അക്ഷയ തൃതീയ നാളെ; സ്വർണ വില കുറയുമോ? ഇന്നത്തെ വില വിവരങ്ങൾ അറിയാം
മാർച്ചിലായിരുന്നു സംസ്ഥാനത്ത് സ്വർണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില രേഖപ്പെടുത്തിയത്. വൈകാതെ തന്നെ വില 55,000ത്തിലേക്ക് അടുത്തു. എപ്രിൽ 19 ന് 54,500 രൂപയായിരുന്നു വില. സർവ്വകാല റെക്കോഡായിരുന്നു ഇത്. അന്താരാഷ്ട്ര വിപണയിലെ സ്വർണവിലയിൽ ഉണ്ടാകുമെന്ന മാറ്റമാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്.
വില കുറഞ്ഞ് സ്വർണം വാങ്ങാമെന്ന് കാത്തിരിക്കുന്നവർക്ക് അൽപം ആശ്വാസം നൽകിയായിരുന്നു ഈ മാസത്തെ സ്വർണ വിപണി തുടങ്ങിയത്. മെയ് ഒന്നിന് 800 രൂപ ഇടിഞ്ഞ് 52440 രൂപയായിരുന്നു പവന് വില. എന്നാൽ അടുത്ത ദിവസം വീണ്ടും സ്വർണ പ്രേമികളെ നിരാശപ്പെടുത്തി പവന് വില 53,000 ആയി. തുടർന്നുള്ള ദിവസങ്ങളിൽ 52,600, 52,680,52,840 എന്നിങ്ങനെയായിരുന്നു പവന് വില. മെയ് 7 ന് വീണ്ടും വില വർധിച്ച് 53,080 രൂപയായി. ബുധനാഴ്ച 53,000 ആയിരുന്നു പവന് വില രേഖപ്പെടുത്തിയത്.

ഇന്ന് വില അൽപം കുറഞ്ഞെങ്കിലും വിലയിൽ ആശ്വസിക്കാനുള്ള ഒരു വകയും ഉണ്ടായിട്ടില്ല. വില 53,000ത്തിൽ താഴെ എത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 80 രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായത്. നിലവിൽ ഒരു പവന് 52,920 രൂപയാണ് വില. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 6615 രൂപയാണ്. അതായത് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 58,000ത്തോളം രൂപയെങ്കിലും നൽകേണ്ടി വരുമെന്ന് സാരം. കാരണം പണിക്കൂലിയും ജി എസ് ടിയുമെല്ലാം ഇക്കൂട്ടത്തിൽ പിടിക്കും. നിലനിൽ 5 ശതമാനമാണ് പണിക്കൂലി, കൂടാതെ ജി എസ് ടി മൂന്ന് ശതമാനവും.
ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ' (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. നാളെ അക്ഷയ തൃതീയ ദിനമാണ്. പവന് വില കുതിച്ചെങ്കിലും സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടില്ലെന്നാണ് ജ്വല്ലറികൾ പറയുന്നത്. ഒരു തരി സ്വർണമെങ്കി്ലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർ തീർച്ചയായും നാളെ ജ്വല്ലറിയിൽ എത്തുമെന്നാണ് കടക്കാരുടെ പ്രതീക്ഷ.












Click it and Unblock the Notifications