സ്വര്‍ണവില വീണു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, പവന്‍ വില കുറയാന്‍ കാരണം ഇതാണ്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നു വന്ന വിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനമാണ് സ്വര്‍ണവില കുറയാന്‍ കാരണം. എന്നാല്‍ ഏത് സമയവും തിരിച്ചുകയറാന്‍ പര്യാപ്തമായ ഒരു മാറ്റം വിപണിയില്‍ സംഭവിക്കുന്നുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ അധിക ചുങ്കം ചുമത്തുന്നത് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഇത് വിപണിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ ഇന്ന് ഓഹരി വിപണികള്‍ ഉള്‍പ്പെടെ ഉണര്‍വിലാണ്. വലിയ ചുങ്കം ചുമത്തുന്നത് അമേരിക്കന്‍ വിപണിയില്‍ വിപരീതഫലം ഉണ്ടാക്കുമെന്ന ആശങ്കയാണ് ട്രംപിന്റെ പുതിയ നീക്കത്തിന് കാരണം.

അതേസമയം, ഡോളര്‍ സൂചിക ഇടിഞ്ഞു വീഴുന്നത് സ്വര്‍ണത്തിന് ഭീഷണിയാണ്. ഈ വേളയില്‍ സ്വര്‍ണവില കൂടാനുള്ള സാധ്യതയുണ്ട്. ഡോളറുമായി മല്‍സരിക്കുന്ന പ്രധാനപ്പെട്ട ആറ് കറന്‍സികളുടെയും മൂല്യം വര്‍ധിക്കുകയാണ്. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിച്ചുകഴിഞ്ഞാല്‍ സ്വര്‍ണവില കൂടും. ഡോളര്‍ സൂചിക ഇപ്പോള്‍ 98ലേക്ക് ഇടിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും ഇടിവ് ഡോളര്‍ നേരിടുന്നത്.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 71600 രൂപയാണ് വില. 320 രൂപ കുറഞ്ഞു. അതേസമയം, ഗ്രാമിന് 40 രൂപ താഴ്ന്ന് 8950 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 3347 ഡോളറാണ് നല്‍കേണ്ടത്. നേരത്തെ 3350 ഡോളര്‍ കടന്ന് കുതിച്ച ശേഷമാണ് ഇടിഞ്ഞത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ സെന്‍സെക്‌സ് നേട്ടത്തിലാണ്. അതേസമയം, ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളറിന് അടുത്തെത്തി.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 73040 രൂപയായിരുന്നു. കുറഞ്ഞത് 68880 രൂപയും. അതേസമയം, ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും. ഡോളര്‍ കരുത്ത് ചോരുന്ന ഘട്ടത്തില്‍ രൂപ ശക്തിപ്പെടുന്നുണ്ട്. 85.04 എന്ന നിരക്കിലാണ് രൂപ. നേരത്തെ 86 എന്ന നിരക്കിന് അടുത്തെത്തിയിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില
22 കാരറ്റ് സ്വര്‍ണത്തിന് വലിയ തോതില്‍ വില കൂടിയ സാഹചര്യത്തിലാണ് 18 കാരറ്റിന് കേരള വിപണിയില്‍ ആവശ്യക്കാര്‍ ഏറിയത്. ലൈറ്റ് വെയ്റ്റ്് ആഭരണം ചോദിച്ച് നിരവധി പേരാണ് എത്തുന്നത് എന്ന് ജ്വല്ലറിക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ മിക്ക ജ്വല്ലറികളിലും ഇതിന് പ്രത്യേക കൗണ്ടര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കാരറ്റിലുള്ള സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 7345 രൂപയാണ് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത്. 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ആണെങ്കില്‍ 58760 രൂപയാകും. പണിക്കൂലി, ജിഎസ്ടി എന്നിവ ഇതിന് പുറമെ വരും. എല്ലാം കൂടി ചേരുമ്പോള്‍ ഒരു പവന്‍ ആഭരണത്തിന് 65000 രൂപയ്ക്ക് അടുത്ത് പ്രതീക്ഷിക്കാം. ആഭരണങ്ങള്‍ മാത്രമാണ് ഈ കാരറ്റിലുള്ള സ്വര്‍ണത്തില്‍ ലഭിക്കുക. കോയിന്‍, ബാര്‍ എന്നിവ കിട്ടില്ല.
വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സ്വര്‍ണം അത്യാവശ്യം ഉള്ളവര്‍ ഇന്ന് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. പ്രമുഖ ജ്വല്ലറികളിലെല്ലാം ഈ സൗകര്യം ലഭ്യമാണ്. ബുക്ക് ചെയ്യുന്ന സമയത്തെ വിലയോ, വാങ്ങുന്ന സമയത്തെ വിലയോ, ഏതാണ് കുറവ് വരുന്നത് ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നതാണ് അഡ്വാന്‍സ് ബുക്കിങിന്റെ സൗകര്യം. നല്‍കുന്ന തുക പരിശോധിച്ചാണ് ബുക്കിങിന്റെ കാലാവധി ജ്വല്ലറികള്‍ നിശ്ചയിക്കുക. മുഴുവന്‍ തുകയും നല്‍കി അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ കാലാവധി നല്‍കുന്ന ജ്വല്ലറികളുണ്ട്.
മാത്രമല്ല, വാങ്ങുന്ന വേളയില്‍ തന്നെ തിരിച്ചുവില്‍ക്കുമ്പോഴുള്ള കാര്യങ്ങളും ചോദിച്ചറിയണം. ഇത് സംബന്ധിച്ച് ബില്ലിന്റെ പിന്‍ഭാഗത്ത് എഴുതിയ കാര്യങ്ങളില്‍ ഉപഭോക്താവ് വ്യക്തത വരുത്തണം. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ സംബന്ധിച്ചും ചോദിച്ചറിയണം. പണിക്കൂലി കുറയ്ക്കാന്‍ വില പേശല്‍ നടത്തുകയും ചെയ്യാം.












Click it and Unblock the Notifications