സ്വർണ വിലയില്‍ നാലാം ദിവസവും ഞെട്ടിച്ച ഇടിവ്: 10 ദിവസത്തിനുള്ളില്‍ കുറഞ്ഞത് ഇത്രയും രൂപ
കൊച്ചി: സ്വർണപ്രേമികള്‍ക്ക് ആശ്വാസമായി വിലയിലെ ഇടിവ് തുടരുന്നു. ആഗസ്ത് മാസത്തില്‍ വലിയ ഇടിവാണ് സ്വർണത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ പ്രവണത തുടർന്ന് ഇന്നും സംസ്ഥാനത്തെ സ്വർണ വില താഴോട്ട് തന്നെയാണ്. ഓണം ആഘോഷ വേളയില്‍ സ്വർണം വാങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് നിലവിലെ വിലയിടിവ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ ഇന്ന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലത്തെ വിലയായ 5470 ല്‍ നിന്നും ഗ്രാമിന്റെ വില 5455 എന്നതിലേക്ക് എത്തി. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞതോടെ വില 43640 ലേക്ക് എത്തി. കഴിഞ്ഞ ദിവസം പവന് 43760 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്.

22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റ് സ്വർണത്തിലും ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 16 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില 5967 ല്‍ നിന്നും 5951 ലേക്ക് ഇടിഞ്ഞു. ഒരു പവന്റെ വിലയില്‍ 128 രൂപയും ഇടിഞ്ഞു. 47736 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് നല്‍കേണ്ടിയിരുന്നതെങ്കില്‍ ഇന്ന് അത് 47608 രൂപയാണ്.
കഴിഞ്ഞ മൂന്ന് മാസം കൊണ്ടുമാത്രം സ്വർണ വിലയില്‍ ഉണ്ടായിരിക്കുന്നത് 480 രൂപയുടെ ഇടിവാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയായിരുന്നു കുറഞ്ഞതെങ്കില്‍ 8, 9 തിയതികളില്‍ വില പവന് 80 രൂപ വീതവും ഇടിഞ്ഞു. ഇതോടെയാണ് ഈ മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില എത്തിയിരിക്കുന്നത്.
120 രൂപ വർധനവോടെയായിരുന്നു ആഗസ്ത് മാസത്തിലെ സ്വർണ വിപണി ആരംഭിച്ചത്. ഒന്നാം തിയതി ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് നല്‍കേണ്ടിയിരുന്നത് 44320 രൂപയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം 240 രൂപ കുറഞ്ഞതോടെ വില 44080 ലേക്ക് എത്തി. മൂന്നാം തിയതിയും വർധനവ് തുടർന്നു. 120 രൂപയായിരുന്നു അന്ന് കുറഞ്ഞത് - വില 43960 രൂപ.
ആഗസ്ത് അഞ്ചിന് 120 രൂപ ഉയർന്നതോടെ വില വീണ്ടും 44120 ലേക്ക് എത്തി. ആറ്, ഏഴ് തിയതികളിലും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതിന് ശേഷമുള്ള നാല് ദിനങ്ങളിലാണ് വില 480 രൂപയോളം ഇടിയുന്നത്. ഫലത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ ഒരു പവന്റെ വിലയില്‍ 680 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷ.
അന്താരാഷ്ട്ര വിപണിയിലെ ഫലങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 4%ലേക്ക് കുറയുന്നത് സ്വർണത്തിന് അനുകൂലമായി. അന്താരാഷ്ട്ര വിപണിയിൽ ഓൺസിന് 1,913.05 ഡോളർ എന്ന നിലയ്ക്കാണ് സ്വർണ വില. ഈ ആഴ്ചയിൽ 1.4 ശതമാനം ഇടിവാണ് സ്വർണ വിലയിലുണ്ടായത്.












Click it and Unblock the Notifications