സ്വര്‍ണം ഫസ്റ്റ് ഗിയറില്‍; വീണ്ടും വില കൂടാന്‍ തുടങ്ങി, തിരിച്ചടിക്ക് കാരണം ഇതാണ്, പവന്‍ വില
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്നുവന്നിരുന്ന സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കൂടിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. വിപണിയില്‍ വ്യാപാര പോര് തീര്‍ന്നിട്ടില്ലെന്നും ഉടന്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്നുമുള്ള സൂചനകള്‍ ലഭിച്ചതും സ്വര്‍ണ വില കൂടാന്‍ കാരണമായി.
ഇന്ന് സ്വര്‍ണവില വലിയ തോതില്‍ ഉയര്‍ന്നിട്ടില്ല. എന്നാല്‍ ഇതേ സാധ്യതകള്‍ വിപണിയില്‍ നിലനിന്നാല്‍ വില തുടര്‍ച്ചയായി വര്‍ധിക്കും. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് ഉചിതം. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടാനുള്ള വഴി ഇതാണ്. അതേസമയം, സ്വര്‍ണം വാങ്ങുന്ന രീതികളില്‍ വലിയ മാറ്റം വിപണിയില്‍ പ്രകടമായിട്ടുണ്ട്.

വിദേശ സിനിമകള്‍ക്കെതിരെ അമേരിക്കയില്‍ 100 ശതമാനം നികുതി ചുമത്താന്‍ ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ വ്യാപാര രംഗത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷ ഇല്ലാതായി. മാത്രമല്ല, ചൈനയുമായി അമേരിക്ക ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നത് വൈകുമെന്നാണ് സൂചനകള്‍. അമേരിക്കയില്‍ പലിശ നിരക്ക് സംബന്ധിച്ച് ബുധനാഴ്ച ഫെഡറല്‍ റിസര്‍വ് തീരുമാനം കൈക്കൊള്ളും.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 70200 രൂപയാണ് വില. 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 8775 എന്ന നിരക്കിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7200 ആയി. വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസമാണ്. ഗ്രാമിന് 107 ആയിട്ടാണ് താഴ്ന്നിട്ടുള്ളത്. അതേസമയം, അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3255 രൂപയായി ഉയര്‍ന്നു.
സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണം ഇതാണ്
വിപണിയില്‍ അസ്ഥിരത ശക്തിപ്പെടുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുത്തനെ വര്‍ധിപ്പിച്ചു. ജൂണ്‍ മുതല്‍ ഓരോ ദിവസവും 4.11 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കും.
എണ്ണ അധികമായി വിപണിയില്‍ എത്തുന്നതോടെ ചെറുകിട ഉല്‍പ്പാദക രാജ്യങ്ങള്‍ തകരും. അമേരിക്കയിലെ ഷെയ്ല്‍ എണ്ണ ഉല്‍പ്പാദകര്‍ക്കും തിരിച്ചടിയാണ്. പ്രബലരായ ഉല്‍പ്പാദകര്‍ വിപണി കൈയ്യടക്കുന്ന സാഹചര്യം വരും. ഇത് അസന്തുലിതമായ വലിയ പ്രതിസന്ധി വിവിധ രാജ്യങ്ങളില്‍ സൃഷ്ടിക്കും. നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന സാഹചര്യമാണിത്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുകയും വില കൂടുകയും ചെയ്‌തേക്കാം.
ഡോളര്‍ മൂല്യം കുത്തനെ ഇടിയുകയാണ്. ഡോളര്‍ സൂചിക വീണ്ടും 99 എന്ന നിരക്കിലെത്തി. രണ്ട് മാസം മുമ്പ് 110ലുണ്ടായിരുന്ന ഡോളറാണ് ഇപ്പോള്‍ 100ല്‍ താഴേക്ക് വീണിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു കറന്‍സികള്‍ക്ക് കരുത്ത് കൂടി. അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് അധികരിച്ചതിനാല്‍ സ്വര്‍ണവില വരും ദിവസങ്ങളില്‍ ശക്തിപ്പെടും.
അമേരിക്ക ഇറാനെതിരെ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത് വിപണിക്ക് ആശങ്കയാണ്. ഇസ്രായേലിനെതിരെ ഹൂത്തികള്‍ നടത്തിയ ആക്രമണവും നിക്ഷേപത്തിന് തിരിച്ചടിയാണ്. അമേരിക്കന്‍ ചരക്കുകള്‍ ചെങ്കടലില്‍ തടയുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ പാകിസ്താന്‍ പോരില്‍ അയവ് വരുമോ എന്ന് പറയാറായിട്ടില്ല.
ഇതെല്ലാം വിപണിയില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആശങ്ക വ്യാപിക്കുമ്പോള്‍ നിക്ഷേപകര്‍ നഷ്ടംവരാത്ത ഇടപാട് എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില കൂടുകയും ചെയ്യും. ക്രൂഡ് ഓയില്‍ വില 59 ഡോളറിലേക്ക് താഴ്ന്നതും വിപണിയിലെ പ്രധാന ചര്‍ച്ചയാണ്. ഉല്‍പ്പാദനം കൂടിയതിനാല്‍ ഇനിയും എണ്ണവില താഴ്‌ന്നേക്കും.












Click it and Unblock the Notifications