സ്വര്‍ണവില വര്‍ധിച്ചു; ട്രംപ് പിന്മാറിയിട്ടും സ്വര്‍ണം മുന്നോട്ട്, ഇന്ന് പണി തന്നത് ഇതാണ്, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ കാര്യമായ വില മാറ്റമുണ്ടായിട്ടില്ല. സാധാരണ ആഗോള വിപണിയില്‍ വില കൂടുമ്പോഴാണ് കേരളത്തില്‍ വില ഉയരുക. എന്നാല്‍ ഇന്ന് ആഗോള വിപണിയില്‍ വിലമാറ്റം സംഭവിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ വില കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇന്ന് സ്വര്‍ണവില കൂടാനുള്ള കാരണമായി പറയുന്നത് രൂപയുടെ മൂല്യവ്യത്യാസമാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് പിന്നാക്കം പോയിട്ടുണ്ട്. ജിസിസി രാജ്യങ്ങളുടെ കടുത്ത സമ്മര്‍ദ്ദം കാരണം ട്രംപ് പിന്മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വലിയ ആശങ്ക ഒഴിവായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കൂടുന്നതിന് കാരണമായി പറഞ്ഞ ഒന്ന് യുഎസ്-ഇറാന്‍ പോര് ആയിരുന്നു. പ്രശ്‌നം രമ്യതയിലേക്ക് എത്തിയിട്ടും സ്വര്‍ണവില ഉയരുകയാണ് ചെയുന്നത്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13180 രൂപയായി. പവന് 280 രൂപ ഉയര്‍ന്ന് 105440 രൂപയിലെത്തി. വീണ്ടും 1.05 ലക്ഷം കടന്ന് കുതിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. മാത്രമല്ല, വെള്ളിയുടെ വില വലിയ കുതിപ്പാണ് നടത്തുന്നത്. ഇന്ന് ഗ്രാമിന് 295 രൂപയായി. പത്ത് ഗ്രാമിന് 2950 രൂപയുമായി. എല്ലാ ദിവസവും വെള്ളി വില വലിയ തോതില്‍ ഉയരുന്നുണ്ട്.
സ്വര്‍ണവില കൂടിയത് കാരണം ആഭരണം വാങ്ങുന്നവര്‍ താഴ്ന്ന കാരറ്റ് സ്വര്‍ണത്തെയാണ് ആശ്രയിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10835 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 86680 രൂപയും. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8435 രൂപയും എട്ട് ഗ്രാമിന് 67480 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5440 രൂപയും എട്ട് ഗ്രാമിന് 43520 രൂപയുമായി.
താഴ്ന്ന കാരറ്റില്‍ സ്വര്‍ണം എത്രയുണ്ട്?
22 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണവും കോയിനുകളും ലഭ്യമാണ്. മറ്റു താഴ്ന്ന കാരറ്റുകളില്‍ ആഭരണം മാത്രമാണ് ലഭിക്കുക. കോയിനോ ബാറോ കിട്ടില്ല. ബാങ്കുകളില്‍ വായ്പക്ക് വേണ്ടി 22 കാരറ്റ് സ്വര്‍ണവും കോയിനും മാത്രമാണ് സ്വീകരിക്കുക. താഴ്ന്ന കാരറ്റ് സ്വര്‍ണം സ്വീകരിക്കില്ല. ആഭരണം മാത്രമായി ലക്ഷ്യമിടുന്നവര്‍ക്ക് താഴ്ന്ന കാരറ്റ് മതിയാകും. താരതമ്യേന വില കുറഞ്ഞ ആഭരണം വാങ്ങാം.
24 കാരറ്റ് സ്വര്‍ണം എന്നത് സമ്പൂര്‍ണ സ്വര്‍ണമാണ്. മറ്റു ലോഹങ്ങളുടെ അംശം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ആഭരണ നിര്‍മാണത്തിന് സാധിക്കുകയുമില്ല. എന്നാല്‍ 22 കാരറ്റില്‍ 91.6 ശതമാനമാണ് സ്വര്‍ണം. ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള മറ്റു ലോഹങ്ങള്‍ ആയിരിക്കും. 18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണം. 14 കാരറ്റില്‍ 58 ശതമാനവും 9 കാരറ്റില്‍ 37 ശതമാനവുമാണ് സ്വര്‍ണം.
താഴ്ന്ന കാരറ്റ് സ്വര്‍ണം ആഭരണത്തിന് വേണ്ടി പലരും ആശ്രയിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. സ്വര്‍ണത്തിന്റെ അംശം കുറവായാതിനാല്‍ ആണിത്. മാത്രമല്ല, ഉയര്‍ന്ന പണിക്കൂലിയാണ് താഴ്ന്ന കാരറ്റ് ആഭരണങ്ങള്‍ക്ക് ഈടാക്കുന്നത് എന്നതും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില 4595 ഡോളറാണ്. ഡോളര്‍ സൂചിക 99.38 ആയി ഉയര്‍ന്നു. രൂപയുടെ മൂല്യം 90.74 ആയി ഇടിഞ്ഞു.












Click it and Unblock the Notifications