സ്വർണ വില താഴേക്ക്: റെക്കോർഡ് നിരക്കില്‍ നിന്നും രണ്ടാം ദിവസവും വില ഇടിഞ്ഞു
മാർച്ച് മാസത്തില്‍ സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. പവന് അമ്പതിനായിരം എന്ന നിരക്കിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്നും ഇന്നലെയുമായി ആശ്വാസമെന്നോണം വിലയില്‍ നേരിയ ഇടിവുണ്ടായിരിക്കുന്നത്.
22 കാരറ്റിന് ഗ്രാമിന് 6125 രൂപയാണ് ഇന്നത്തെ സ്വർണ വില. പവന് 80 രൂപ കുറഞ്ഞ് 49000 രൂപയുമായി. കഴിഞ്ഞദിവസം പവന് 49,080 രൂപയായരുന്നു. ഇന്ന് 80 രൂപ കുറഞ്ഞതോടെയാണ് വില 49000 ത്തിലേക്ക് എത്തിയത്. നേരിയതാണെങ്കിലും സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഇന്നത്തെ വിലക്കുറവ്.

22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും ഏർപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റിന് പവന് 88 രൂപ കുറഞ്ഞ് വില ഇന്നലത്തെ നിരക്കായ 53664 എന്നതില്‍ നിന്നും 53576 ലേക്ക് എത്തി. ഗ്രാമിന്റെ വില 6697 രുപയാണ്. 18 കാരറ്റിന് പവന് 64 രൂപ കുറഞ്ഞ് വില 40,256 ല്‍ നിന്നും 40,192 ലേക്ക് എത്തി.
വില കുറഞ്ഞെങ്കിലും 49,000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും വില എന്നതാണ് ആശങ്ക. കഴിഞ്ഞ ദിവസവും പവന് 360 രൂപ കുറഞ്ഞിരുന്നു. ഇതോടെയാണ് വില റെക്കോർഡ് നിരക്കില്‍ നിന്നും വില താഴേക്ക് വന്നത്. അന്താരാഷ്ട്ര തലത്തിൽ ഇടിവിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ഇതാണ് വില കുറയാന്‍ കാരണമായത്. ട്രോയ് ഔൺസിന് 16.05 ഡോളർ (0.74%) താഴ്ന്ന് 2165.64 ഡോളർ എന്നതാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്നതിനെ തുടർന്നുണ്ടായ ലാഭമെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത്തരത്തിൽ ലാഭമെടുപ്പ് നടക്കുന്നത് സ്വർണ്ണവില കുറയാൻ കാരണമായേക്കും. ഇത് തുടരുകയാണെങ്കില്‍ അടുത്ത ദിവസങ്ങളിലും വില കുറയും. ലാഭമെടുപ്പ് അവസാനിച്ചാല്‍ വില വീണ്ടും മുന്നോട്ട് കുതിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ചരിത്രത്തിൽ തന്നെ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമായിരുന്നു മാർച്ച്. 46320 രൂപയായിരുന്നു മാർച്ച് തുടക്കത്തിലെ സ്വർണ വിലയെങ്കില്‍ ഏഴാം തീയ്യതി ആകുമ്പോഴേക്കും വില 48,000 രൂപയും കടന്നു. ഈ വിലയാണ് വ്യാഴാഴ്ച 49,000 രൂപയിലേക്ക് കുതിച്ചത്. 49440 രൂപയായിരുന്നു അന്നത്തെ നിരക്ക്. സംസ്ഥാന ചരിത്രത്തില്‍ സ്വർണത്തിന് ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെ..












Click it and Unblock the Notifications