 60240 രൂപയാകും. ആഭരണത്തിന്റെ വില പരിശോധിച്ചാല്‍ 67000 രൂപ വരെ ഒരു പവന് എത്തിയേക്കാം. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ചേരുമ്പോഴാണിത്. 75 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമാണ് ഈ പരിശുദ്ധിയിലുള്ള ആഭരണത്തിലുണ്ടാകുക.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5865 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 46920 രൂപയാകും. ആഭരണം വാങ്ങുമ്പോള്‍ 54000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. 58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ്, വെള്ളി, സിങ്ക് എന്നിവയും ചേര്‍ത്താണ് ഈ പരിശുദ്ധിയിലുള്ള ആഭരണങ്ങള്‍ നിര്‍മിക്കുക. കരുത്തും ഈടും കൂടാന്‍ ഇത് സഹായിക്കും.
9 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ ഗ്രാം വില 3780 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 30240 രൂപയാകും. ആഭരണം വാങ്ങുമ്പോള്‍ 36500 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ആഭരണം വാങ്ങുമ്പോള്‍ ഏത് കാരറ്റിലുള്ള സ്വര്‍ണത്തിനും പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഉപഭോക്താവ് നല്‍കണം. 9 കാരറ്റ് ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയത് കഴിഞ്ഞാഴ്ചയാണ്.
ആഭരണം എന്ന രീതിയില്‍ മാത്രം വാങ്ങുന്നവര്‍ക്കാണ് ഈ മൂന്ന് കാരറ്റിലുള്ള സ്വര്‍ണം ഉപയോഗപ്പെടുക. എന്നാല്‍, തിടുക്കം വന്നാല്‍ ബാങ്കില്‍ പണയം വയ്ക്കണം എന്ന് കരുതുന്നവര്‍ക്ക് ഇവ ഉപകാരപ്പെടില്ല. കാരണം ഗോള്‍ഡ് ലോണ്‍ നല്‍കുന്ന ബാങ്കുകള്‍ 22 കാരറ്റിലെ ആഭരണങ്ങള്‍ മാത്രമാണ് ഈടായി സ്വീകരിക്കുന്നത്. കാരറ്റ് കുറഞ്ഞ പഴയ സ്വര്‍ണം തിരിച്ചുവില്‍ക്കുന്ന വേളയില്‍ ആനുപാതികമായ വിലയേ ജ്വല്ലറി വ്യാപാരികള്‍ കണക്കാക്കൂ.












Click it and Unblock the Notifications