സ്വര്‍ണവില കുതിക്കുന്നു; ഈ മാസത്തെ റെക്കോര്‍ഡ് നിരക്കിലെത്തി, പുതിയ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ തുടര്‍ച്ചയായി സ്വര്‍ണവില ഉയരുന്നു. ഇന്ന് വില വീണ്ടും വര്‍ധിച്ചതോടെ ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മാത്രമല്ല, പവന്‍ സ്വര്‍ണത്തിന് 73000 രൂപ കടന്നു എന്നതും എടുത്തു പറയേണ്ടതാണ്. വെള്ളിയുടെ വിലയിലും ഇന്ന് വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില കൂടാനുള്ള സാധ്യതയുണ്ട്.
അമേരിക്ക സ്വീകരിക്കുന്ന വാണിജ്യ നയങ്ങളിലെ അസ്ഥിരത, രാജ്യാന്തര രാഷ്ട്രീയ പോരുകള്‍, സാമ്പത്തിക രംഗത്ത് കേന്ദ്ര ബാങ്കുകളുടെ നയങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കും. നാളെ ആര്‍ബിഐ പലിശ നിരക്കില്‍ മാറ്റം വരുത്തും എന്നാണ് വിവരം. അതേസമയം, അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് ഈ മാസം പലിശ നിരക്ക് മാറ്റുന്ന കാര്യത്തില്‍ ആലോചന നടത്തും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 73040 രൂപയായി. 320 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9130 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കൂടി 7490 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 113 രൂപയായി. ഏറെ നാള്‍ക്ക് ശേഷമാണ് വെള്ളിയുടെ വിലയില്‍ ഇത്രയും വര്‍ധനവ് വരുന്നത്.
സ്വര്‍ണവില ഉയരാന്‍ കാരണം ഇതാണ്
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 71360 രൂപയായിരുന്നു. 70000 മുകളില്‍ പവന്‍ വില സ്ഥിരപ്പെട്ടു എന്നതാണ് ജൂണ്‍ മാസത്തില്‍ എടുത്തുപറയേണ്ട മാറ്റം. ഇനി വന്‍തോതിലുള്ള തിരിച്ചുപോക്ക് പ്രതീക്ഷിക്കേണ്ടതില്ല. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില വന്‍തോതില്‍ കൂടുകയാണ്. 3375 ഡോളറാണ് പുതിയ നിരക്ക്. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കാം.
ഡോളര്‍ മൂല്യം ഇടിഞ്ഞു വരുന്നത് സ്വര്‍ണവില കൂടാന്‍ പ്രധാന കാരണമാണ്. 98-99 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുക കൂടി ചെയ്താല്‍ ഇനിയും ഡോളര്‍ താഴേക്കുപോകും. മറ്റു കറന്‍സികള്‍ മൂല്യം ഉയരുന്നതിനാലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതും വില കൂടുന്നതും.
അതേസമയം, ഡോളര്‍ ഇടിയുന്നുണ്ടെങ്കിലും ഇന്ത്യന്‍ രൂപയ്ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്നില്ല. 86 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം. ചില ഘട്ടങ്ങളില്‍ അല്‍പ്പം മെച്ചപ്പെട്ട് 85.90 എന്ന നിരക്കിലേക്ക് എത്തുന്നുണ്ട്. വ്യാപാരം തുടരുന്നതിനാല്‍ വിനിമയ നിരക്കില്‍ ഇനിയും മാറ്റം പ്രതീക്ഷിക്കാം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 80000 രൂപയ്ക്ക് അടുത്ത് ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 71000 രൂപ വരെ കിട്ടിയേക്കും.
രൂപ മൂല്യം കുറയുന്ന അവസരത്തില്‍ പ്രവാസികളുടെ പണം കൂടുതലായി രാജ്യത്തേക്ക് വരുമെന്നാണ് കരുതുന്നത്. രൂപ മൂല്യം ഇടിയുമ്പോള്‍ വിദേശ കറന്‍സികളുടെ മലൂ്യം കൂടും. അതേസമയം, റിസര്‍വ് ബാങ്ക് നാളെ പലിശ നിരക്ക് കുറച്ചുകൊണ്ട് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ ഭവന-വാഹന വായ്പ എടുത്തുവര്‍ക്ക് ആശ്വാസമാകും.












Click it and Unblock the Notifications