സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് ഒറ്റയടിക്ക് വന്‍ കുതിപ്പ്, തിരിച്ചടിച്ച കാര്യം ഇതാണ്, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും പ്രകടമായത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 60 ഡോളര്‍ ഉയര്‍ന്നു. ഇതേ തുടര്‍ന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയിലധികം വര്‍ധിച്ചു. ഇന്ത്യന്‍ രൂപ മൂക്കുകുത്തി വീണതാണ് സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് പ്രധാന കാരണം.
അമേരിക്ക പ്രഖ്യാപിച്ച ഉയര്‍ന്ന താരിഫ് ഇന്ത്യന്‍ വിപണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയാന്‍ ഇത് കാരണമായി. എണ്ണയും സ്വര്‍ണവും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വാങ്ങുന്നതിന് കൂടുതല്‍ ഡോളര്‍ ചെലവഴിക്കേണ്ട അവസ്ഥയാണ് ഇന്ത്യയ്ക്കുള്ളത്. ഇതോടെ രൂപയുടെ മൂല്യം ശോഷിക്കുന്നതാണ് തിരിച്ചടി. എങ്കിലും വലിയ ഇടിവില്‍ നിന്ന് രൂപ നേരിയ തിരിച്ചുവരവ് നടത്തിയത് ആശ്വാസമാണ്.

87.60 വരെ എത്തിയ രൂപ അല്‍പ്പം തിരിച്ചുകയറി 87.20 എന്ന നിരക്കില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചരക്കുകള്‍ക്ക് അമേരിക്ക 25 ശതമാനം ചുങ്കമാണ് ചുമത്തിയിട്ടുള്ളത്. അതായത്, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമ്പോള്‍ 25 ശതമാനം ചുങ്കം നല്‍കണം. ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വില കൂടാന്‍ ഇത് കാരണമാകും. മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ പ്രതിസന്ധിയിലാകുകയും ചെയ്യും.
കയറ്റുമതിക്കാര്‍ മറ്റു വിപണികള്‍ കണ്ടെത്തുക എന്നതാണ് ഒരു പോംവഴി. അമേരിക്കയുമായി ചര്‍ച്ച നടത്തി ചുങ്കം കുറയ്ക്കാന്‍ ശ്രമിക്കുക എന്നാണ് മറ്റൊരു മാര്‍ഗം. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായ അമേരിക്കയുമായി ഇന്ത്യയ്ക്ക് വലിയ വ്യാപാര ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഇത്രയും ഉയര്‍ന്ന നികുതി കൊടുക്കേണ്ടി വരുമ്പോള്‍ തിരിച്ചടി സ്വാഭാവികമാണ്. കയറ്റുമതി പ്രതിസന്ധിയിലായാല്‍ ഇന്ത്യയില്‍ പലര്‍ക്കും ജോലി നഷ്ടമാകാനും സാധ്യതയുണ്ട്.
ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ വര്‍ധിച്ച് 9290 രൂപയായി. പവന് 1120 രൂപ കൂടി 74320 രൂപയിലെത്തി. സമീപകാലത്ത് ഇത്രയും ഉയര്‍ച്ച ഒരു ദിവസമുണ്ടാകുന്നത് ആദ്യമാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 7620 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 5935 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3825 രൂപയും. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 120 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3362 ഡോളറാണ് പുതിയ വില.
ഡോളര്‍ സൂചിക 98.69 എന്ന നിരക്കിലാണുള്ളത്. വലിയ കുതിപ്പ് നടത്തുമെന്ന സൂചന നല്‍കിയ ഡോളര്‍ അല്‍പ്പം ഇടിയുകയാണ് ചെയ്തിട്ടുള്ളത്. ക്രൂഡ് ഓയില്‍ വിലയും താഴ്ന്നു. കഴിഞ്ഞ ദിവസം 73 ഡോളര്‍ വരെ എത്തിയ ബ്രെന്റ് ക്രൂഡ് വില ഇന്ന് 70 ഡോളറിലാണുള്ളത്. ഇത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. കാരണം, ഇന്ത്യ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നത് ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാണ്.
ഇന്ന് ഒരു പവന്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81000 വരെ ചെലവ് വന്നേക്കും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണെങ്കില്‍ പണിക്കൂലി ഉയരുകയും വില വര്‍ധിക്കുകയും ചെയ്യും. ആഭരണം മാത്രം ലക്ഷ്യമിടുന്നവര്‍ക്ക് 18, 14, 9 കാരറ്റിലെ സ്വര്‍ണമാണ് നല്ലത്. വ്യത്യസ്ത മോഡല്‍ ആഭരണങ്ങള്‍ ഈ കാരറ്റുകളില്‍ വിപണിയില്‍ ലഭ്യമാണ്.












Click it and Unblock the Notifications