സ്വർണ വില മൂന്നാം ദിവസം ഇടിഞ്ഞു: ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിടാം, മാസത്തിലെ കുറഞ്ഞ നിരക്ക്
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എക്കാലത്തും ആളുകള്‍ക്ക് പ്രിയപ്പെട്ട വസ്തുവാണ് സ്വർണം. ഇന്ന് കാണുന്ന ഏതൊരു മാർഗ്ഗങ്ങളേക്കാളും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ആളുകള്‍ നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിന്റെ മഹത്വം മനസ്സിലാക്കിയിട്ടുണ്ട്. ഇന്നും ഒരു പ്രതിസന്ധി വരുമ്പോള്‍ മറ്റ് നിക്ഷേപങ്ങളെയെല്ലാം കൈവിട്ട് ആളുകള്‍ ഓടിയെത്തുന്നത് സ്വർണത്തിലേക്കാണ്.
സമീപകാലത്ത് സ്വർണ വിലയില്‍ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഹമാസ് - ഇസ്രായേല്‍ സംഘർഷം രൂക്ഷമായതോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വർണം വില വർധിക്കാന്‍ തുടങ്ങിയത്. ഇത് കേരള വിപണിയിലും പ്രതിഫലിച്ചതോടെ ഒക്ടോബർ മാസത്തില്‍ വില പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചു. എന്നാല്‍ നവംബറിലേക്ക് കടന്നതോടെ സ്വർണ വിപണയില്‍ നിന്നും ആശ്വാസത്തിന്റെ വാർത്തകളാണ് വരുന്നത്.

തുടർച്ചയായ മൂന്നാം ദിവസവും സ്വർണത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തില്‍ ഇന്ന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 45000 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. 45080 ആയിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5625 എന്നതാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസം 120 രൂപയും ശനിയാഴ്ച 80 രൂപയുടേയും ഇടിവ് സ്വർണ വിലയിലുണ്ടായി. ഇതോടെ മൂന്ന് ദിവസം കൊണ്ട് 380 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് സമാനമായ 24 കാരറ്റ്, 18 കാരറ്റ് എന്നിവയിലും ഇടിവുണ്ടായിട്ടുണ്ട്. 24 കാരറ്റിന് 88 രൂപ കുറഞ്ഞ് വില പവന് 49088 രൂപയുമായി. 18 കാരറ്റ് സ്വർണില്‍ 64 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് 36816 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 36880 രൂപയായിരുന്നു.
ഈ മാസത്തെ ഏഴ് ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. നവംബർ ഒന്നാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു 45120 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം വിപണി ആരംഭിച്ചത്. എന്നാല്‍ നവംബർ 2 നും 3 നും 80 രൂപ വീതം ഉയർന്ന് വിപണി വില 45280 രൂപയിലെത്തി. നവംബർ 4 ന് വിലയില്‍ 80 രൂപയുടെ കുറവുണ്ടായതോടെ വില വീണ്ടും 45200 ലെത്തി. ഇവിടെ നിന്നും രണ്ട് ദിവസം കൊണ്ട് വിലയില്‍ 200 രൂപയുടെ കുറവുണ്ടായിരിക്കുകയാണ്.
ഒക്ടോബർ 29 നായിരുന്നു സ്വർണ വില കേരളത്തിലെ സർവ്വകാല റെക്കോർഡില്‍ എത്തിയത്. ഒരു പവന് 45920 എന്ന കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത നിരക്കിലായിരുന്നു അന്നത്തെ വില്‍പ്പന. ഒക്ടോബർ 29 നും ഈ നിലയില്‍ വില തുടർന്നു. ഒക്ടോബർ മാസം ഒന്നാം തിയത് 42680 രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വിപണി ആരംഭിച്ചത്. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം അഞ്ചാം തിയതി വില 41960 എന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.












Click it and Unblock the Notifications