സ്വര്‍ണവില ഇന്നും കുതിച്ചു; ഇനി ഈ സ്വര്‍ണം വാങ്ങാം, ഞെട്ടിച്ചത് വെള്ളി, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് നിരക്കില്‍. 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച രാവിലെ കുറയുകയും ഉച്ചയ്ക്ക് ശേഷം ഉയരുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്. ഇന്ന് സ്വര്‍ണത്തേക്കാള്‍ തിളങ്ങുന്നത് വെള്ളിയാണ്. വെള്ളിയുടെ വില കുത്തനെ വര്‍ധിച്ചു. ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയുടെ വില ഉയരുമ്പോള്‍ സ്വര്‍ണാഭരണങ്ങളുടെ വിലയെ ബാധിക്കും. ആഭരണത്തില്‍ ഉപയോഗിക്കുന്ന ചില കല്ലുകളും മറ്റും വെള്ളിയുടേത് കൂടിയാണ്. മാത്രമല്ല, കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങളില്‍ വെള്ളിയുടെ അംശവും ഉള്‍പ്പെടും. അതും ആഭരണങ്ങള്‍ക്ക് വില കൂടാന്‍ കാരണമാകും. വില കുറഞ്ഞ കാരറ്റുകളെയാണ് ആഭരണത്തിന് വേണ്ടി മിക്കവരും ആശ്രയിക്കുന്നത്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 91120 രൂപയാണ് വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11390 രൂപയായി. ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില 9365 രൂപയാണ്. വെള്ളിയുടെ ഗ്രാം വില 8 രൂപ വര്‍ധിച്ച് 175 രൂപയായി. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയും ഒരു ദിവസത്തെ വന്‍ വര്‍ധനവുമാണിത്.
അതേസമയം, വില കുറഞ്ഞ സ്വര്‍ണമാണ് താല്‍പ്പര്യമെങ്കില്‍ 14 കാരറ്റ് മതിയാകും. 7285 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഇതിനേക്കാള്‍ വില കുറയും. 4690 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റില്‍ 58 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമാണ്. 9 കാരറ്റില്‍ 37 ശതമാനാമാണ് സ്വര്‍ണം. ബാക്കി മറ്റു ലോഹങ്ങളാണ്.
10 ദിവസത്തിനിടെ 4500 രൂപ കൂടി
രാജ്യാന്തര വിപണിയില്‍ ഇന്നലെ ഉയര്‍ന്ന പോലെ ഇന്ന് സ്വര്‍ണവില വര്‍ധിക്കുന്നില്ല. നേരിയ കുറവുണ്ട്. 4018 ഡോളറാണ് പുതിയ നിരക്ക്. ഇനിയും കുറയുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ സ്വര്‍ണവില കേരളത്തില്‍ ഇടിഞ്ഞേക്കും. ഡോളര്‍ സൂചിക 98.85 എന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം 88.72 ആയി. ഡോളര്‍-രൂപ മൂല്യം കൂടി പരിശോധിച്ചാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു. അതില്‍ നിന്ന് 4560 രൂപ കൂടുതലാണ് ഇന്ന്. അതായത്, ഈ മാസം ആദ്യത്തില്‍ വാങ്ങിയവര്‍ക്ക് ഇത്രയും രൂപ ലാഭമാണ്. മാത്രമല്ല, പത്ത് ദിവസത്തിനിടെ 4500 രൂപ വര്‍ധിച്ചു എന്നതും ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടതാണ്. സെപ്തംബറില്‍ 9000 രൂപ വര്‍ധിച്ചിരുന്നു.
അതേസമയം, ക്രൂഡ് ഓയില്‍ ഇടിയുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഇത് ഇന്ത്യയ്ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 62 ഡോളര്‍ ആണ് പുതിയ വില. ഈ വര്‍ഷം 81 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് ഇത്രയും കുറഞ്ഞിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ 52 ഡോളറിലേക്ക് ഇടിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറഞ്ഞേക്കും.












Click it and Unblock the Notifications