സ്വർണവിലയില്‍ കേരളപ്പിറവി സമ്മാനം; വില കുറഞ്ഞു, സമീപകാലത്തെ ഏറ്റവും വലിയ ഇടിവ്
തിരുവനന്തപുരം: കേരളത്തില്‍ സ്വർണ വിലയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഒക്ടോബർ മാസം കടന്നു പോയത്. നിരവധി തവണ പുതിയ ഉയരങ്ങള്‍ താണ്ടി ഒടുവില്‍ 59640 എന്ന നിരക്കിലാണ് ഒക്ടോബർ മാസത്തില്‍ വിപണി ക്ലോസ് ചെയ്തത്. വില ഉയർന്നെങ്കിലും ഉത്സവ സീസണ്‍ ആയതിനാല്‍ തന്നെ മികച്ച രീതിയിലുള്ള കച്ചവടമാണ് നടന്നത്. ഒക്ടോബർ കടന്ന് നവംബറിലേക്ക് കടക്കുമ്പോള്‍ ആശ്വാസമെന്നോണം ആദ്യ ദിനത്തില്‍ സ്വർണവിലയില്‍ വലിയ ഇടിവുണ്ടായിരിക്കുകയാണ്.
22 കാരറ്റ് സ്വർണത്തിന് പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അടുത്ത കാലത്ത് സ്വർണ വിലയിലുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കിലുള്ള ഇടിവാണ് ഇത്. ഇതിന് മുമ്പ് ഒക്ടോബർ 9 നാണ് 560 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. ഇന്നത്തെ ഇടിവോടെ കേരള വിപണയില്‍ ഒരു പവന്‍ സ്വർണത്തിന്റെ നിരക്ക് 59080 ലേക്ക് എത്തി. 59640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ഗ്രാമിന് 70 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ വില 7385 ലേക്ക് താഴ്ന്നു. ഇന്നലത്തെ ഗ്രാം വില - 7455. 22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും ഉണ്ടായി. 24 കാരറ്റില്‍ പവന് 616 കുറഞ്ഞതോടെ വില 64448 ലേക്ക് താഴ്ന്നു. ഗ്രാം വില-8056. പതിനെട്ട് കാരറ്റില്‍ പവന് 464 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ പവന്‍, ഗ്രാം വില യഥാക്രമം 48336, 6042.
അതേസമയം, 12 തവണ വിലയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഒക്ടോബർ മാസം കടന്ന് പോയത്. പവന് 56400 രൂപ എന്ന നിരക്കിലാണ് ഒക്ടോബർ ഒന്നിന് വിപണി ആരംഭിച്ചത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഉയർന്ന വില ഒടുവില്‍ 59640 രൂപയിലേക്ക് എത്തുകയായിരുന്നു. ഒക്ടോബർ 10 ന് രേഖപ്പെടുത്തിയ പവന് 56200 രൂപയാണ് മാസത്തിലെ ഏറ്റവും കുറഞ്ഞ് നിരക്ക്.
ഒക്ടോബർ മാസത്തിലെ കുറഞ്ഞ നിരക്കും ഉയർന്ന നിരക്കും തമ്മിലുള്ള വ്യത്യാസം 3440 രൂപയുടേതാണ്. മാസത്തിലെ ആകെ കണക്കെടുക്കുകയാണെങ്കില്‍ ഒറ്റ മാസത്തിൽ പവന് 3240 രൂപ വർധിച്ചു. ഒക്ടോബറിലെ അവസാന മൂന്ന് ദിനത്തില്‍ മാത്രം 1120 രൂപ കൂടി. രാജ്യാന്തര വിപണയിലെ കുതിപ്പിന്റെ പ്രതിഫലനമായിട്ടാണ് ആഭ്യന്തര വിപണിയിലും വില വർധിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയിലെ നേരിയ ചലനങ്ങള്‍ പോലും രാജ്യത്തെ വിപണിയേയും സ്വാധീനിക്കും. പ്രതിസന്ധിയുടെ കാലത്ത് കൂടുതല്‍ ആളുകള്‍ സ്വർണത്തിലേക്ക് നിക്ഷേപിക്കുന്നതാണ് വില വർധനവിന്റെ പ്രധാന കാരണം.












Click it and Unblock the Notifications