സ്വര്‍ണവില തിരിച്ചുകയറി; ആ രാജ്യം വെട്ടിലായാല്‍ കാത്തിരിക്കുന്നത് വന്‍ കുതിപ്പ്? ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. വരും ദിവസങ്ങളിലും വില മുന്നേറ്റത്തിനാണ് സാധ്യത. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഇപ്പോള്‍ വില കൂടിക്കൊണ്ടിരിക്കുന്നത്. സ്വര്‍ണവില വൈകാതെ കുറയുമെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പുള്ള വാര്‍ത്ത. എന്നാല്‍ വെള്ളിയാഴ്ച റേറ്റിങ് ഏജന്‍സിയായ മുഡീസ് അമേരിക്കയുടെ റേറ്റിങ് കുറച്ചതാണ് സ്വര്‍ണവില കൂടാന്‍ കാരണം.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 73040 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 68880 രൂപയുമാണ്. പിന്നീടാണ് വില കൂടാന്‍ തുടങ്ങിയത്. വെള്ളിയാഴ്ച 69760 രൂപയായി ഉയര്‍ന്നു. ശനിയും ഞായറും ഇതേ വിലയില്‍ തുടര്‍ന്ന ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. ആഗോള വിപണിയില്‍ ഇന്ന് വില കൂടിയതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 70040 രൂപയാണ്. 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 8755 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ചു. വെള്ളിയുടെ വിലയില്‍ ഒരു രൂപ കുറഞ്ഞ ഗ്രാമിന് 107 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3212 ഡോളറായി. ഒരുവേള 3250ലേക്ക് അടുത്തിരുന്നു. എന്താണ് വില കൂടാനുള്ള കാരണം എന്നറിയുമോ?
അമേരിക്ക വെട്ടില്‍?
അന്തര്‍ദേശീയ റേറ്റിങ് ഏജന്‍സിയാണ് മൂഡിസ്. ഓരോ രാജ്യത്തിനും അവരുടെ സാമ്പത്തിക ശേഷി, കടം തിരിച്ചടവിനുള്ള കഴിവ്, ജിഡിപിയും വ്യാപാര കമ്മിയും പരിശോധിക്കല്‍ എന്നിവ നോക്കി മൂഡിസ് റേറ്റ് നിശ്ചയിക്കും. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം അമേരിക്കയുടെ റേറ്റിങ് മൂഡീസ് കുറച്ചു. എഎഎ എന്ന നിരക്കില്‍ നിന്ന് എഎ1 എന്ന നിരക്കിലേക്കാണ് കുറച്ചത്. ഇതോടെ അമേരിക്കയിലെ നിക്ഷേപകര്‍ ആശങ്കയിലാണ്.
അമേരിക്കയിലെ നിക്ഷേപങ്ങളില്‍ നിന്ന് കാര്യമായ വരുമാനം കിട്ടില്ല എന്ന പേടി നിക്ഷേപകര്‍ക്കുണ്ട്. മാത്രമല്ല, നിക്ഷേപകര്‍ പണം പിന്‍വലിച്ച് വിദേശ ഓഹരി വിപണികളില്‍ കേന്ദ്രീകരിച്ചേക്കാം. ഈ ആശങ്ക നിറഞ്ഞ സാഹചര്യമാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. കൂടുതല്‍ പേര്‍ വാങ്ങാന്‍ എത്തിയതോടെ സ്വര്‍ണവില കൂടി. മാത്രമല്ല, ഡോളര്‍ നിരക്കിലും മാറ്റം വന്നു.
അമേരിക്കന്‍ ഡോളര്‍ നിരക്ക് 101ല്‍ നിന്ന് 100ലേക്ക് ഇടിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും യൂറോ, പൗണ്ട്, യെന്‍, യുവാന്‍ ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന കറന്‍സികളുടെ മൂല്യം ഉയരാന്‍ ഇത് കാരണമാകും. ആ കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ ഏളുപ്പമാകുകയും ചെയ്യും. ഇതും കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുകയും വില കൂടാന്‍ ഇടയാക്കുകയും ചെയ്യും.
സ്വര്‍ണം വിറ്റാല്‍ എത്ര കിട്ടും?
ഡോളര്‍ ഇടിവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ മൂല്യം കാര്യമായി ഉയര്‍ന്നിട്ടില്ല. 85.59 എന്ന നിരക്കിലാണ് വ്യാപാരം. ഡോളര്‍ ഇനിയും ഇടിഞ്ഞാല്‍ രൂപ കരുത്ത് കൂട്ടിയേക്കും. അതേസമയം, ക്രൂഡ് ഓയില്‍ വിലയിലും നേരിയ ഇടിവ് വന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളറാണ് പുതിയ നിരക്ക്. സ്വര്‍ണ വില കൂടി വരുന്ന സാഹചര്യത്തില്‍ പഴയ സ്വര്‍ണം കൈവശമുള്ളവര്‍ വില്‍ക്കാന്‍ തയ്യാറായേക്കും.
പഴയ സ്വര്‍ണം ഒരു പവന് ഏറ്റവും കുറഞ്ഞത് 67000 രൂപ ലഭിക്കും. ഒരു പക്ഷേ ഇതിനേക്കാള്‍ കൂടിയ വിലയും ലഭിച്ചേക്കും. പഴയ ആഭരണം വില്‍ക്കുന്നവര്‍ വാങ്ങിയ ജ്വല്ലറിയില്‍ തന്നെ വില്‍ക്കുന്നതാണ് കൂടുതല്‍ മൂല്യം കിട്ടാന്‍ ഉചിതം. അതേസമയം, ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഒരു പവന് ഏകദേശം 76000 രൂപ ചെലവ് വന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്പോഴാണ് ഈ വിലയിലെത്തുക.












Click it and Unblock the Notifications