സ്വര്‍ണവില വീണ്ടും കുതിച്ചു; ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്, പുതിയ സാധ്യത ഇങ്ങനെ, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നു വരികയാണ്. വിപണിയില്‍ വ്യാപാര കരാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കയാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചുങ്കം എങ്ങനെയാണ് നിശ്ചയിക്കുക എന്നാണ് ഇനി അറിയേണ്ടത്. കരാറിലെത്താത്ത രാജ്യങ്ങള്‍ക്ക് കുറഞ്ഞ ചുങ്ക പരിധിയില്‍ മാറ്റം വരുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
അതേസമയം, അമേരിക്കയുടെ പലിശ നിരക്കില്‍ വൈകാതെ മാറ്റം വരുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവലിനെതിരെ ട്രംപിന്റെ അനുകൂലികള്‍ നടത്തുന്ന നീക്കങ്ങളാണ് ഈ സംശയത്തിന് കാരണം. അമേരിക്കന്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചതും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഇന്ന് വിപണിയിലെ പ്രധാന വാര്‍ത്തയാണ്.

കേരളത്തില്‍ ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 73240 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 22 കാരറ്റ് ഗ്രാമിന് 15 രൂപ കൂടി 9155 രൂപയായി. 15 കാരറ്റ് സ്വര്‍ണം ഗ്രാമിനും 15 രൂപ കൂടി 7505 രൂപയിലെത്തി. അതേസമയം, വെള്ളിയുടെ വില വന്‍തോതില്‍ കുതിക്കുന്നുണ്ട്. ഗ്രാമിന് ഇന്ന് രണ്ട് രൂപ വര്‍ധിച്ച് 124 രൂപയിലെത്തി. കേരളത്തിലെ സര്‍വകാല റെക്കോര്‍ഡ് വെള്ളി വിലയാണിത്.
സ്വര്‍ണവില കുറയുമോ?
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. ഔണ്‍സ് സ്വര്‍ണത്തിന് 3365 വരെ ഉയര്‍ന്ന ശേഷം 3357 ഡോളറിലേക്ക് താഴ്ന്നു. ഇനിയും വില കൂടുമെന്നാണ് കരുതുന്നത്. പരമാവധി വിലയില്‍ എത്തി എന്ന് തോന്നിയാല്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം കൊയ്യാന്‍ ശ്രമിക്കും. അങ്ങനെ മാറ്റം സംഭവിക്കുമ്പോഴാണ് സ്വര്‍ണവില കുറയുക.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 72000 രൂപയാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1240 രൂപയുടെ വര്‍ധനവാണുള്ളത്. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ വിലയില്‍ ചാഞ്ചാട്ടം സംഭവിച്ചു എങ്കിലും ആദ്യാവസാന കണക്കുകള്‍ നോക്കിയപ്പോള്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല.
ഡോളര്‍ നിരക്ക് മുന്നേറുന്നത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് സാധാരണ സംഭവിക്കുക. ഇന്ന് ഡോളര്‍ സൂചിക 97.96 എന്ന നിരക്കിലാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 86 ആയിട്ടുണ്ട്. രൂപ മൂല്യം കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇത് പ്രവാസികള്‍ക്ക് നേട്ടമാണ്.
ക്രൂഡ് ഓയില്‍ വിലയില്‍ മുന്നേറ്റമുണ്ടായതാണ് ഡോളര്‍ കുതിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 70 ഡോളര്‍ കടന്നു കകുതിക്കുകയാണ്. ട്രംപ് ഉയര്‍ത്തുന്ന വ്യാപാര പോര് വിപണിയെ മൊത്തം ബാധിക്കുന്നുണ്ട്. ഓഹരി വിപണികള്‍ ഇടിവിലാണുള്ളത്. അതേസമയം, ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തിയിട്ടുണ്ട്. സ്വര്‍ണവും ബിറ്റ് കോയിനുമാണ് ഇപ്പോള്‍ വില ഉയരുന്നത്. 121000 ഡോളര്‍ ആണ് ബിറ്റ് കോയിന്‍ വില.












Click it and Unblock the Notifications