സ്വർണവില കുത്തനെ താഴേക്ക് തന്നെ: ട്രെൻ്റ് തുടർന്നാൽ പവൻ വില 92000ത്തിലേക്ക് വീഴും? അറിയാം
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 60 രൂപ ഉയർന്ന് 13195 രൂപയിലാണ് 22 കാരറ്റ് വ്യാപാരം നടത്തുന്നത്. പവൻ വില 1,05,560 രൂപയായി. 18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 10,800 രൂപയാണ്.
കഴിഞ്ഞ ആഴ്ച മുഴുവൻ സ്വർണത്തിന് വലിയ വിലയിടിവായിരുന്നു രേഖപ്പെടുത്തിയത്. 1.08 ലക്ഷം ഉണ്ടായിരുന്ന പവൻ വില വില താഴ്ന്ന് 1.04 ലക്ഷമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് വില മുകളിലേക്ക് ഉയർന്ന് തുടങ്ങിയത്. അതേസമയം ഇനി വില തിരിച്ചുകയറുമോ അതോ ഇനിയും താഴേക്ക് പോകാൻ സാധ്യതയുണ്ടോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

ഇപ്പോഴത്തെ ട്രെൻ്റ് തുടരുകയാണെങ്കിൽ വില താഴേക്ക് പോകാൻ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൻ്റെ ഒക്ടോബറിലെ പണനയ യോഗം ഇന്ന് നടക്കും. യോഗത്തിൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്. നിരക്ക് ഉയർത്തിയാൽ സ്വാഭാവികമായും സ്വർണത്തിന് കനത്ത തിരിച്ചടിയുണ്ടാകും. പലിശ വരുമാനം നൽകാത്ത സ്വർണത്തെ നിക്ഷേപകർ ഉപേക്ഷിക്കുന്നതോടെ ഡിമാൻ്റ് കുറയുകയും വിലയിടിയുകയും ചെയ്യും.
ഈ മാസം നിരക്ക് ഉയർത്തില്ലെങ്കിലും ഡിസംബറോടെ നിരക്ക് ഉയർത്താനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സപ്റ്റംബറിൽ നേരത്തേ 0.25 ബേസിസ് പോയിൻ്റ് ഉയർത്തിയിരുന്നു. 2023 ന് ശേഷം ആദ്യമായാട്ടായിരുന്നു ഈ വർധനവ്. ഡിസംബറിൽ നിരക്ക് ഉയർത്തിയാൽ സ്വർണവിലയിൽ വലിയ തിരുത്തൽ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം നിരക്ക് ഉയർത്തിയില്ലെങ്കിലും പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നത് സ്വർണത്തിന് ക്ഷീണം തീർക്കുകയാണ്. നവംബർ മൂന്നിന് ശേഷം ഇറാനെതിരെ കൂടുതൽ ആക്രമണം ഉണ്ടാകുമെന്നാണ് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. യു.എസ് ഭീഷണിയെ നേരിടാൻ സർവ്വം സജ്ജമാണെന്ന് ഇറാനും വ്യക്തമാക്കി കഴിഞ്ഞു. സംഘർഷം കടുത്താൽ എണ്ണവില വീണ്ടും ഉയരും. നിലവിൽ ബാരലിന് 110 ഡോളറിന് മുകളിലാണ് എണ്ണ വില. വില ഉയരുന്നത് ഡോളറിൻ്റെ മൂല്യം ഉയർത്തുകയും സ്വർണത്തിൻ്റെ വിലയിടിവിന് കാരണമാകുകയും ചെയ്യും.
4000 ഡോളറിലേക്ക് ഇനിയും താഴുമോ?
കഴിഞ്ഞാഴ്ച സ്വർണവില ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് നീങ്ങിയിരുന്നു. സാഹചര്യം പ്രതികൂലമായാൽ വില 3500 ഡോളർ വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് അമേരിക്ക പോലുള്ള സാമ്പത്തിക സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ കേരളവിപണിയിലും വലിയ വിലയിടിവ് പ്രതീക്ഷിക്കാം. 92,000 രൂപ വരെ വില ഇടിഞ്ഞേക്കുമെന്നാണ് വിലയിരുത്തലുകൾ.


Click it and Unblock the Notifications
