സ്വർണ വില കേരളത്തിൽ പവന് 50,000ത്തിലേക്ക് വീഴുമോ? അനലിസ്റ്റുകൾ പറയുന്നത് മറ്റൊരു കണക്ക്..കൈ പൊള്ളും
സ്വർണവില കണ്ട് അമ്പരന്ന് നിൽക്കുകയാണ് ആഭരണപ്രേമികൾ. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 81,040 രൂപയാണ്. 22 കാരറ്റ് ഒരു ഗ്രാമിന് നിരക്ക് 10,130 രൂപ.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,052 രൂപയും പവന് 88,415 രൂപയുമാണ് നിരക്ക്.18 കാരറ്റിന് ഒരു ഗ്രാമിന് 8,289 രൂപയും പവന് 66,312 രൂപയുമാണ് നിരക്ക്.
കഴിഞ്ഞ 10 ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വർണവിലയിൽ ഉണ്ടായത് 3400 രൂപയുടെ വർധനവാണ്. ആഗോള വിപണിയിൽ വില കുതിക്കുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. 2025 ന്റെ തുടക്കത്തിൽ ഔൺസിന് 2500 ഡോളറിനടുത്തായിരുന്നു ആഗോള വിപണയിലെ സ്വർണ വില. എന്നാൽ നിലവിൽ വില 3600 ഡോളർ കടന്നു.
നിലവിൽ സ്പോട്ട് ഗോൾഡ് വില 0.8% ഉയർന്ന് ഔൺസിന് 3,655.77 ഡോളറിലെത്തി നിൽക്കുകയാണ്. ചൊവ്വാഴ്ച ഇത് 3,673.95 ഡോളർ എന്ന റെക്കോർഡ് ഉയരം രേഖപ്പെടുത്തിയിരുന്നു. ഡിസംബറിലെ യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.3% വർധിച്ച് 3,694.60 ഡോളറിലെത്തി.

അതേസമയം ഇവിടം കൊണ്ടൊന്നും വില വർധനവിന് ബ്രേക്ക് വീഴില്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഈ വർഷം അവസാനത്തോടെ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 3,800 ഡോളറിലെത്തുമെന്നും, 2026-ഓടെ ഇത് 4,000 ഡോളർ എന്ന നിരക്ക് കടക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്. യുഎസ് പലിശ നിരക്കുകൾ കുറയ്ക്കുമെോയെന്നതാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നത്. നേരിയ കുറവ് പോലും സ്വർണ വിലയിൽ പ്രതിഫലിക്കും.
വർഷാവസാനത്തോടെ സ്വർണവില ഔൺസിന് 3,800 ഡോളറായി ഉയരുമെന്നാണ്
എഎൻസെഡ് ഗ്രൂപ്പ് പ്രവചിക്കുന്നത്. അടുത്ത ജൂണോടുകൂടി ഇത് 4,000 ഡോളറിനടുത്ത് എത്തുമെന്നും ഇവർ പറയുന്നു. യുഎസ് തൊഴിൽ വിപണിയിലെ കുറഞ്ഞ കണക്കുകൾ ഡോളറിനെ ദുർബലമാക്കിയതിനാൽ, ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് സ്വർണ്ണത്തിന്റെ വിലവർദ്ധനവിന് കാരണമെന്ന് ആക്ടിവ്ട്രേഡ്സിലെ സീനിയർ അനലിസ്റ്റ് റിക്കാർഡോ ഇവാഞ്ചലിസ്റ്റ പറഞ്ഞു.
ഈ വർഷം സ്വർണ്ണവിലയിൽ 39 ശതമാനം വർദ്ധനവുണ്ടായി. 2024-ൽ ഇത് 27 ശതമാനം ആയിരുന്നു. ഡോളറിന്റെ വിലയിടിവ്, സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങുന്നത്, അനുകൂലമായ ധനനയങ്ങൾ, ആഗോള അനിശ്ചിതത്വങ്ങൾ എന്നിവയാണ് ഈ വർദ്ധനവിന് പിന്നിൽ. യുഎസിലെ തൊഴിൽ മേഖലയിലെ മാറ്റങ്ങൾ സാമ്പത്തിക അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ സ്വർണത്തിന്റെ പ്രാധാന്യം ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഉറപ്പിക്കുന്നുവെന്ന് സ്വതന്ത്ര അനലിസ്റ്റ് റോസ് നോർമൻ അഭിപ്രായപ്പെട്ടു.
അതേസമയം സ്വർണ വില ഔൺസിന് 5000 ഡോളർ വരെ തൊടുമെന്നാണ് ക്ഷേപ-ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത്. ഡിസംബറോടെ വില 3700 ൽ എത്തുമെന്നും 2026 പകുതിയോടെ വില 4000ത്തിനും 4500 ഡോളറിനും ഇടയിൽ വരുമെന്നും വർഷാവസാനം വില 5000തൊടുമെന്നുമാണ് പ്രവചനം.
കേരളത്തിൽ സ്വർണ വില എത്രയാകും?
രാജ്യാന്തര വില 3600 ഡോളറിലെത്തിയപ്പോൾ കേരളത്തിൽ സ്വർണ വില 81,000തൊട്ടു. അപ്പോൾ 5000 ഡോളറിൽ വില എത്തുമ്പോൾ കേരളത്തിൽ എത്രയായിരിക്കും പവന് വില? വൈകാതെ സ്വർണ വില 50,000ത്തിലേക്ക് വീഴുമെന്നൊക്കെ നേരത്തേ പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും വില 5000 ഡോളറിലേക്ക് എത്തിയാൽ കേരളത്തിൽ വില ഒരു ലക്ഷത്തിന് മുകളിൽ തൊടും. ഞെട്ടേണ്ട, പവന് വില മാത്രമാണിത്. ജി എസ് ടി യും പണിക്കൂലിയുമെല്ലാം ചേർത്ത് ഇതിൽ കൂടുതൽ നൽകേണ്ടി വരും. അതായത് സാധരണക്കാരനെ സംബന്ധിച്ച് സ്വർണം കൈപൊള്ളിക്കും. ഇനി നിക്ഷേപ ലക്ഷ്യമുള്ളവരാണെങ്കിൽ ഭാവിയിലെ മികച്ച നിക്ഷേപം സ്വർണം തന്നെയായിരിക്കും. പക്ഷെ അതൊരിക്കലും ആഭരണമല്ല കേട്ടോ.












Click it and Unblock the Notifications