സ്വർണ വിലയില്‍ ഏപ്രില്‍ ചൂട്: 2880 രൂപയുടെ വർധനവും, ഇന്നും റെക്കോർഡ് തിരുത്തി
കൊച്ചി: സംസ്ഥാനത്ത് ഓരോ ദിവസവും റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് സ്വർണ വില മുന്നേറുകയാണ്. വർധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തരമൊരു വർധനവ് സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ലെന്നാണ് കച്ചവടക്കാർ അടക്കം പറയുന്നത്. വില ഈ നിലയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ സാധാരണക്കാർ സ്വർണത്തിന്റെ കാര്യം മറക്കേണ്ടി വരുമെന്നതില്‍ സംശയമില്ല.
22 കാരറ്റ് സ്വർണത്തിന് പവന് 800 രൂപയാണ് ഇന്ന് രാവിലെ വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 53760 രൂപയായി. ഇന്നലെ 52960 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് ഇന്ന് 100 രൂപയാണ് കൂടി ഇന്നലത്തെ നിരക്കായ 6620 ല്‍ നിന്നും 6720 ലേക്കും എത്തി. ഓരോ ദിവസവും പുതിയ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ടാണ് സ്വർണ വില കുതിക്കുന്നത്.

അന്താരാഷ്ട വിപണയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രിലില്‍ ഇതുവരെ രണ്ട് തവണ മാത്രമാണ് സ്വർണ വില കുറഞ്ഞത്. ഏപ്രില്‍ 1 ന് പവന് 50880 രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വിപണി. 680 രൂപയായിരുന്നു അന്ന് വർധിച്ചത്. എന്നാല്‍ രാണ്ടാം തിയതി പവന് 200 രൂപ കുറഞ്ഞ് 50680 എന്നതിലേക്ക് എത്തി. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഇതാണ്.
ഏപ്രില്‍ മൂന്നിന് 600, നാലിന് 400 എന്നിങ്ങനെയായിരുന്നു വർധനവ്. എന്നാല്‍ അഞ്ചാം തിയതി 360 രൂപ കുറഞ്ഞു. അതിന് ശേഷം ഇതുവരെ സ്വർണ വിലയില്‍ കുറവ് ഉണ്ടായിട്ടില്ല. ആറാം തിയതി 1160 രൂപയും എട്ടാം തിയതി 240 രൂപയും വർധിച്ചു. ഒമ്പതിന് 200, പത്തിന് 80, പതിനൊന്നിന് 80 എന്നിങ്ങനെയായിരുന്നു വർധനവ്. ഫലത്തില്‍ കേവലം 12 ദിവസം കൊണ്ട് സ്വർണ വിലയില്‍ ഉണ്ടായത് 2880 രൂപയുടെ വർധനവ്.
പണിക്കൂലിയും ജിഎസ്ടിയുമൊക്കെ ചേർത്ത് ഒരു പവന്‍ സ്വർണ വാങ്ങണമെങ്കില്‍ 59000-60000 രൂപ നല്‍കണം എന്നതാണ് സ്ഥിതി. അന്താരാഷ്ട്ര വിപണിയിലും സ്വർണ വിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2383 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്. 24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായും വർധിച്ചു. നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ അടുത്ത ആഴ്ചയോടെ തന്നെ അന്താരാഷ്ട്ര തലത്തില്‍ വില 2500 ഡോളറിലേക്ക് എത്തും.












Click it and Unblock the Notifications